ദുബൈ: ദുബൈയിൽ ഷെയറിങ് താമസത്തിന് പുതിയ നിയമം വരുന്നു. താമസ സ്ഥലങ്ങൾ ഷെയറിങിന് നൽകാൻ മുനിസിപ്പാലിറ്റിയുടെ മുൻകൂർ അനുമതി നിർബന്ധമാക്കും. കെട്ടിടത്തിന്റെ ഉടമക്കോ, ചുമതലപ്പെടുത്തുന്ന കമ്പനിക്കോ മാത്രമായിരിക്കും ഇതിന് അനുമതി ലഭിക്കുക.
താമസകെട്ടിടങ്ങളുടെ ദുരുപയോഗം ഒഴിവാക്കാനും, ആളുകൾ തിങ്ങി താമസിക്കുന്നത് ഒഴിവാക്കാനും ലക്ഷ്യമിട്ടാണ് പുതിയ നിയമം. ഈ നിയമപ്രകാരം താമസയൂണിറ്റുകൾ ഷെയറിങ് താമസത്തിന് വിട്ടുനൽകാൻ വ്യക്തികളും, സ്ഥാപനങ്ങളും മുൻകൂർ പെർമിറ്റ് നേടിയിരിക്കണം. ഒരു വർഷത്തേക്കും, രണ്ട് വർഷത്തേക്കും അനുമതി ലഭിക്കും. താമസ യൂണിറ്റിന്റെ ഉടമക്കും, അവർ ചുമതലപ്പെടുത്തുന്ന ലൈസൻസുള്ള റിയൽഎസ്റ്റേറ്റ് കമ്പനിക്കുമാണ് പെർമിറ്റ് ലഭിക്കുക. കെട്ടിടം വാടകക്കെടുത്തവർക്ക് സ്ഥലം മറ്റുവള്ളവർക്ക് മറിച്ച് വാടകക്ക് സബ് ലീസ് ചെയ്യാൻ അനുമതി ലഭിക്കില്ല.
സാങ്കേതിക സുരക്ഷാ സംവിധാനങ്ങളുള്ള താമസയൂണിറ്റുകൾ മാത്രമാണ് ഇത്തരത്തിൽ ഷെയറിങിന് വിട്ടുനൽകാൻ അനുമതി ലഭിക്കുക. നിയമം ലംഘിച്ചാൽ അഞ്ച് ലക്ഷം ദിർഹം വരെ പിഴ ലഭിക്കും. ഇതുസംബന്ധിച്ച തർക്കങ്ങൾ ദുബൈ റെന്റൽ ഡിസ്പ്യൂട്ട് സെന്ററാണ് തീർപ്പാക്കുക. നിലവിൽ ഷെയറിങ് താമസമുള്ള സ്ഥലങ്ങൾ നിയമപരമാക്കാൻ ഒരുവർഷം സമയം അനുവദിക്കുമെന്നും നിയമം വ്യക്തമാക്കുന്നു. തൊഴിലാളികൾ കൂട്ടത്തോടെ താമസിക്കുന്ന ലേബർക്യാമ്പുകൾ ഒഴികെയുള്ള താമസസ്ഥലങ്ങൾക്കെല്ലാം പുതിയ നിയമം ബാധകമായിരിക്കും.



