നടിയുമായി ബന്ധം: ഫ്രഞ്ച് പ്രസിഡന്റിനെ ഭാര്യ വിമാനത്തില്‍ വെച്ച് തല്ലി, പഴയ സംഭവം കുത്തിപ്പൊക്കുന്നതായി നടി

Global Indian Writer · May 15, 2026 · 1 min read · 0 Comments · 0 Shares

പാരിസ് : കഴിഞ്ഞ വർഷം വിയറ്റ്നാം സന്ദർശനത്തിനെത്തിയ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോയെ വിമാനത്തിൽ നിന്നിറങ്ങുന്നതിനു തൊട്ടുമുൻപ് ഭാര്യ ബ്രിജിത്ത് തല്ലിയത് ഒരു നടിയുമായുള്ള ബന്ധം സംബന്ധിച്ച തർക്കത്തെ തുടർന്നെന്ന് വെളിപ്പെടുത്തൽ. ഫ്രഞ്ച് മാധ്യമപ്രവർത്തകനായ ഫ്‌ളോറിയൻ ടാർഡിഫിന്റെ ‘ആൻ (ഓൾമോസ്റ്റ്) പെർഫക്ട് കപ്പിൾ’ എന്ന പുസ്തകത്തിലാണ് ഇറാൻ വംശജയായ ഫ്രഞ്ച് നടി ഗോൽഷിഫ്‌തേ ഫറഹാനിയുമായി ഇമ്മാനുവൽ മക്രോയ്ക്ക് ബന്ധമുണ്ടായിരുന്നതായി വെളിപ്പെടുത്തലുള്ളത്. കഴിഞ്ഞ വർഷം പുറത്തിറങ്ങിയ ഒരു വൈറൽ വിഡിയോയെ അടിസ്ഥാനമാക്കിയാണ് പുസ്തകത്തിലെ അവകാശവാദങ്ങൾ.

ഇമ്മാനുവൽ മക്രോയും ഗോൽഷിഫ്‌തേ ഫറഹാനിയും തമ്മിൽ ഏറെ നാളുകളായി അടുപ്പത്തിലായിരുന്നുവെന്നാണ് പുസ്തകത്തിലെ വെളിപ്പെടുത്തൽ. മക്രോയും ഫറഹാനിയും പരസ്പരം അയച്ച സന്ദേശങ്ങൾ ഭാര്യ ബ്രിജിത്ത് കണ്ടതിനെ തുടർന്ന് വിമാനത്തിൽ വച്ച് ഇരുവരും തമ്മിൽ തർക്കമുണ്ടാകുകയും പിന്നാലെ ബ്രിജിത്ത് അദ്ദേഹത്തെ തല്ലുകയുമായിരുന്നെന്ന് പുസ്തകത്തിൽ പരാമർശിക്കുന്നു.

വിയറ്റ്നാം സന്ദർശനത്തിനെത്തിയ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോയെ വിമാനത്തിൽ നിന്നിറങ്ങുന്നതിനു തൊട്ടുമുൻപ് ഭാര്യ തല്ലുകയായിരുന്നു. ഒരു നിമിഷം പിന്നോട്ട് മാറിയശേഷം വിമാനത്തിന്റെ വാതിലിൽ പ്രത്യക്ഷപ്പെട്ട മക്രോ ഒന്നും സംഭവിക്കാത്തതുപോലെ ക്യാമറകൾക്കു മുന്നിൽ കൈവീശി. ഭാര്യയ്‌ക്കൊപ്പം പടിയിറങ്ങി വന്നെങ്കിലും കൈപിടിക്കാൻ കൂട്ടാക്കാതെ ഭാര്യ ബ്രിജിത്ത് ഇറങ്ങി വന്നു. ഇരുവരും തമ്മിൽ വഴക്കാണെന്ന മട്ടിൽ പ്രചാരണമുണ്ടായതോടെ മാധ്യമപ്രവർത്തകർ ചോദിച്ചപ്പോൾ മക്രോ സംഗതി തമാശയാക്കി. ‘ഇതൊന്നും ഗൗരവമുള്ള കാര്യമല്ല. ഞങ്ങൾ തമാശ പങ്കിടുകയായിരുന്നു.’ – എന്നായിരുന്നു മക്രോയുടെ പ്രതികരണം. പുസ്തകത്തിലെ പരാമർശങ്ങൾ ബ്രിജിത്ത് നിഷേധിച്ചു. മക്രോയുമായുള്ള ബന്ധം സംബന്ധിച്ച വെളിപ്പെടുത്തൽ ഗോൽഷിഫ്‌തേ ഫറഹാനി തള്ളിക്കളഞ്ഞു.

Share this story

Leave a Comment

Your comment will be visible after admin approval.