ബീജിങ്: യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങ്ങും തമ്മിൽ ബീജിങിൽ നടത്തിയ നിർണായക കൂടിക്കാഴ്ചക്ക് പിന്നാലെ അമേരിക്കൻ കമ്പനിയായ ബോയിങിൽ നിന്ന് 200 വാണിജ്യ വിമാനങ്ങൾ വാങ്ങാൻ ചൈന സമ്മതിച്ചതായി ട്രംപ് ഔദ്യോഗികമായി അറിയിച്ചു. ഫോക്സ് ന്യൂസ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് ട്രംപ് ഈ കരാർ വിവരം പുറത്തുവിട്ടത്. ” 150 ബോയിങ് വിമാനങ്ങളാണ് വേണ്ടിയിരുന്നത്, എന്നാൽ അവർക്ക് 200 എണ്ണം ലഭിച്ചു,” എന്ന് ട്രംപ് വ്യക്തമാക്കി.
കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടയിൽ യു.എസ് നിർമ്മിത വാണിജ്യ വിമാനങ്ങൾക്കായി ചൈന നൽകുന്ന ഏറ്റവും വലിയ ഓർഡറുകളിൽ ഒന്നാണിത്. ട്രംപിന്റെ ചൈനീസ് സന്ദർശന വേളയിൽ ചർച്ചകൾക്ക് പിന്തുണയുമായി ബോയിങ് സി.ഇ.ഒ കെല്ലി ഓർട്ട്ബെർഗും യു.എസ് പ്രതിനിധി സംഘത്തോടൊപ്പം ബീജിങിൽ എത്തിയിരുന്നു.
വലിയൊരു നേട്ടമായി പ്രഖ്യാപിക്കപ്പെട്ടെങ്കിലും, വാർത്തക്ക് പിന്നാലെ ബോയിന്റെ ഓഹരി വില 4 മുതൽ 5 ശതമാനം വരെ ഇടിഞ്ഞു. 500 ബോയിംഗ് 737 മാക്സ് വിമാനങ്ങൾ വരെ വാങ്ങാൻ ചൈന ആലോചിക്കുന്നതായി ചർച്ചക്ക് മുൻപ് ബ്ലൂംബെർഗ് ഉൾപ്പെടെയുള്ള പ്രമുഖ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. അതുകൊണ്ട് തന്നെ 200 വിമാനങ്ങൾ എന്ന പ്രഖ്യാപനം വിപണി പ്രതീക്ഷിച്ചതിലും കുറവാണ്.
എന്നാൽ ബോയിങോ ചൈനീസ് എയർലൈനുകളോ ഔദ്യോഗികമായി ഈ കരാർ ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. വിമാനങ്ങൾക്ക് പുറമെ ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാര കമ്മി കുറക്കുന്നതിനായി യു.എസിൽ നിന്നുള്ള കാർഷിക ഉൽപ്പന്നങ്ങളും ഊർജ്ജ സംഭരണികളും വൻതോതിൽ വാങ്ങാമെന്നും ചൈന സമ്മതിച്ചിട്ടുണ്ട്.
Leave a Comment
Your comment will be visible after admin approval.