കൊളംബോ: ശ്രീലങ്കൻ തീരത്തിനടുത്തുവെച്ച് യു.എസ് ആക്രമണത്തിൽ തകർന്ന ഇറാനിയൻ യുദ്ധക്കപ്പലിലുണ്ടായിരുന്ന 45 നാവികരുടെ മൃതദേഹം ഇറാൻ എംബസിക്കു കൈമാറിയതായി ശ്രീലങ്ക. മൃതദേഹം വിട്ടുനൽകാൻ മാർച്ച് 11ന് ചീഫ് മജിസ്ട്രേറ്റ് സമീറ ദോൻഗോദ ഉത്തരവിട്ടിരുന്നു. ശ്രീലങ്കയുടെ ഗല്ലേ ഹാർബർ പൊലീസിന്റെ അപേക്ഷ പരിഗണിച്ച് കരാപ്പിറ്റിയ നാഷനൽ ഹോസ്പിറ്റൽ ഡയറക്ടറോട് മജിസ്ട്രേറ്റ് നിർദേശം പുറപ്പെടുവിക്കുകയായിരുന്നു.
കൊല്ലപ്പെട്ടവരെയും പരിക്കുകളോടെ അതിജീവിച്ച 32 പേരെയും ഈ ആശുപത്രിയിലേക്കാണ് എത്തിച്ചത്. സ്ഥിതിഗതികൾ മെച്ചെപ്പടുന്നതുവരെ മൃതദേഹം ഇവിടെ സൂക്ഷിക്കുമെന്നും പിന്നീട് വിട്ടുനൽകുമെന്നും ശ്രീലങ്കൻ സർക്കാർ നേരത്തെ അറിയിച്ചിരുന്നു. അതിജീവിച്ചവരെ ചികിൽസക്കുശേഷം ഞായറാഴ്ച കൊഗ്ഗലയിലെ ശ്രീലങ്കൻ വ്യോമതാവളങ്ങളിലെത്തിച്ചു.
കൊല്ലപ്പെട്ട ഇറാനിയൻ നാവികരുടെ മൃതദേഹങ്ങൾ ഇറാന് കൈമാറരുതെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ശ്രീലങ്കക്ക് നിർദേശം നൽകിയിരുന്നു. എന്നാൽ ട്രംപിന്റെ ഇത്തരം ഭീഷണിക്ക് വഴങ്ങില്ലെന്നും മൃതദേഹങ്ങൾ ഇറാന് കൈമാറുമെന്നും ശ്രീലങ്കൻ കോടതി ഉത്തരവിട്ടു.
ഗാലെ നാഷണൽ ആശുപത്രിയിലെ മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹങ്ങൾ ഇറാൻ എംബസിക്ക് കൈമാറാൻ ഗാലെയിലെ കോടതി നേരത്തെ ഉത്തരവിട്ടിരുന്നു. ഇതിന് പിന്നാലെയാണ് ശ്രീലങ്കൻ കോടതിയും ഇതേ ഉത്തരവ് പുറപ്പെടുവിപ്പിച്ചത്.



