കാസര്‍കോട്: കേരളത്തിൽ യുഡിഎഫിന് അനുകൂല തരംഗമെന്ന് രമേശ് ചെന്നിത്തല. 100 സീറ്റിൽ തിരിച്ചുവരും. സർക്കാർ എല്ലാ മേഖലയിലും പരാജയമാണെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തിൽ പറഞ്ഞു. സിപിഎം-ബിജെപി ഡീൽ ആരംഭിച്ചത് 2021 മുതലാണ്. 2021 ൽ മോദിയും പിണറായിയും തയ്യാറാക്കിയ ഡീലാണ്. ബിജെപി-സിപി എം താൽപര്യങ്ങൾ ഒന്നാണ്. ഇരുവർക്കും കോൺഗ്രസ് മുക്ത നാടാണ് ലക്ഷ്യം. യുഡിഎഫിനെ പരാജയപ്പെടുത്താൻ ബിജെപി-സിപിഎം ധാരണയുണ്ടെന്നും ചെന്നിത്തല ആരോപിച്ചു.
പാലക്കാട് നഗരസഭ കൗൺസിലർക്കെതിരെയുള്ള ലൈംഗികാരോപണത്തിൽ നടപടിയെടുക്കുക അല്ലാതെ എന്താണ് ചെയ്യേണ്ടതെന്നും അദ്ദേഹം ചോദിച്ചു. വനിതകൾക്കെതിരെയുള്ള അക്രമം വച്ചുപൊറുപ്പിക്കാൻ കഴിയില്ല. നിയമം നിയമത്തിന്‍റെ വഴിക്ക് പോകും. ഇതെല്ലാം സമൂഹത്തിന് സംഭവിച്ച അപചയമാണ്. സിപിഎം പ്രവർത്തകൻ ആണെങ്കിൽ എന്ത് സംഭവിക്കുമെന്ന് എല്ലാവർക്കും അറിയാമെന്നും ചെന്നിത്തല പറഞ്ഞു.



