ന്യൂഡൽഹി : ജിദ്ദ, മസ്കത്ത് എന്നിവിടങ്ങളിലേക്കുള്ള സർവീസ് എയർ ഇന്ത്യയും എയർ ഇന്ത്യ എക്സ്പ്രസും പുനരാരംഭിച്ചു. സൗദി, ഒമാൻ വ്യോമമേഖല തുറന്ന പശ്ചാത്തലത്തിലാണ് ഈ തീരുമാനം. കോഴിക്കോട്, മുംബൈ എന്നിവിടങ്ങളിൽ നിന്നും ദുബായിലേക്കും തിരിച്ചും വെള്ളിയാഴ്ച സർവീസുകളുണ്ടാവും.
കേരളത്തിൽനിന്നും വിവിധ സർവീസുകൾ വെള്ളിയാഴ്ച എയർ ഇന്ത്യ എക്സ്പ്രസ് നടത്തും. റാസൽഖൈമയിലേക്കു കൊച്ചിയിൽനിന്നും എയർ ഇന്ത്യ എക്സ്പ്രസ് സർവീസ് നടത്തും. അതേസമയം മസ്കത്തിലേക്ക് കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം വിമാനത്താവളത്തിൽനിന്നും സർവീസുണ്ടാകും. ദുബായിൽനിന്നും ഡൽഹിയിലേക്കും മുംബൈയിലേക്കും എയർ ഇന്ത്യയുടെ സർവീസുണ്ടാകും.
ഇൻഡിഗോയും സർവീസുകളുടെ എണ്ണം കുത്തനെ വർധിപ്പിച്ചിട്ടുണ്ട്. ഇന്ത്യയിൽനിന്നും ഗൾഫിലെ 8 വിമാനത്താവളങ്ങളിലേക്ക് 34 സർവീസുകളാണ് വെള്ളിയാഴ്ച ഷെഡ്യൂൾ ചെയ്തിട്ടുള്ളത്. ജിദ്ദ-കോഴിക്കോട്, കൊച്ചി-മസ്കത്ത് സർവീസുകൾ ഇതിലുണ്ട്.



