തിരുവനന്തപുരം: സംസ്ഥാനത്തെ 85 വയസിന് മുകളിലുള്ള മുതിർന്ന പൗരന്മാർക്കും ഭിന്നശേഷിക്കാർക്കും നിയമസഭാ തെരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തുന്നതിന് സൗകര്യം ഒരുക്കുന്ന ഹോം വോട്ടിങ് ഇന്ന് ആരംഭിക്കും. ഏപ്രിൽ നാല് വരെ ആറ് ദിവസത്തേക്കാണ് ഹോം വോട്ടിംഗ് സംവിധാനം ഏർപ്പെടുത്തിയിരിക്കുന്നത്. 12 ഡി ഫോമില്‍ അപേക്ഷിച്ചവര്‍ക്കാണ് ഹോം വോട്ടിങ്ങിന് അവസരം.
മൊബൈൽ പോളിംഗ് ടീമിന്റെ സഹായത്തോടെയാണ് ഹോം വോട്ടിങ് നടത്തുന്നത്. പോളിംഗ് ഓഫീസർ, രണ്ട് അസിസ്റ്റന്റുമാർ, മൈക്രോ ഒബ്സർവർ, വീഡിയോഗ്രാഫർ, പോലീസ് എന്നിവരടങ്ങുന്ന സംഘമാണ് ഹോം വോട്ടിങ്ങിനായി എത്തുന്നത്. ഹോം വോട്ടിംഗ് സംബന്ധിച്ച് രാഷ്ട്രീയ പാർട്ടികളുമായി യോഗം നടത്തിയതായും കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ നിർദേശിക്കുന്ന പ്രകാരമുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തീകരിച്ചതായും ജില്ലാകളക്ടർമാർ അറിയിച്ചതായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ പറഞ്ഞു.



