ആഗോളതലത്തിൽ ഏറ്റവും അധികം ആളുകൾ ഉപയോഗിക്കുന്ന മാപ്പിങ് പ്ലാറ്റ്ഫോമാണ് ഗൂഗിൾ മാപ്സ്. ഇപ്പോഴിതാ മാപ്സിൽ ഉപയോഗപ്രദമായ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അധിഷ്ഠിത ഫീച്ചർ അവതരിപ്പിക്കുകയാണ് ഗൂഗിൾ. ഇനി മുതൽ ഏതൊരു സ്ഥലത്തെ കുറിച്ചുമുള്ള ഏതു ചോദ്യത്തിനും ഗൂഗിൾ മാപ്പ് മറുപടി നൽകും. ജെമിനി അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന എഐ അധിഷ്ഠിത ‘ആസ്ക് മാപ്സ്’ ഫീച്ചറാണ് ഇതിനായി ഒരുക്കിയിരിക്കുന്നത്.
അമേരിക്കയിലും ഇന്ത്യയിലും ആൻഡ്രോയിഡ് (Android), ഐ.ഒ.എസ്. (iOS) പ്ലാറ്റ്‌ഫോമുകളിൽ ഇംഗ്ലീഷ് ഭാഷയിൽ ആസ്ക് മാപ്‌സ് ലഭ്യമാക്കിത്തുടങ്ങി. ഈ ഫീച്ചർ ഉടൻതന്നെ ഹിന്ദിയിൽ പുറത്തിറക്കുമെന്നും പ്രതീക്ഷിക്കുന്നു.
ഒരു യാത്ര ആസൂത്രണം ചെയ്യുകയോ യാത്ര പോവുകയോ ചെയ്യുകയാണെങ്കിൽ പോവുന്ന സ്ഥലത്തെ കുറിച്ചുള്ള വിശദമായ വിവരങ്ങൾ ശബ്ദ സംഭാഷണത്തിലൂടെ ചോദിച്ചറിയാൻ ഈ ഫീച്ചർ സഹായിക്കും. ഏറ്റവും പുതിയ വിവരങ്ങൾ ഉപയോഗിച്ചാണ് മാപ്സ് മറുപടി നൽകുക.
ആസ്ക് മാപ്‌സ് എങ്ങനെ ഉപയോഗിക്കാം ?
ഈ ഫീച്ചർ ഉപയോഗിക്കുന്നത് വളരെ ലളിതമാണ്; ശബ്ദത്തിലൂടെയോ ടെക്സ്റ്റിലൂടെയോ ചോദ്യങ്ങൾ ചോദിക്കാൻ ഉപയോക്താക്കൾ ‘ആസ്ക് മാപ്‌സ്’ ബട്ടണിൽ ടാപ്പ് ചെയ്താൽ മതി. ഗതാഗത സാഹചര്യങ്ങളും ഇ.ടി.എ.യും (ETA) അടിസ്ഥാനമാക്കി നമുക്കാവശ്യമുള്ള വിവരങ്ങൾ ഇത് നൽകും. കൂടാതെ, സമീപത്തുള്ള കഫേകളും മറ്റ് വിവരങ്ങളും ഇതിനോട് ചോദിച്ചറിയാം.
ഇന്നത്തെ ക്രിക്കറ്റ് മാച്ച് കണ്ടുകൊണ്ട് നല്ല വെജിറ്റേറിയൻ ഭക്ഷണം കഴിക്കാൻ സാധിക്കുന്ന സ്ഥലങ്ങൾ ഏതൊക്കെയാണ്? അതിൽ പാർക്കിങ് സൗകര്യം ഉള്ളത് എവിടെയാണ് പോലുള്ള ചോദ്യങ്ങൾ മാപ്പിനോട് ചോദിക്കാം. ആളുകൾ നൽകിയിട്ടുള്ള റിവ്യൂ, വെബ് ഉള്ളടക്കങ്ങൾ ഉൾപ്പടെയുള്ള വിവരങ്ങൾ വിലയിരുത്തിയാണ് ഇതിന്റെ മറുപടി ഗൂഗിൾ മാപ്പ് നൽകുക.
മറ്റൊരു ഉദാഹരണം; ” പ്രായമായ എന്റെ മാതാപിതാക്കൾ ഈ ആഴ്ച അവസാനം ആദ്യമായി കോഴിക്കോട് എത്തുന്നുണ്ട്. അവർക്ക് എളുപ്പത്തിൽ പോകാൻ കഴിയുന്ന നല്ല സ്ഥലങ്ങൾ ഏതൊക്കെയാണ്?” എന്ന് മാപ്പിനോട് ചോദിച്ചാൽ അതിനുള്ള വിശദമായ മറുപടി അധിക വിവരങ്ങൾ ഉൾപ്പടെ ഗൂഗിൾ മാപ്പ് നൽകും.
“ഈ പ്രദേശത്ത് പരീക്ഷിക്കാവുന്ന റേറ്റിംഗ് കൂടുതലുള്ള ചില റെസ്റ്റോറന്റുകൾ നിർദ്ദേശിക്കൂ” എന്ന് ചോദിക്കാം. നിങ്ങൾക്ക് വെജിറ്റേറിയൻ വിഭവങ്ങളോടുള്ള താല്പര്യം മനസ്സിലാക്കി വെജിറ്റേറിയൻ ഓപ്ഷനുകൾ ഈ ഫീച്ചർ നിർദ്ദേശിക്കും. കൂടാതെ, റെസ്റ്റോറന്റുകൾ ബുക്ക് ചെയ്യാനും സ്ഥലങ്ങൾ ഒരു പട്ടികയായി സേവ് ചെയ്യാനും അല്ലെങ്കിൽ ദിശകൾ അറിയാനും നാവിഗേഷൻ ആരംഭിക്കാനും ഈ ഫീച്ചർ നിങ്ങളെ സഹായിക്കും.



