ലണ്ടൻ: ഇറാന്റെ രഹസ്യാന്വേഷണ വിഭാഗത്തിനായി ചാരപ്രവർത്തനം നടത്തിയെന്ന് സംശയിക്കുന്ന പത്തുപേരെ ലണ്ടനിൽ മെട്രോപൊളിറ്റൻ പൊലീസിന്റെ ഭീകരവിരുദ്ധ വിഭാഗം അറസ്റ്റ് ചെയ്തു. പശ്ചിമേഷ്യയിൽ ഇറാൻ–ഇസ്രയേൽ സംഘർഷം കൊടുമ്പിരിക്കൊള്ളുന്നതിനിടെ നടന്ന ഈ അറസ്റ്റ് അതീവ പ്രാധാന്യത്തോടെയാണ് ബ്രിട്ടിഷ് ഭരണകൂടം കാണുന്നത്.
വെള്ളിയാഴ്ച പുലർച്ചെ ഒരു മണിയോടെയാണ് ലണ്ടനിലെ വിവിധ ഇടങ്ങളിൽ ഒരേസമയം റെയ്ഡുകൾ നടന്നത്. വിദേശ രഹസ്യാന്വേഷണ ഏജൻസിയെ സഹായിച്ചതിന് നാലുപേരെയാണ് പ്രധാനമായും പിടികൂടിയത്. ഇതിൽ ഒരാൾ ഇറാൻ പൗരനും മൂന്നുപേർ ഇറാൻ–ബ്രിട്ടിഷ് ഇരട്ട പൗരത്വമുള്ളവരുമാണ്. ഹാരോയിലെ ഒരു വീട്ടിൽ നിന്ന് ആറ് പേരെ കൂടി പൊലീസ് കസ്റ്റഡിയിലെടുത്തു. കുറ്റവാളികളെ ഒളിവിൽ കഴിയാൻ സഹായിച്ചുവെന്നാണ് ഇവർക്കെതിരെയുള്ള കുറ്റം.
വാട്ട്‌ഫോർഡ്, ബാർനെറ്റ്, വെംബ്ലി എന്നിവിടങ്ങളിലെ വസതികളിൽ ഇപ്പോഴും പൊലീസ് പരിശോധന തുടരുകയാണ്. 2023ൽ ബ്രിട്ടൻ നടപ്പിലാക്കിയ പരിഷ്കരിച്ച നാഷനൽ സെക്യൂരിറ്റി ആക്ട് പ്രകാരമാണ് പ്രതികളെ പിടികൂടിയത്. വിദേശ രാജ്യങ്ങളുടെ ഇടപെടലുകൾ തടയുന്നതിനും ബ്രിട്ടന്റെ സുരക്ഷാ വിവരങ്ങൾ ചോർത്തുന്ന ചാരന്മാർക്കെതിരെ കർശന നടപടി സ്വീകരിക്കുന്നതിനുമാണ് ഈ നിയമം കൊണ്ടുവന്നത്.
പശ്ചിമേഷ്യയിൽ ഇറാന്റെ ആക്രമണങ്ങളെ അപലപിച്ചുകൊണ്ട് പ്രധാനമന്ത്രി കിയേർ സ്റ്റാമെർ നേരത്തെ രംഗത്തെത്തിയിരുന്നു. ഇറാനെ ഒരിക്കലും ആണവായുധങ്ങൾ വികസിപ്പിക്കാൻ അനുവദിക്കില്ലെന്നും പ്രധാനമന്ത്രി പ്രസ്താവനയിൽ വ്യക്തമാക്കി.



