Sunday, April 5, 2026

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsപ്രതിരോധ മേഖലയിൽ വിപ്ലവം: ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച 'പ്രോജക്റ്റ് കുശ' പ്രവർത്തനസജ്ജമാകുന്നു

പ്രതിരോധ മേഖലയിൽ വിപ്ലവം: ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ‘പ്രോജക്റ്റ് കുശ’ പ്രവർത്തനസജ്ജമാകുന്നു

ന്യൂഡൽഹി: ഇന്ത്യയുടെ പ്രതിരോധ മേഖലയിൽ വിപ്ലവകരമായ മാറ്റം കുറിച്ചുകൊണ്ട് തദ്ദേശീയമായി വികസിപ്പിച്ച ‘പ്രോജക്റ്റ് കുശ’ (Project Kusha) അഥവാ എക്സ്റ്റൻഡഡ് റേഞ്ച് എയർ ഡിഫൻസ് സിസ്റ്റം (ERADS) പ്രവർത്തനസജ്ജമാകുന്നു. റഷ്യൻ നിർമ്മിത എസ്-400 സംവിധാനത്തേക്കാൾ കരുത്തും എന്നാൽ പകുതിയിൽ താഴെ മാത്രം നിർമ്മാണച്ചെലവുമുള്ള ഈ സംവിധാനം ഇന്ത്യൻ വ്യോമസേനയുടെ കരുത്ത് ഇരട്ടിയാക്കുമെന്ന് കരുതപ്പെടുന്നു.

അഞ്ച് സ്‌ക്വാഡ്രൺ എസ്-400 മിസൈലുകൾക്കായി ഇന്ത്യ 2018-ൽ ഏകദേശം 45,000 കോടി രൂപ ചെലവാക്കിയപ്പോൾ, അഞ്ച് സ്‌ക്വാഡ്രൺ പ്രോജക്റ്റ് കുശയ്ക്ക് കേവലം 21,700 കോടി രൂപ മാത്രമേ ചെലവ് വരികയുള്ളുവെന്നാണ് റിപ്പോർട്ടുകൾ. മിസൈലുകളുടെ വിലയിലും വലിയ വ്യത്യാസമുണ്ട്. എസ്-400 ലെ ഓരോ റഷ്യൻ മിസൈലിനും 100 കോടി രൂപയോളം ചെലവാകുമ്പോൾ, തദ്ദേശീയമായി നിർമിക്കുന്ന കുശയിലെ മിസൈലുകൾക്ക് 40 മുതൽ 50 കോടി രൂപ വരെ മാത്രമേ വിലയുള്ളുവെന്നതാണ് ഇതിന്റെ ഏറ്റവും വലിയ മേന്മ. വ്യോമപ്രതിരോധ സംവിധാനങ്ങളിൽ സ്വയംപര്യാപ്തത നേടുക എന്ന ലക്ഷ്യത്തിലേക്ക് ഇന്ത്യ വലിയൊരു ചുവടുവെപ്പാണ് കുശയിലൂടെ നടത്തിയിരിക്കുന്നത്.

പ്രോജക്റ്റ് കുശയിൽ മൂന്ന് തരത്തിലുള്ള ഇന്റർസെപ്റ്റർ മിസൈലുകളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. എം1-150 കിലോമീറ്റർ ദൂരപരിധി. ഇതിന്റെ പരീക്ഷണം ഈ വർഷം ആദ്യം വിജയകരമായി പൂർത്തിയാക്കി. എം2- 250 കിലോമീറ്റർ ദൂരപരിധി. എം3-350 മുതൽ 400 കിലോമീറ്റർ വരെ ദൂരപരിധി. ഇവയുടെ പരീക്ഷണം വരും മാസങ്ങളിൽ നടക്കും. ശത്രുക്കളുടെ ക്രൂയിസ് മിസൈലുകൾ, സ്റ്റെൽത്ത് ഫൈറ്റർ വിമാനങ്ങൾ, ഡ്രോണുകൾ എന്നിവയെ 250 കിലോമീറ്റർ അകലെ വെച്ച് തന്നെ തകർക്കാൻ ഇതിന് സാധിക്കും. വലിയ വിമാനങ്ങളെ 350 കിലോമീറ്റർ ദൂരപരിധിയിൽ വെച്ച് തന്നെ ഇത് പ്രതിരോധിക്കും.

വിദേശ നിർമിത സംവിധാനങ്ങളിൽ നിന്നും വ്യത്യസ്തമായി, പ്രോജക്റ്റ് കുശയുടെ സോഫ്​റ്റ്​വെയറുകളിലും മിഷൻ അൽഗോരിതങ്ങളിലും ഇന്ത്യൻ വ്യോമസേനയ്ക്ക് പൂർണ നിയന്ത്രണമുണ്ടായിരിക്കും. അതിനാൽ തന്ത്രപ്രധാനമായ സംഘർഷങ്ങളിൽ വിദേശ നിയന്ത്രണമുണ്ടാകാമെന്ന ഭയമില്ലാതെ ഇന്ത്യയ്ക്ക് സ്വതന്ത്രമായി പ്രവർത്തിക്കാനാകും.

പ്രതിരോധ ഗവേഷണ സ്ഥാപനമായ ഡിആർഡിഒ ആണ് ഈ സംവിധാനം വികസിപ്പിക്കുന്നത്. ഇന്ത്യ ഡൈനാമിക്‌സ് ലിമിറ്റഡാണ് കുശയിലെ മിസൈലുകൾ നിർമിക്കുക. ഭാരത് ഇലക്ട്രോണിക്‌സ് ലിമിറ്റഡ് ഇവയ്ക്കായി റഡാറുകൾ നിർമിക്കും. ഇന്ത്യയുടെ സ്വന്തം തേജസ് മാർക്ക്-2 ഫൈറ്റർ വിമാനങ്ങൾ, നേത്ര-വ്യോമാക്രമണ മുന്നറിയിപ്പ് സംവിധാനം വിമാനം എന്നിവയുമായി ഈ സംവിധാനത്തെ തടസ്സമില്ലാതെ ബന്ധിപ്പിക്കാൻ സാധിക്കും. കുശയുടെ അഞ്ച് സ്‌ക്വാഡ്രണുകൾക്കുള്ള ഓർഡർ ഇന്ത്യൻ വ്യോമസേന നൽകിക്കഴിഞ്ഞു. ഇവ 2028-നും 2030-നും ഇടയിൽ സേനയുടെ ഭാഗമാകുമെന്ന് പ്രതീക്ഷിക്കുന്നു. ഇതോടെ റഷ്യൻ നിർമിത പ്രതിരോധ സംവിധാനങ്ങൾക്കുള്ള ആഗോള വിപണിയിൽ ഇന്ത്യ വലിയൊരു വെല്ലുവിളിയായി മാറുമെന്നാണ് വിലയിരുത്തൽ.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments