തിരുവനന്തപുരം: യുഡിഎഫ് സർക്കാർ അധികാരത്തിലെത്തിയാൽ മത്സരരംഗത്ത് നിന്ന് മാറിനിന്നവർക്ക് അർഹമായ പരിഗണന ലഭിക്കുമെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ എം പി. സുപ്രധാന പദവികളിൽ ഇവർ ഉണ്ടാകുമെന്നാണ് കെ സി വേണുഗോപാൽ മാധ്യമങ്ങളോട് പ്രതികരിച്ചത്.
കോൺഗ്രസിൽ സ്ഥാനാർത്ഥിയാകാൻ അർഹരായ നിരവധി പേരുണ്ടെന്നും പലർക്കും സീറ്റ് ലഭിക്കാത്തതില്‍ മനോവിഷമം ഉണ്ടെന്നത് യാഥാർത്ഥ്യമാണെന്നും കെ സി വേണുഗോപാൽ പറഞ്ഞു. എന്നാൽ പത്ത് വർഷമായി തുടരുന്ന ഇടത് ഭരണം അവസാനിപ്പിക്കുക എന്ന ലക്ഷ്യത്തോടെ എല്ലാവരും ഒന്നിച്ച് ഇറങ്ങിയിരിക്കുകയാണ് എന്നും അദ്ദേഹം പറഞ്ഞു. സ്ഥാനാർത്ഥിയാകാൻ കഴിയാത്തവർക്കെല്ലാം അർഹിക്കുന്ന പരിഗണന ലഭിക്കുമെന്നും കെ സി വേണുഗോപാൽ കൂട്ടിച്ചേർത്തു.



