യുഎഇയിലെ ആമസോണിന്റെ ഡേറ്റാ സെന്ററിനുനേരെ ആക്രമണമെന്ന് സൂചന. അജ്ഞാതവസ്തു പതിച്ചതിനെ തുടർന്ന് തീപ്പിടിത്തം ഉണ്ടായതോടെ കേന്ദ്രത്തിന്റെ പ്രവർത്തനം നിർത്തിവെച്ചതായി ആമസോണിന്റെ ക്ലൗഡ് കമ്പ്യൂട്ടിംഗ് വിഭാഗമായ അമേസോൺ വെബ് സർവീസസ് (AWS) അറിയിച്ചതായി മാധ്യമങ്ങൾ റിപ്പോർട്ടുചെയ്തു. ഡേറ്റാ സെന്ററിലേക്കുള്ള വൈദ്യുതി വിതരണം താത്കാലികമായി വിച്ഛേദിച്ചിട്ടുണ്ട്.
ഇറാനിൽ നിന്നുള്ള മിസൈൽ – ഡ്രോൺ ആക്രമണങ്ങൾ യുഎഇ നേരിടുന്നതിനിടെയാണ് ഈ സംഭവം. അമേരിക്കയും ഇസ്രായേലും ഇറാനിൽ നടത്തിയ ആക്രമണങ്ങളെ തുടർന്നാണ് യുഎഇ അടക്കമുള്ള രാജ്യങ്ങൾക്കെതിരെ ഇറാനിൽനിന്ന് തിരിച്ചടി ഉണ്ടാകുന്നത്. ഇതോടെ പശ്ചിമേഷ്യയിൽ ഭീതി പടരുകയും യുഎഇയിലെയും അയൽരാജ്യങ്ങളിലെയും വിമാനത്താവളങ്ങൾ, തുറമുഖങ്ങൾ, താമസസ്ഥലങ്ങൾ എന്നിവയ്ക്ക് കേടുപാടുകൾ സംഭവിക്കുകയും ചെയ്തിരുന്നു.
ഡേറ്റാ സെന്ററിന്റെ പ്രവർത്തനം നിർത്തിവെക്കേണ്ടിവന്ന സംഭവവുമായി ആക്രമണങ്ങൾക്ക് എന്തെങ്കിലും ബന്ധമുണ്ടോ എന്ന് സ്ഥിരീകരിക്കാനോ നിഷേധിക്കാനോ AWS തയ്യാറായിട്ടില്ല. പുലർച്ചെ 4:30-ഓടെയാണ് ആക്രമണം ഉണ്ടായതെന്നാണ് സൂചന. തുടർന്ന് തീപ്പൊരിയും തീയും ഉണ്ടായതായി റോയിട്ടേഴ്സ് വാർത്താ ഏജൻസി AWS വൃത്തങ്ങളെ ഉദ്ധരിച്ച് റിപ്പോർട്ട് ചെയ്തു. ഒന്നിലധികം ഡാറ്റാ സെന്ററുകൾ സ്ഥാപിച്ചിട്ടുള്ള അവൈലബിലിറ്റി സോണിലാണ് ആക്രമണം ഉണ്ടായതെന്നാണ് വിവരം. സേവന തടസം ഒഴിവാക്കാൻ ക്ഷ്യമിട്ടാണ് ഇത്തരത്തിൽ ഒന്നിലധികം ഡാറ്റാ സെന്ററുകൾ കമ്പനികൾ സ്ഥാപിക്കുന്നത്.
തീ കെടുത്താനുള്ള ശ്രമത്തിന്റെ ഭാഗമായി പ്രാദേശിക അഗ്‌നിശമന സേന വൈദ്യുതി വിച്ഛേദിച്ചു. മണിക്കൂറുകൾക്ക് ശേഷം മാത്രമെ പ്രവർത്തനം പുനഃസ്ഥാപിക്കാൻ കഴിയൂ എന്നാണ് സൂചന. യുഎഇയിലെ മറ്റ് ഡേറ്റാ സെന്ററുകൾ തടസമില്ലാതെ പ്രവർത്തിക്കുന്നുണ്ടെന്നും കമ്പനി വ്യക്തമാക്കിയിട്ടുണ്ട്. സാഹചര്യം വിലയിരുത്തുകയാണെന്നും ഡേറ്റാ സെന്ററിന്റെ പ്രവർത്തനം പുനരാരംഭിക്കുന്നതിനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണെന്നും കമ്പനി പറയുന്നു.



