ആറന്മുള നിയമസഭാ മണ്ഡലത്തിൽ സ്ഥാനാർഥിയാകാനുള്ള കോൺഗ്രസ് നേതാവ് അബിൻ വർക്കിയുടെ നീക്കങ്ങൾക്കെതിരെ പാർട്ടിയിൽ പരസ്യമായ പ്രതിഷേധം ശക്തം. “അബിൻ വർക്കിയെ പത്തനംതിട്ടയിൽ വേണ്ട” എന്ന വാചകങ്ങളോടെ ആറന്മുള മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളിൽ വ്യാപകമായി പ്രതിഷേധ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടു.
ഡിസിസി ഓഫീസ്, പ്രസ് ക്ലബ് പരിസരം എന്നിവിടങ്ങളിലും ആറന്മുള, ഓമല്ലൂർ, ചെന്നീർക്കര, ഇലന്തൂർ, കോഴഞ്ചേരി തുടങ്ങിയ പ്രദേശങ്ങളിലുമാണ് പോസ്റ്ററുകൾ പതിച്ചിരിക്കുന്നത്. സ്ഥാനാർഥി മോഹവുമായി അബിൻ വർക്കി മണ്ഡലത്തിൽ സജീവമാകുന്നതിനിടെയാണ് ഈ നീക്കം. ഇത് അബിൻ വർക്കിക്ക് വലിയ തിരിച്ചടിയാണ് സൃഷ്ടിക്കുന്നത്.



