Wednesday, April 1, 2026

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking news"ലളിതജീവിതവും ആത്മീയതയും: സംഘർഷകാലത്തെ യഥാർത്ഥ മതമാർഗം" ജെയിംസ് കൂടൽ എഴുതുന്നു

“ലളിതജീവിതവും ആത്മീയതയും: സംഘർഷകാലത്തെ യഥാർത്ഥ മതമാർഗം” ജെയിംസ് കൂടൽ എഴുതുന്നു

ജെയിംസ് കൂടൽ

മാറിയ സമൂഹമാണിത്. അതുകൊണ്ടു തന്നെ മതജീവിതം പലപ്പോഴും അതിന്റെ അടിസ്ഥാന ലക്ഷ്യത്തിൽ നിന്ന് വഴിതെറ്റി കൊണ്ടിരിക്കുകയാണ്. ലളിതജീവിതത്തിനും സമാധാനത്തിനും വഴിയൊരുക്കേണ്ട മാർഗമാണ് മതം. എന്നാൽ പലപ്പോഴും ആഡംബരത്തിന്റെയും പ്രകടനവാദത്തിന്റെയും വേദിയായി മാറുന്ന കാഴ്ചകൾ ആശങ്കാജനകമാണ്.

ഇതിനോടൊപ്പം, മിഡിൽ ഈസ്റ്റിലെ സംഘർഷങ്ങൾ ലോകമെമ്പാടുമുള്ള പ്രവാസി സമൂഹത്തെ ആഴത്തിൽ ബാധിച്ചിരിക്കുകയാണ്. ഒരിക്കൽ സംഭാവനകളുടെയും കാണിക്കകളുടെയും പ്രധാന ഉറവയായിരുന്ന പ്രവാസികളുടെ ജീവിതം ഇന്ന് അനിശ്ചിതത്വത്തിന്റെ വക്കിലാണ്. സാമ്പത്തിക പ്രവാഹം കുറയുമ്പോൾ, സമൂഹവും മതസ്ഥാപനങ്ങളും ആത്മപരിശോധനയ്ക്ക് തയ്യാറാകേണ്ട സമയമാണിത്. മതങ്ങൾ മനുഷ്യനെ ആത്മീയതയിലേക്ക് ഉയർത്താൻ വേണ്ടിയാണ്. എന്നാൽ ഇന്ന് കാണുന്നത് അതിന്റെ വിരുദ്ധമായ പ്രവണതകളാണ്. ഭംഗിയാർന്ന കെട്ടിടങ്ങളും അമിത ചിലവുള്ള ആഘോഷങ്ങളും സാമൂഹിക മത്സരങ്ങളും — ഇവ ആത്മീയതയെക്കാൾ ഭൗതികതയ്ക്ക് പ്രാധാന്യം നൽകുന്നു.
ലളിതജീവിതം, വിനയം, കാരുണ്യം — ഇതാണ് യഥാർത്ഥ മതത്തിന്റെ അടിസ്ഥാനം. ഇതു നാം മറന്നും പോകുന്നു.

പ്രവാസികളെ “കറവപ്പശുക്കൾ” പോലെ കാണുന്ന സമീപനം ഇനി തുടരാനാകില്ല. അവരുടെ ജീവിതം തന്നെ ഇന്ന് സുരക്ഷിതമല്ലാത്ത സാഹചര്യത്തിലേക്ക് നീങ്ങുമ്പോൾ, പഴയപോലെ സംഭാവനകൾ പ്രതീക്ഷിക്കുന്നത് നീതിയുക്തമല്ല.
മതസ്ഥാപനങ്ങൾ അവരുടെ യാഥാർത്ഥ്യങ്ങൾ മനസ്സിലാക്കി, ഭാരം കുറയ്ക്കുന്ന രീതിയിലാണ് പ്രവർത്തിക്കേണ്ടത്. ഇത്തരം സമയങ്ങളിൽ പുരോഹിതന്മാരും മതനേതാക്കളും മാതൃകയാകണം. ഭൗതിക താൽപ്പര്യങ്ങളുടെ പിന്നാലെ പോകുന്ന “ ദൂർത്തുപുത്രന്മാർ” ആകാതെ, ലളിതവും ആത്മീയവുമായ ജീവിതമാണ് അവർ പ്രചരിപ്പിക്കേണ്ടത്.
കരുണയും സഹാനുഭൂതിയും ആണ് ഇന്നത്തെ കാലത്ത് ഏറ്റവും വലിയ നേതൃത്വഗുണങ്ങൾ.

ഇന്ന് നമ്മൾ കാണുന്ന മറ്റൊരു ദുഃഖകരമായ പ്രവണതയാണ്
മതസ്ഥാപനങ്ങൾ തന്നെ കോടികൾ ചെലവഴിച്ച് കോടതികളിൽ കേസുകൾ നടത്തി, സംഘർഷങ്ങളും വിഭജനങ്ങളും വർദ്ധിപ്പിക്കുന്നത്. സഹിക്കാനും ശമിക്കാനും പഠിപ്പിച്ച മതം, ഇന്ന് എവിടെയാണ്? സഹനവും ക്ഷമയും ആയിരിക്കേണ്ടിടത്ത്, മത്സരം, തർക്കം, നിയമപോരാട്ടങ്ങൾ എന്നിവ മുൻനിരയിലേക്ക് വന്നിരിക്കുകയാണ്. ഇത് ആത്മീയതയുടെ വഴിയല്ല, അത് ഭൗതികതയുടെ താഴ്ചയാണ്.
മാറ്റത്തിനായുള്ള ആഹ്വാനം

ഇന്ന് നമ്മൾ ചോദിക്കേണ്ടത്:
മതം മനുഷ്യനെ സേവിക്കുന്നുണ്ടോ, അല്ലെങ്കിൽ മനുഷ്യൻ മതത്തിന്റെ ഭാരമോ? ഭംഗിയേക്കാൾ ഭാവം, കെട്ടിടങ്ങളേക്കാൾ കരുണ, ആഘോഷങ്ങളേക്കാൾ ആത്മപരിശുദ്ധി — ഇവയ്ക്കാണ് മുൻഗണന നൽകേണ്ടത്.

മിഡിൽ ഈസ്റ്റ് സംഘർഷം ഒരു മുന്നറിയിപ്പാണ്.
സമ്പത്ത് ശാശ്വതമല്ല, മനുഷ്യജീവിതമാണ് പ്രധാന്യം. മതങ്ങൾ നമ്മെ ഉയർത്തേണ്ടതാണ്. താഴ്ത്തേണ്ടതല്ല.
ആഡംബരവും ധൂർത്തും വിട്ട്, ലളിതജീവിതവും ആത്മീയതയും കൈകോർക്കുന്ന ഒരു സമൂഹം നമുക്ക് നിർമ്മിക്കാം.

ഭംഗിയല്ല, ഭാവമാണ് മതത്തിന്റെ ആത്മാവ്.”

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments