Thursday, April 30, 2026

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsഹോര്‍മുസ് കടലിടുക്കിലെ കപ്പലുകള്‍ക്ക് നേരെയുള്ള ആക്രമണം: യുഎന്നില്‍ ശക്തമായ ഭാഷയില്‍ അപലപിച്ച് ഇന്ത്യ

ഹോര്‍മുസ് കടലിടുക്കിലെ കപ്പലുകള്‍ക്ക് നേരെയുള്ള ആക്രമണം: യുഎന്നില്‍ ശക്തമായ ഭാഷയില്‍ അപലപിച്ച് ഇന്ത്യ

പി പി ചെറിയാന്‍

ന്യൂയോര്‍ക്ക് : ഹോര്‍മുസ് കടലിടുക്കിലെ വാണിജ്യ കപ്പലുകള്‍ക്ക് നേരെയുള്ള സൈനിക ആക്രമണങ്ങള്‍ അംഗീകരിക്കാനാവില്ലെന്നും അന്താരാഷ്ട്ര കപ്പല്‍ ഗതാഗത സ്വാതന്ത്ര്യം ഉടന്‍ പുനഃസ്ഥാപിക്കണമെന്നും ഇന്ത്യ ഐക്യരാഷ്ട്രസഭയില്‍ ആവശ്യപ്പെട്ടു. ഏപ്രില്‍ 28-ന് യുഎന്‍ രക്ഷാസമിതിയില്‍  സംസാരിക്കവെ ഇന്ത്യയുടെ ഡെപ്യൂട്ടി പെര്‍മനന്റ് റെപ്രസന്റേറ്റീവ് യോജന പട്ടേലാണ് രാജ്യത്തിന്റെ നിലപാട് വ്യക്തമാക്കിയത്.

വാണിജ്യ കപ്പലുകളെ ലക്ഷ്യമിട്ടുള്ള സൈനിക നീക്കങ്ങള്‍ അത്യന്തം അപലപനീയമാണെന്ന് ഇന്ത്യ അറിയിച്ചു. പേരെടുത്ത് പറഞ്ഞില്ലെങ്കിലും, ഇറാന്‍ നടത്തുന്ന ആക്രമണങ്ങളെ അപലപിച്ചുകൊണ്ടുള്ള ബഹ്റൈന്‍ അവതരിപ്പിച്ച യുഎന്‍ പ്രമേയത്തെ ഇന്ത്യ പിന്തുണച്ചിരുന്നു.

മേഖലയിലെ സംഘര്‍ഷം ഇന്ത്യയെ നേരിട്ട് ബാധിച്ചിട്ടുണ്ട്. മുന്‍പ് നടന്ന ആക്രമണങ്ങളില്‍ മൂന്ന് ഇന്ത്യന്‍ നാവികര്‍ കൊല്ലപ്പെടുകയും ഇന്ത്യന്‍ കപ്പലുകള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുകയും ചെയ്തിരുന്നു.

ഏകദേശം ഒരു കോടിയോളം ഇന്ത്യക്കാര്‍ ഗള്‍ഫ് മേഖലയില്‍ ജോലി ചെയ്യുന്നുണ്ട്. അവരുടെ സുരക്ഷയും ഇന്ത്യയുടെ ഊര്‍ജ്ജ-വ്യാപാര ശൃംഖലയുടെ സുസ്ഥിരതയും ഹോര്‍മുസ് കടലിടുക്കിലെ സമാധാനത്തെ ആശ്രയിച്ചാണെന്ന് പട്ടേല്‍ ചൂണ്ടിക്കാട്ടി.

ഗള്‍ഫ് മേഖലയിലെ സംഘര്‍ഷങ്ങള്‍ ലഘൂകരിക്കാന്‍ നയതന്ത്ര ചര്‍ച്ചകളാണ് അനിവാര്യമെന്നും ഇന്ത്യ ആവശ്യപ്പെട്ടു.’വാണിജ്യ കപ്പലുകളെ ലക്ഷ്യം വെക്കുന്നതും നിരപരാധികളായ നാവികരുടെ ജീവന്‍ അപകടത്തിലാക്കുന്നതും അംഗീകരിക്കാനാവില്ല. മിഡില്‍ ഈസ്റ്റ് നമ്മുടെ അയല്‍പക്കമാണ്, അവിടുത്തെ സുരക്ഷ ഇന്ത്യയെ സംബന്ധിച്ചിടത്തോളം വളരെ പ്രധാനമാണ്.’

ബഹ്റൈന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന രക്ഷാസമിതി യോഗത്തിലാണ് ഇന്ത്യ ഈ സുപ്രധാന നിലപാട് വ്യക്തമാക്കിയത്. വന്‍തോതിലുള്ള വ്യാപാര തടസ്സങ്ങള്‍ ഒഴിവാക്കാന്‍ അടിയന്തരമായി സംഘര്‍ഷം ലഘൂകരിക്കണമെന്നും ഇന്ത്യ ആവശ്യപ്പെട്ടു.
 

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments