റിയാദ്: സൗദി അറേബ്യയിലെ ഗാർഹിക തൊഴിലാളികളുടെയും തൊഴിലുടമകളുടെയും അവകാശങ്ങൾ സംരക്ഷിക്കുന്നതിനായി നിലവിലുള്ള നിയമങ്ങളിൽ വിപ്ലവകരമായ മാറ്റങ്ങൾ വരുന്നു. മാനവവിഭവശേഷി-സാമൂഹിക വികസന മന്ത്രാലയം ‘ഇസ്തിലാ’ പ്ലാറ്റ്‌ഫോം വഴി പുറത്തിറക്കിയ പുതിയ കരട് നിയമത്തിലാണ് റിക്രൂട്ട്‌മെന്റ് നടപടികൾ കൂടുതൽ സുതാര്യമാക്കാനും ചൂഷണം തടയാനുമുള്ള കർശന നിർദ്ദേശങ്ങളുള്ളത്.
പുതിയ നിയമമനുസരിച്ച് 21 വയസ്സിൽ താഴെയുള്ളവരെ ഗാർഹിക ജോലികൾക്കായി നിയോഗിക്കുന്നത് പൂർണമായും നിരോധിച്ചു. തൊഴിൽ കരാറുകൾ നിർബന്ധമായും അറബി ഭാഷയിലായിരിക്കണം. ഒപ്പം തൊഴിലാളിക്ക് മനസ്സിലാകുന്ന മാതൃഭാഷയിലുള്ള വിവർത്തനവും കരാറിൽ ഉൾപ്പെടുത്തണം. കൃത്യമായ കാലാവധി നിശ്ചയിച്ചുള്ള കരാറുകൾക്ക് പുറമെ, കാലാവധി രേഖപ്പെടുത്താത്ത കരാറുകൾ ജോലിയിൽ പ്രവേശിച്ച തീയതി മുതൽ ഒരു വർഷത്തേക്ക് സ്വയം പുതുക്കപ്പെടുന്നതായി കണക്കാക്കും.



