കണ്ണൂര്‍: എൽഡിഎഫ് സർക്കാരിന്റെ പത്താം വർഷത്തെ പ്രോഗ്രസ് റിപ്പോർട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രകാശനം ചെയ്തു. രാവിലെ പത്ത് മണിക്ക് പിണറായി സർവീസ് സഹകരണ ബാങ്ക് ഹാളില്‍ വെച്ചാണ് റിപ്പോര്‍ട്ട് പ്രകാശനം ചെയ്തത്. തുടര്‍ന്ന് നടന്ന വാര്‍ത്താസമ്മേളനത്തില്‍ സര്‍ക്കാറിന്‍റെ നേട്ടങ്ങള്‍ മുഖ്യമന്ത്രി എണ്ണിപ്പറഞ്ഞു.
900 വാഗ്‌ദാനങ്ങളിൽ 97 ശതമാനം നടപ്പാക്കിയെന്നും മുഖ്യമന്ത്രി പറഞ്ഞു. ‘ലൈഫ് പദ്ധതിയിൽ അഞ്ച് ലക്ഷം വീടുകൾ പൂർത്തിയാക്കി. മത്സ്യത്തൊഴിലാളികൾക്ക് പുനർഗേഹം പദ്ധതിയിൽ വീടുകൾ നിർമ്മിച്ചു. 4.86 ലക്ഷംപേര്‍ക്ക് പട്ടയം നല്‍കി.അറുപത്തിനാലായിരത്തിധികം കുടുംബങ്ങളെ അതി ദാരിദ്ര്യമുക്തമാക്കി. ജപ്തി നടപടികളിൽ വീടുകൾ ഇല്ലാതാകുന്നത് തടയാൻ ഏകകിടപ്പാട സംരക്ഷണ നിയമം നടപ്പാക്കി. ഭരണ സേവനങ്ങൾ ലളിതമാക്കാൻ കൊണ്ടുവന്ന കെ സ്മാർട്ട് വഴി 82 ലക്ഷം അപേക്ഷകളിൽ നടപടി സ്വീകരിച്ചു. പി എസ് സി വഴി ഏറ്റവും കൂടുതൽ നിയമനം 3,13,212 പേർക്ക് നിയമനം നൽകിയെന്നും’ പിണറായി വിജയന്‍ പറഞ്ഞു.



