Saturday, April 4, 2026

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsആർട്ടെമിസ് 2: ബഹിരാകാശത്തുവെച്ച് മൈക്രോസോഫ്റ്റ് ഔട്ട്‌ലുക്ക് പണിമുടക്കി; ഭൂമിയിൽനിന്ന് സഹായം

ആർട്ടെമിസ് 2: ബഹിരാകാശത്തുവെച്ച് മൈക്രോസോഫ്റ്റ് ഔട്ട്‌ലുക്ക് പണിമുടക്കി; ഭൂമിയിൽനിന്ന് സഹായം

അപ്പോളോ ദൗത്യം കഴിഞ്ഞ് അമ്പതു വർഷങ്ങൾക്ക് ശേഷം ആദ്യമായി ചന്ദ്രനെ ലക്ഷ്യമാക്കി മനുഷ്യരെ വഹിച്ചൊരു ബഹിരാകാശപേടകം യാത്രപുറപ്പെട്ടിരിക്കുകയാണ്. അപ്പോളോയുടെ കാലഘട്ടത്തിൽനിന്ന് മാറി ഒട്ടേറെ നൂതനമായ സാങ്കേതികവിദ്യകൾ ആർട്ടെമിസ് ദൗത്യത്തിൽ ഉപയോഗിക്കുന്നുണ്ട്. 2026 ഏപ്രിൽ ഒന്നിനാണ് നാല് സഞ്ചാരികളെ വഹിച്ചുള്ള ആർട്ടെമിസ് 2 പേടകം വിജയകരമായി വിക്ഷേപിച്ചത്. തൊട്ടടുത്ത ദിവസംതന്നെ ഭൂമിയുടെ ഭ്രമണപഥത്തിൽനിന്ന് മാറ്റിയ പേടകം ചന്ദ്രനരികിലേക്കുള്ള യാത്ര തുടങ്ങിക്കഴിഞ്ഞു. എന്നാൽ, വിക്ഷേപണ ദിവസംതന്നെ ചെറിയൊരു വെല്ലുവിളി ദൗത്യസംഘം നേരിട്ടു. ബഹിരാകാശത്തുവെച്ച് മൈക്രോസോഫ്റ്റിന്റെ ഇമെയിൽ പ്ലാറ്റ്‌ഫോമായ ഔട്ട്‌ലുക്ക് തുറക്കാൻ ശ്രമിച്ചപ്പോൾ അതിന് സാധിച്ചില്ല.

വിക്ഷേപണം കഴിഞ്ഞ് മണിക്കൂറുകൾക്ക് ശേഷമാണ് പേടകത്തിലെ പേഴ്‌സണൽ കംപ്യൂട്ടിങ് ഡിവൈസുകളിൽ (പിസിഡി) ഉപയോഗിക്കുന്ന ഔട്ട്‌ലുക്ക് പ്രവർത്തിക്കുന്നില്ലെന്ന് ആർട്ടെമിസ് 2 കമാൻഡർ റീഡ് വൈസ്മാൻ റിപ്പോർട്ട് ചെയ്തത്. വൈസ്മാൻ ഉപയോഗിക്കുന്ന പിസിഡി മൈക്രോസോഫ്റ്റ് സർഫേസ് പ്രോ ആണ്. പ്രശ്നം കണ്ടെത്തിയതിനെത്തുടർന്ന് അദ്ദേഹം ഭൂമിയിലുള്ള വിദഗ്ധരുടെ സഹായം തേടി.

“എനിക്ക് രണ്ട് മൈക്രോസോഫ്റ്റ് ഔട്ട്‌ലുക്കുകൾ ഉള്ളതായി കാണുന്നുണ്ട്, അവ രണ്ടുമിപ്പോൾ പ്രവർത്തിക്കുന്നില്ല. നിങ്ങൾക്ക് റിമോട്ടായി പ്രവേശിച്ച് ഒപ്റ്റിമസിനെയും ആ രണ്ട് ഔട്ട്‌ലുക്കുകളും പരിശോധിക്കാൻ കഴിയുമെങ്കിൽ അത് വളരെ നന്നായിരുന്നു” എന്നായിരുന്നു വൈസ്മാൻ ഹൂസ്റ്റണിലെ കൺട്രോൾ സെന്ററിലേക്ക് അയച്ച സന്ദേശം. എന്തായാലും ഭൂമിയിൽനിന്ന് തന്നെ നാസ ഈ പ്രശ്നം പരിഹരിച്ചു.

അത് ഓഫ്‌ലൈൻ ആയി കാണിക്കുമെന്നത് പ്രതീക്ഷിച്ചതാണെന്നും പ്രശ്നം പരിഹരിച്ചതായും ഒപ്റ്റിമസും ഔട്ട്‌ലുക്കും പ്രവർത്തിപ്പിക്കാനാവുമെന്നുമുള്ള സന്ദേശം പേടകത്തിലേക്ക് അയക്കുകയും ചെയ്തു.

ബഹിരാകാശ ദൗത്യത്തിനിടെയുള്ള ഇത്തരം സാങ്കേതികപ്രശ്നങ്ങൾ ഭൂമിയിൽനിന്ന് തന്നെ പരിഹരിക്കാനാവുമെന്നതിന്റെ തെളിവാണ് ഈ സംഭവം. അതേസമയം ആർട്ടെമിസ് 2 സംഘം എന്തിനുവേണ്ടിയാണ് ഇമെയിൽ സേവനമായ ഔട്ട്‌ലുക്ക് ഉപയോഗിക്കുന്നത് എന്ന് വ്യക്തമല്ല. എന്തായാലും സംഭവം പുറത്തറിഞ്ഞതോടെ ഇന്റർനെറ്റ് മൈക്രോസോഫ്റ്റിനെ ട്രോളാൻ തുടങ്ങിയിട്ടുണ്ട്.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments