ചന്ദ്രന്റെ ഗുരുത്വാകർഷണ വലയത്തിലേക്ക് പ്രവേശിച്ച് നാസയുടെ ആർട്ടെമിസ് II ദൗത്യത്തിന്റെ ഭാഗമാകുന്ന നാല് ബഹിരാകാശ യാത്രികർ. ഇതോടെ സുപ്രധാന നാഴികക്കല്ല് പിന്നിടാനൊരുങ്ങുകയാണ് ദൗത്യം. ഓർയോൺ ക്യാപ്സ്യൂളിൽ യാത്ര ചെയ്യുന്ന സംഘം ബഹിരാകാശത്ത് ചെലവഴിക്കുന്ന ആറാം ദിവസം ചന്ദ്രന്റെ മറുവശത്തുകൂടി സഞ്ചരിക്കുന്നതോടെ ദൗത്യത്തിലെ ഏറ്റവും പ്രധാനപ്പെട്ട നിമിഷം പിന്നിടും.
ആർട്ടെമിസ് II സംഘം ഭൂമിയിൽ നിന്ന് ഏകദേശം 252,757 മൈൽ അകലെ എത്തുന്നതോടെ ചരിത്രത്തിൽ ഭൂമിയിൽനിന്ന് ഏറ്റവും കൂടുതൽ ദൂരം സഞ്ചരിച്ച മനുഷ്യർ എന്ന പുതിയ റെക്കോർഡ് അവർ സ്ഥാപിക്കും. അപ്പോളോ 13 ബഹിരാകാശ യാത്രികർ സഞ്ചരിച്ച ദൂരത്തെക്കാൾ 4,102 മൈൽ അകലത്താണിത്. നാസ ബഹിരാകാശ യാത്രികരായ റീഡ് വൈസ്മാൻ, വിക്ടർ ഗ്ലോവർ, ക്രിസ്റ്റീന കോച്ച് എന്നിവരും കനേഡിയൻ ബഹിരാകാശ യാത്രികനായ ജെറെമി ഹാൻസനും ഈ റെക്കോർഡ് സൃഷ്ടിക്കുന്നതിനൊപ്പം അവർ ചന്ദ്രന്റെ ഇരുണ്ട മറുവശത്തിന് ഏകദേശം 4,000 മൈൽ മുകളിൽ പറക്കുകയും ചെയ്യും. ഭൂമിയെ ചന്ദ്രൻ മറയ്ക്കുന്നത് അവിടെ നിന്ന് അവർ കാണുമെന്ന് പ്രതീക്ഷിക്കുന്നു.
ചന്ദ്രന് ചുറ്റുമുള്ള പറക്കൽ ഏകദേശം ആറ് മണിക്കൂർ നീണ്ടുനിൽക്കും. ആ സമയത്ത് ഡീപ് സ്പേസ് നെറ്റ്വർക്കുമായുള്ള ബന്ധം ചന്ദ്രൻ തടസ്സപ്പെടുത്തുന്നതിനാൽ ബഹിരാകാശ യാത്രികർക്ക് ആശയവിനിമയത്തിന് തടസങ്ങൾ നേരിടും. ബഹിരാകാശ പേടകവുമായി ആശയവിനിമയം നടത്തുന്ന റേഡിയോ ആന്റന സംവിധാനമാണ് നാസയുടെ ഡീപ് സ്പേസ് നെറ്റ്വർക്ക്. നാസയുടെ ആർട്ടെമിസ് പദ്ധതിയിൽപ്പെട്ട ആദ്യത്തെ മനുഷ്യൻ ഉൾപ്പെട്ട പരീക്ഷണ പറക്കലാണിത്. ഏകദേശം 10 ദിവസത്തെ ആർട്ടെമിസ് II ദൗത്യത്തിലെ ഒരു നിർണായക ഘട്ടമാണ് ചന്ദ്രന് ചുറ്റുമുള്ള പറക്കൽ. ഹൂസ്റ്റണിലുള്ള നാസയുടെ ജോൺസൺ സ്പേസ് സെന്ററിലെ സയൻസ് ഇവാലുവേഷൻ റൂമിൽ ശാസ്ത്രജ്ഞർ പറക്കൽ സൂക്ഷ്മമായി നിരീക്ഷിക്കും.
കോടിക്കണക്കിന് ഡോളർ ചെലവഴിച്ച് നടത്തുന്ന പദ്ധതി അടുത്ത ദശകത്തിൽ ചന്ദ്രനിൽ ദീർഘകാല യുഎസ് സാന്നിധ്യം സ്ഥാപിക്കാനടക്കം ലക്ഷ്യമിടുന്നതാണ്. ചൊവ്വയിലേക്കുള്ള ദൗത്യങ്ങൾക്ക് തയ്യാറെടുക്കാൻ ചന്ദ്രനിൽ സ്ഥിരമായ താവളം സ്ഥാപിക്കുന്നത് സഹായകമാകുമെന്നും യു.എസ് കണക്കുകൂട്ടുന്നു.



