തിരുവനന്തപുരം: കഴിഞ്ഞ തവണത്തെക്കാൾ പോളിങ് ശതമാനത്തിൽ ഉണ്ടായ ഉയർച്ച തങ്ങൾക്ക് അനുകൂലമാകുമെന്ന അവകാശവാദത്തിലാണ് മുന്നണികൾ. 85 സീറ്റിനു മുകളിൽ നേടി അധികാരത്തിലെത്തുമെന്നാണ് യുഡിഎഫിന്റെ കണക്കുകൂട്ടൽ. 83 വരെ സീറ്റുകൾ കിട്ടുമെന്ന് എൽഡിഎഫും പ്രതീക്ഷിക്കുന്നു. കുറഞ്ഞത് മൂന്ന് സീറ്റിലെ വിജയമാണ് ബിജെപിയുടെ അവകാശവാദം.
പോളിങ് ശതമാനം കഴിഞ്ഞതവണത്തേക്കാൾ കൂടിയതിന് കാരണം വോട്ടർ പട്ടിക പരിഷ്കരണവും രാഷ്ട്രീയപാർട്ടികളുടെ പ്രചരണവും ജനങ്ങൾ ഏറ്റെടുത്തതുകൊണ്ടാണെന്നാണ് പൊതു വിലയിരുത്തൽ. എന്നാൽ അവകാശവാദങ്ങൾക്ക് ഒരു കുറവും എൽഡിഎഫും യുഡിഎഫും വരുത്തുന്നില്ല. 75 മുതൽ 83 സീറ്റ് വരെ നേടി അധികാരത്തിൻ്റെ തുടർച്ച ഉണ്ടാകുമെന്നാണ് എൽഡിഎഫിൻ്റെ പ്രാഥമിക വിലയിരുത്തൽ. മതന്യൂനപക്ഷ വോട്ടുകൾ രണ്ടായി വിഭജിച്ചുവെന്നാണ് നേതാക്കൾ കണക്കുകൂട്ടുന്നത്. ഇതിനൊപ്പം ഭൂരിപക്ഷ സമുദായത്തിന്റെ ഭൂരിപക്ഷ വോട്ടുകളും കിട്ടിയെന്നും ഇടതു നേതാക്കൾ വിലയിരുത്തുന്നു.



