ആദ്യ ദിവസം റെക്കോർഡ് കലക്‌ഷനുമായി മമ്മൂട്ടി–മോഹൻലാൽ ചിത്രം ‘പേട്രിയറ്റ്’. റിലീസ് ദിവസത്തിൽ ചിത്രം കേരളത്തിൽ നിന്നും മാത്രം വാരിയത് 8.50 കോടിയാണ്. മലയാളത്തില്‍ ഒരു സിനിമയ്ക്കു ലഭിക്കുന്ന രണ്ടാമത്തെ ഉയർന്ന കലക്‌ഷനാണിത്. ‘എമ്പുരാൻ’, ‘ലിയോ’, ‘കൂലി’ എന്നീ സിനിമകളാണ് മലയാളത്തിൽ ആദ്യദിനം റെക്കോർഡ് കലക്‌ഷൻ കുറിച്ച സിനിമകൾ.
2636 ഷോകളിലൂടെ ഇന്ത്യയിൽ നിന്നു മാത്രമുള്ള ഗ്രോസ് കലക്‌ഷൻ 11.37 കോടിയും ആകെ നെറ്റ് കലക്‌ഷൻ 9.80 കോടിയുമാണെന്ന് സാക്നിൽക് റിപ്പോർട്ട് ചെയ്തു. ഓവർ സീസിലും ഗംഭീര പ്രതികരണമാണ് സിനിമയ്ക്കു ലഭിക്കുന്നത്. 18 കോടിയാണ് വിദേശത്തു നിന്നും വാരിയത്. സിനിമയുടെ ആകെയുള്ള വേൾഡ് വൈഡ് ഗ്രോസ് 29.37 കോടിയാണ്.
മമ്മൂട്ടിയും മോഹൻലാലും വർഷങ്ങൾക്കു ശേഷം ഒന്നിച്ചെത്തിയ ‘പേട്രിയറ്റി’ന് എങ്ങും മികച്ച പ്രതികരണം. ചിത്രം പ്രതീക്ഷയ്ക്കും മുകളിൽ നിൽക്കുന്നതാണ് എന്നാണ് ആദ്യ പകുതി കഴിയുമ്പോഴുള്ള പ്രതികരണം. മമ്മൂട്ടി ഗംഭീര പ്രകടനമാണ് കാഴ്ചവച്ചതെന്ന് പ്രേക്ഷകർ പറയുന്നു. ഡാനിയൽ ജെയിംസ് എന്ന സയന്റിഫിക് ഡയറക്ടർ ആയാണ് മമ്മൂട്ടി എത്തുന്നത്. ഇന്റർവെൽ ബ്ലോക്കും മികച്ചതാണ് എന്നാണ് പ്രേക്ഷകരുടെ അഭിപ്രായം. ഇടവേളയ്ക്ക് ശേഷമാകും മോഹൻലാൽ സ്ക്രീനിൽ എത്തുക.
18 വർഷത്തെ ഇടവേളയ്ക്കു ശേഷം മമ്മൂട്ടി, മോഹൻലാൽ എന്നീ മലയാളത്തിന്റെ മഹാനടന്മാർ ഒരുമിച്ചു നായകന്മാരായി എത്തുന്നു എന്നത് തന്നെയാണ് ചിത്രത്തെ അഭൂതപൂർവമായ ആവേശത്തോടെ കാത്തിരിക്കാൻ പ്രേക്ഷകരെ പ്രേരിപ്പിച്ച ഘടകം. രാവിലെ 9.15 മുതലാണ് ചിത്രം കേരളത്തിൽ പ്രദർശനം ആരംഭിച്ചത്. കേരളത്തിലടക്കം ഗംഭീര പ്രതികരണമാണ് സിനിമയ്ക്കു ലഭിക്കുന്നതും.
മമ്മൂട്ടി, മോഹൻലാൽ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് നാരായണൻ ഒരുക്കിയ ഈ മൾട്ടിസ്റ്റാർ ചിത്രത്തിൽ ഫഹദ് ഫാസിൽ, കുഞ്ചാക്കോ ബോബൻ, നയൻതാര, രേവതി, രാജീവ് മേനോൻ എന്നിവരും പ്രധാന വേഷങ്ങൾ ചെയ്യുന്നുണ്ട്. ആന്റോ ജോസഫ് ഫിലിം കമ്പനി, കിച്ചപ്പു ഫിലിംസ് എന്നിവയുടെ ബാനറിൽ ആന്റോ ജോസഫ്, കെ ജി അനിൽകുമാർ എന്നിവർ ചേർന്നാണ് ചിത്രം നിർമിച്ചത്. സി ആർ സലിം പ്രൊഡക്ഷൻസ്, ബ്ലൂ ടൈഗേഴ്സ് ലണ്ടൻ എന്നീ ബാനറുകളിൽ സി.ആര്‍.സലിം, സുഭാഷ് ജോര്‍ജ് മാനുവല്‍ എന്നിവരാണ് ചിത്രത്തിൻ്റെ സഹ നിർമാണം. സി.വി.സാരഥിയും രാജേഷ് കൃഷ്ണയുമാണ് ചിത്രത്തിന്റെ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍മാര്‍.
ജിനു ജോസഫ്, ഡാനിഷ് ഹുസൈൻ, ഷഹീൻ സിദ്ദിഖ്, സനൽ അമൻ, ദർശന രാജേന്ദ്രൻ, സെറീൻ ഷിഹാബ് എന്നിവരും, മദ്രാസ് കഫേ, പത്താൻ തുടങ്ങിയവയിലൂടെ ശ്രദ്ധേയനായ തീയറ്റർ ആർട്ടിസ്റ്റും സംവിധായകനുമായ പ്രകാശ് ബെലവാടിയും ചിത്രത്തിൽ നിർണ്ണായക വേഷങ്ങൾ ചെയ്തിരിക്കുന്നു. ടേക്ക് ഓഫ്, മാലിക് എന്നീ സിനിമകൾക്ക് ശേഷം മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന ‘പേട്രിയറ്റ്’ രാജ്യാന്തര സ്പൈ ത്രില്ലറുകളെ അനുസ്മരിപ്പിക്കുന്ന സാങ്കേതിക നിലവാരത്തിലും കാൻവാസിലുമാണ് ഒരുക്കിയിരിക്കുന്നത്.
മലയാളത്തിൽ ഇന്നേവരെയുള്ളതിൽ വച്ച് ഏറ്റവും വലിയ ബജറ്റിലാണ് ചിത്രം നിർമിച്ചിരിക്കുന്നത്. വിവിധ രാജ്യങ്ങളിലെ പത്തിലധികം ഷെഡ്യൂളുകളിലായി ഒരുവർഷത്തിലധികം നീണ്ട ചിത്രീകരണത്തിനൊടുവിലാണ് പേട്രിയറ്റ് പൂർത്തിയായത്. മലയാളത്തിൽ ഏറ്റവുമധികം രാജ്യങ്ങളിൽ ചിത്രീകരിച്ച സിനിമയെന്ന ബഹുമതിയും ഇപ്പോൾ പേട്രിയറ്റിനാണ്. ഇന്ത്യ, ശ്രീലങ്ക, യു.കെ, അസർബെയ്ജാൻ, യുഎഇ എന്നിവിടങ്ങളിലെ വിവിധ ലൊക്കേഷനുകളിലായിരുന്നു ചിത്രം ഒരുക്കിയത്. ചിത്രത്തിന്റെ രചന നിർവഹിച്ചതും സംവിധായകൻ മഹേഷ് നാരായണൻ തന്നെയാണ്. മലയാളത്തിലെ ട്രെൻഡ് സെറ്റർ സംഗീത സംവിധായകനായ സുഷിൻ ശ്യാം സംഗീതമൊരുക്കുന്ന ചിത്രത്തിന് കാമറ ചലിപ്പിച്ചത്, ബോളിവുഡിലെ വമ്പൻ സൂപ്പർതാര ചിത്രങ്ങൾക്ക് ദൃശ്യങ്ങൾ ഒരുക്കി ശ്രദ്ധ നേടിയ മനുഷ് നന്ദൻ ആണ്. സംവിധായകൻ മഹേഷ് നാരായണൻ തന്നെയാണ് ചിത്രത്തിന്റെ എഡിറ്റിങ്ങും നിർവഹിച്ചത്.
ട്രൂത്ത് ഗ്ലോബൽ ഫിലിംസ് ആണ് ചിത്രത്തിൻ്റെ ഓവർസീസ് പാർട്ണർ.ഛായാഗ്രഹണം മാനുഷ് നന്ദൻ, സംഗീതം സുഷിൻ ശ്യാം, എഡിറ്റിങ് മഹേഷ് നാരായണൻ, പ്രൊഡക്ഷന്‍ ഡിസൈനേഴ്സ്: ഷാജി നടുവിൽ, ജിബിൻ ജേക്കബ്, ഓഡിയോഗ്രാഫി വിഷ്ണു ഗോവിന്ദ്, പ്രൊഡക്ഷന്‍ കൺട്രോളർ ഡിക്‌സണ്‍ പൊടുത്താസ്, ലൈൻ പ്രൊഡ്യൂസേഴ്സ് സുനിൽ സിങ്, നിരൂപ് പിന്റോ, ജസ്റ്റിൻ ബോബൻ, ജെസ്‌വിൻ ബോബൻ, സിങ്ക് സൗണ്ട് വൈശാഖ് പി വി, മേക്കപ്പ് രഞ്ജിത് അമ്പാടി, ലിറിക്സ് അൻവർ അലി, സംഘട്ടനം ദിലീപ് സുബ്ബരായൻ, സ്റ്റണ്ട് സിൽവ, മാഫിയ ശശി, റിയാസ് ഹബീബ്, കോസ്റ്റ്യൂം ഡിസൈൻ ധന്യ ബാലകൃഷ്ണന്‍, നൃത്ത സംവിധാനം ഷോബി പോൾരാജ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ ലിനു ആന്റണി, അസോസിയേറ്റ് ഡയറക്ടര്‍: ഫാന്റം പ്രവീണ്‍, സ്റ്റിൽസ് നവീൻ മുരളി, വിഎഫ്എക്സ് ഫയർ ഫ്ലൈ, എഗ്ഗ് വൈറ്റ്, ഐഡൻ്റ് വിഎഫ്എക്സ്, ഫാൻ്റം വിഎഫ്എക്സ്, പിക്ടോറിയൽ വിഎഫ്എക്സ്, ബൈനറി സർക്കസ്, ഡി ഐ കളറിസ്റ്റ് ആശീർവാദ് ഹദ്കർ, പബ്ലിസിറ്റി ഡിസൈൻ എയ്സ്തെറ്റിക്ക് കുഞ്ഞമ്മ, ഡിജിറ്റൽ പിആർ: വിഷ്ണു സുഗതൻ, പിആർഓ: വൈശാഖ് സി. വടക്കേവീട്, ജിനു അനിൽകുമാർ.
Leave a Comment
Your comment will be visible after admin approval.