ദുബായ്∙ കേരളം ആരു ഭരിക്കുമെന്നറിയാനുള്ള ആകാംക്ഷയിൽ നാടിനൊപ്പം ഗൾഫിലെ പ്രവാസലോകവും. നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ആരംഭിച്ചതോടെ പുലർച്ചെ മുതൽ ടെലിവിഷൻ സ്ക്രീനുകൾക്ക് മുന്നിൽ തമ്പടിച്ചിരിക്കുകയാണ് പ്രവാസികൾ.
യുഎഇ സമയം രാവിലെ ആറരയ്ക്ക് തന്നെ വോട്ടെണ്ണൽ തുടങ്ങിയതോടെ ഉറക്കമൊഴിഞ്ഞും ജോലിക്ക് പോകുന്നതിന് മുൻപും ഓരോ മണ്ഡലത്തിലെയും ലീഡ് നില അറിയാനുള്ള നെട്ടോട്ടത്തിലാണ് മലയാളികൾ. സ്മാർട്ട് ഫോണുകളിലെ തത്സമയ വാർത്തകളിലും സമൂഹമാധ്യമ ഗ്രൂപ്പുകളിലും കണ്ണുനട്ടിരിക്കുന്ന പ്രവാസികൾക്ക് ഇത് കേവലമൊരു തിരഞ്ഞെടുപ്പ് ഫലമല്ല, മറിച്ച് തങ്ങളുടെ നാടിന്റെ വരുംകാല വികസനത്തിന്റെ കൂടി വിധിനിർണയമാണ്. ഫലം തത്സമയം കൃത്യമായി അറിയാനായി ജോലിക്ക് അവധി നൽകിയവരും ഏറെ. എന്നാൽ, ഗൾഫ് മലയാളികളുടെ പുതു തലമുറ ഇതിലൊന്നും വലിയ താൽപര്യ പ്രകടിപ്പിക്കുന്നില്ല എന്ന പ്രത്യേകതയുമുണ്ട്.
ആവേശത്തോടെ മുന്നണികൾ
യുഡിഎഫ്, എൽഡിഎഫ്, എൻഡിഎ മുന്നണികളുടെ പ്രവാസി പോഷക സംഘടനകൾ ആഴ്ചകൾക്ക് മുൻപേ തന്നെ ഫലം വിലയിരുത്താനുള്ള ഒരുക്കങ്ങൾ പൂർത്തിയാക്കിയിരുന്നു. ദുബായിലെയും ഷാർജയിലെയും പ്രധാന കേന്ദ്രങ്ങളിൽ പ്രവർത്തകർ ഒത്തുചേർന്ന് വലിയ സ്ക്രീനുകളിൽ വോട്ടെണ്ണൽ തത്സമയം കാണുന്നുണ്ട്. ഓരോ മണ്ഡലത്തിലെയും വോട്ടുനില മാറിമറിയുമ്പോൾ ഉയരുന്ന ആവേശവും തർക്കങ്ങളും ഗൾഫിലെ ലേബർ ക്യാംപുകളെയും ഫ്ലാറ്റുകളെയും കേരളത്തിലെ ഒരു വോട്ടെണ്ണൽ കേന്ദ്രത്തിന് സമാനമായ അന്തരീക്ഷത്തിലേക്ക് മാറ്റിയിരിക്കുന്നു.
പലയിടങ്ങളിലും പ്രിയപ്പെട്ട സ്ഥാനാർഥികളുടെ വിജയം ആഘോഷിക്കാൻ ലഡുവും മധുരപലഹാരങ്ങളും നേരത്തെ തന്നെ കരുതിവെച്ചിട്ടുണ്ട്. ഫലം അനുകൂലമായാൽ പ്രകടനങ്ങൾക്കും വിജയാഘോഷങ്ങൾക്കും പ്രവാസി സംഘടനകൾ തയ്യാറെടുക്കുന്നുണ്ടെങ്കിലും പ്രാദേശിക നിയമങ്ങൾ പാലിച്ചുകൊണ്ടുള്ള ആഘോഷങ്ങൾക്കാണ് നേതാക്കൾ നിർദേദ്ദേശം നൽകിയിരിക്കുന്നത്.
സമൂഹമാധ്യമത്തിലെ പോരാട്ടം
നേരത്തെ തന്നെ സമൂഹമാധ്യമത്തിൽ ആരംഭിച്ച തിരഞ്ഞെടുപ്പ് പോരാട്ടം വോട്ടെണ്ണൽ ദിനത്തിൽ അതിന്റെ ഉച്ചസ്ഥായിയിലെത്തി. വാട്സാപ്പ് ഗ്രൂപ്പുകളിലും ഫേസ്ബുക്കിലും നേരത്തെ തന്നെ പ്രവചന മത്സരം സംഘടിപ്പിച്ചവർ ഓരോ റൗണ്ട് കഴിയുമ്പോഴും ട്രോളുകളും രാഷ്ട്രീയ വിശകലനങ്ങളുമായി സജീവമാണ്. ഭരണത്തുടർച്ചയുണ്ടാകുമെന്ന എൽഡിഎഫ് അനുകൂലികളുടെ വാദങ്ങളും ഭരണം പിടിച്ചെടുക്കുമെന്ന യുഡിഎഫ് പ്രവർത്തകരുടെ ആത്മവിശ്വാസവും സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്കാണ് വഴിതുറക്കുന്നത്.
തിരഞ്ഞെടുപ്പ് പ്രചാരണത്തിനും സമ്മതിദാനാവകാശം വിനിയോഗിക്കാനും നാട്ടിലേക്ക് പോയ പ്രവാസികൾ മടങ്ങിയെത്തിക്കഴിഞ്ഞെങ്കിലും വോട്ടെണ്ണൽ ഫലം വരുന്നത് വരെ അവരുടെ മനസ്സും ചിന്തയും നാട്ടിലെ വോട്ടെണ്ണൽകേന്ദ്രങ്ങൾക്ക് ചുറ്റുമാണ്. വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ പ്രവാസികൾ ഉറ്റുനോക്കുന്നത് പ്രവാസികാര്യങ്ങളിൽ ഓരോ മുന്നണിയും നൽകിയ വാഗ്ദാനങ്ങൾ എത്രത്തോളം പാലിക്കപ്പെടുമെന്നാണ്. വൈകുന്നേരത്തോടെ സമ്പൂർണ ചിത്രം വ്യക്തമാകുന്നതോടെ പ്രവാസലോകത്തെ രാഷ്ട്രീയ ചർച്ചകൾക്ക് പുതിയ ഭാവങ്ങൾ കൈവരും.
Leave a Comment
Your comment will be visible after admin approval.