കലിഫോർണിയ∙ യുഎസ് ജസ്റ്റിസ് വിഭാഗം നടത്തിയ അന്വേഷണത്തിൽ എച്ച്-1ബി വീസ തട്ടിപ്പ് ഗൂഢാലോചന കേസിൽ രണ്ട് പ്രതികൾ കുറ്റം സമ്മതിച്ചു. ഇന്ത്യൻ വംശജരായ സമ്പത് രാജിടിയും(51), ശ്രീധർ മാഡയും (51) ആണ് കുറ്റക്കാർ. വിദേശ പൗരന്മാർക്ക് വർക്ക് പെർമിറ്റുകൾ ലഭിക്കുന്നതിനായി കലിഫോർണിയ സർവകലാശാലയുമായി ബന്ധിപ്പിച്ച് വ്യാജ തൊഴിൽ വാഗ്ദാനങ്ങൾ നൽകിയതാണ് കേസ്.
കോടതി രേഖകൾ പ്രകാരം, പ്രതി സമ്പത് രാജിടി എസ് ടീം സോഫ്റ്റ് വെയർ ഇൻക്, അപ്ട്രെൻഡ് ടെക്നോളജീസ് എൽഎൽസി എന്നീ വീസ സേവന സ്ഥാപനങ്ങൾ നടത്തിവരികയായിരുന്നു. കലിഫോർണിയ സർവകലാശാലയുടെ കൃഷി – പ്രകൃതി വിഭവ വകുപ്പിലെ ചീഫ് ഇൻഫർമേഷൻ ഓഫിസറായിരുന്നു ശ്രീധർ മാഡ. ഇവർക്ക് നേരിട്ട് എച്ച്-1ബി തൊഴിലാളികളെ നിയമിക്കാൻ അധികാരം ഉണ്ടായിരുന്നില്ല. 2020 ജൂണിനും 2023 ജനുവരിക്കും ഇടയിൽ ഇരുവരും ചേർന്ന് രാജിഡിയുടെ കമ്പനികൾ വഴി നിരവധി വ്യാജ എച്ച്-1ബി വീസ അപേക്ഷകളാണ് സമർപ്പിച്ചത്.
ഈ അപേക്ഷകളിൽ, തൊഴിലാളികൾ കലിഫോർണിയ സർവകലാശാലയിൽ ജോലി ചെയ്യുമെന്ന തെറ്റായ വിവരങ്ങൾ നൽകിയിരുന്നു. മാഡ തന്റെ പദവിയുടെ വിശ്വാസ്യത ഉപയോഗിച്ച് ഈ വ്യാജ അവകാശവാദങ്ങൾക്ക് പിന്തുണ നൽകുകയും ചെയ്തു. എന്നാൽ, യാഥാർഥ്യത്തിൽ ഈ ജോലികൾ നിലവിലില്ലായിരുന്നുവെന്നും തൊഴിലാളികൾ സർവകലാശാലയുമായി ബന്ധപ്പെട്ട പ്രോജക്ടുകളിൽ പ്രവർത്തിച്ചിരുന്നില്ലെന്നും അന്വേഷണത്തിൽ കണ്ടെത്തി.
ഇരുവരുടെയും ശിക്ഷ വിധി ജൂലൈ 30ന് യുഎസ് ജില്ല ജഡ്ജി ട്രോയ് എൽ. നൺലി നിർണയിക്കും. പരമാവധി അഞ്ച് വർഷം തടവും 2.5 ലക്ഷം ഡോളർ പിഴയും ലഭിക്കാവുന്ന കുറ്റമാണിത്.
Leave a Comment
Your comment will be visible after admin approval.