മാത്യുക്കുട്ടി ഈശോ
ന്യൂജേഴ്സി: നോർത്ത് അമേരിക്കൻ മലങ്കര ആർച്ച് ഡയോസിസ് സിറിയൻ ഓർത്തഡോക്സ് ചർച്ചിന്റെ 37-ാമത് കുടുംബ സംഗമവും യുവജന സംഗമവും ജൂലൈ 22 മുതൽ 25 വരെ ന്യൂജേഴ്സി ഓൾഡ് ടാപ്പനിൽ പ്രവർത്തിക്കുന്ന ഭദ്രാസന ആസ്ഥാനത്ത് നടത്തപ്പെടുന്നു. നോർത്ത് അമേരിക്കൻ ഭദ്രാസനത്തിന്റെ പുതിയ തീരുമാനങ്ങളും ഭാവി പ്രൊജക്ടുകളും ആർച്ച് ബിഷപ്പ് അഭിവന്ദ്യ എൽദോ മോർ തീത്തോസ് തിരുമേനി കഴിഞ്ഞ ദിവസം ഭദ്രാസന ആസ്ഥാനത്ത് നടത്തിയ പത്രസമ്മേളനത്തിലൂടെ വിശദീകരിച്ചു. സഭയുടെ ആരാധനാ ക്രമത്തെ (Liturgy) ആസ്പദമാക്കിയുള്ള വിഷയങ്ങളാണ് കുടുംബ സംഗമത്തിന് തീം ആയി എടുക്കുന്നത്. ഭദ്രാസന കൗൺസിൽ അംഗങ്ങളുടെ സാന്നിദ്ധ്യത്തിൽ ഭദ്രാസന ആസ്ഥാനത്ത് ഇന്ത്യ പ്രസ് ക്ലബ്ബ് ഓഫ് നോർത്ത് അമേരിക്കയുടെ ന്യൂയോർക്ക് ചാപ്റ്റർ നടത്തിയ പത്ര സമ്മേളനത്തിലാണ് ആർച്ച് ബിഷപ്പ് മോർ തീത്തോസ് തിരുമേനി കാര്യങ്ങൾ വിശദീകരിച്ചത്.
സഭയുടെ ചരിത്രത്തിൽ ആദ്യമായാണ് അഞ്ഞൂറോളം പേർക്ക് സമ്മേളനങ്ങൾ ഒരേസമയം നടത്തുവാൻ സൗകര്യമുള്ള ഭദ്രാസന ആസ്ഥാനത്ത് വച്ച് കുടുംബ സംഗമം ക്രമീകരിക്കുന്നത്. ഒരു വലിയ ചാപ്പൽ, ഒരു ചെറിയ ചാപ്പൽ, ഒരു വലിയ ഓഡിറ്റോറിയം, അഞ്ചു മിനിഹാളുകൾ, ഡൈനിങ്ങ് ഹാൾ, അടുക്കള, നൂറിലധികം കാറുകൾ പാർക്ക് ചെയ്യുന്നതിനുള്ള പാർക്കിംഗ് ലോട്ട് മുതലായ വിപുലമായ സൗകര്യങ്ങളുള്ള കെട്ടിട സമുച്ചയമാണ് ഭദ്രാസന ആസ്ഥാനത്ത് ഉള്ളത്. യുവജന പങ്കാളിത്തം ഉറപ്പാക്കൽ, വൈദിക പരിശീലനത്തിനായി ഓൺലൈൻ സെമിനാരി സംവിധാനം, വിപുലമായ ചാരിറ്റി പ്രവർത്തനങ്ങൾ എന്നിവ ഉൾപ്പെടുന്ന വികസന കാഴ്ചപ്പാടുകളാണ് ഭദ്രാസനം മുന്നോട്ട് വെയ്ക്കുന്നത്.

സഭയുടെ ഭാവി യുവജനങ്ങളിലാണെന്ന തിരിച്ചറിവോടെ വിപുലമായ പ്രോഗ്രാമുകളാണ് കുടുംബ സംഗമത്തിൽ വിഭാവനം ചെയ്യുന്നത്. അമേരിക്കയിൽ ജനിച്ചു വളർന്ന യുവ വൈദികരാണ് ഇപ്പോൾ യുവജന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്. നിലവിൽ 14 യുവ വൈദികരായ ഇടവക വികാരിമാരും മുപ്പതോളം യുവ ശെമ്മാശ്ശന്മാരും ഭദ്രാസനത്തിന് കീഴിൽ സജീവമാണ്. ഇവിടെ ജനിച്ചു വളർന്ന ഇവർക്ക് ഇംഗ്ലീഷിനൊപ്പം മലയാള ഭാഷയിലും നല്ല പ്രാവീണ്യമുണ്ട്. കോൺഫറൻസുകളിലൂടെയും പ്രാദേശിക കൂട്ടായ്മകളിലൂടെയും യുവതലമുറയെ സഭയോട് ചേർത്തുനിർത്താൻ സാധിക്കുന്നുണ്ട്. യുവജനങ്ങൾക്ക് സഭയുമായുള്ള ബന്ധം കൂടുതൽ ഉറപ്പിക്കുന്നതിന് ഉതകുന്ന തരത്തിലുള്ള വിവിധ പരിപാടികളാണ് കുടുംബ സംഗമത്തിൽ വിഭാവന ചെയ്യുന്നത്. അതിന് നേതൃത്വം നൽകുന്നതിനായി പ്രഗത്ഭരായ വൈദികരും വ്യക്തികളും കുടുംബ സംഗമത്തിൽ പങ്കെടുക്കും. സഭയുടെ പരമോന്നത അദ്ധ്യക്ഷനായ നിയുക്ത കത്തോലിക്കാ ബാവാ ഏറ്റവും അഭിവന്ദ്യ ആബൂൻ മോർ ബസേലിയോസ് ജോസഫ് മെത്രാപ്പോലീത്തായും കുടുംബ സംഗമത്തിൽ പങ്കെടുക്കുന്നതാണ്.
സഭയുടെ വളർച്ച ലക്ഷ്യമിട്ട് ആരംഭിച്ച ഓൺലൈൻ സെമിനാരി മികച്ച വിജയമാണ് കൈവരിക്കുന്നത്. നിലവിൽ കാനഡ, ഓസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികൾ ഈ രണ്ട് വർഷത്തെ കോഴ്സിൽ ഓൺലൈനായി പഠിക്കുന്നുണ്ട്. വരും വർഷങ്ങളിൽ ഇത് വിപുലീകരിച്ച് ഓൺ-ക്യാമ്പസ് പഠന സൗകര്യമൊരുക്കാനും ഇന്ത്യയിൽ നിന്നുള്ള വിദ്യാർത്ഥികൾക്ക് ഇവിടെ വന്ന് പഠിക്കാനുള്ള അവസരമൊരുക്കാനും പദ്ധതിയുണ്ട്. ദൈവശാസ്ത്രത്തിൽ പ്രഗത്ഭരും പ്രശസ്തരുമായ ഫാക്കൽട്ടി അംഗങ്ങളാണ് ഓൺലൈൻ ക്ലാസ്സുകൾക്ക് നേതൃത്വം നൽകുന്നത്.
മെയ് 16 ശനിയാഴ്ച്ച ഭദ്രാസന ആസ്ഥാനത്ത് ഭദ്രാസനത്തിലെ എല്ലാ പള്ളികളുടെയും സഹകരണത്തോടെ വലിയൊരു ഫുഡ് ഫെസ്റ്റിവൽ ക്രമീകരിക്കുന്നതിൻറെ തിരക്കിലായിരുന്നു ആർച്ച് ബിഷപ്പും കൗൺസിൽ അംഗങ്ങളും. ഭദ്രാസനത്തിന്റെ കീഴിൽ നടത്തുന്ന ഫുഡ് ഫെസ്റ്റിവലുകൾ വലിയ ജനപങ്കാളിത്തത്തോടെയാണ് വിജയിക്കുന്നത്. ഇത്തവണ ഓൺലൈൻ പ്രീ-ഓർഡർ സംവിധാനത്തിലൂടെ വിപുലമായ തദ്ദേശീയ മെനുവാണ് ഒരുക്കിയിരിക്കുന്നത്. നാടൻ പൊറോട്ട, ബീഫ്, അങ്കമാലി മാങ്ങാക്കറി, കപ്പ ബിരിയാണി തുടങ്ങി പന്ത്രണ്ടോളം ബൂത്തുകളിലായി ലൈവ് കുക്കിംഗ് അടക്കമുള്ള വിഭവങ്ങൾ ക്രമീകരിച്ചിട്ടുണ്ട്. ഇതിലൂടെ പ്രതീക്ഷിക്കുന്ന 40,000 മുതൽ 50,000 വരെ ഡോളറിന്റെ വരുമാനം പൂർണ്ണമായും ചാരിറ്റി പ്രവർത്തനങ്ങൾക്കാണ് വിനിയോഗിക്കുന്നത്.
നാട്ടിലും വിദേശത്തുമായി നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങളാണ് ഭദ്രാസനം നടത്തിവരുന്നത്. മെത്രാപ്പോലീത്തയുടെ 15-ാമത് സ്ഥാനാരോഹണ വാർഷികത്തിൽ നാട്ടിൽ പാവപ്പെട്ടവർക്കായി 15 വീടുകൾ നിർമ്മിച്ച് നൽകിയിരുന്നു. കൂടാതെ പ്രളയബാധിതർക്കും സിറിയയിലെ ആഭ്യന്തര കലാപബാധിതർക്കും വലിയ സാമ്പത്തിക സഹായം എത്തിച്ചിട്ടുണ്ട്. വയനാട് ഉരുൾപൊട്ടൽ ദുരന്തബാധിതർക്കായി സമാഹരിച്ച ഇരുപത്തഞ്ചു ലക്ഷത്തോളം രൂപ, ഗവൺമെന്റ് തലത്തിലുള്ള സാങ്കേതിക തടസ്സങ്ങൾ മൂലം നേരിട്ട് നൽകാൻ സാധിച്ചില്ല. അതിനാൽ അവിടുത്തെ പ്രാദേശിക പള്ളികളുടെ സഹായത്തോടെ മറ്റ് ഹൗസിംഗ് പ്രൊജക്ടുകൾക്കായി കൈമാറാൻ കഴിഞ്ഞ ഡെലിഗേറ്റ്സ് മീറ്റിംഗിൽ തീരുമാനിച്ചു. ഇതിനു പുറമെ പ്രൊബേഷൻ സംവിധാനത്തിലൂടെ 22 വീടുകൾ നിർമ്മിച്ച് നൽകാനും (12 എണ്ണം പുതിയതും 10 എണ്ണം നവീകരണവും) ഭദ്രാസനം ലക്ഷ്യമിടുന്നു. ലോക്കൽ കമ്മ്യൂണിറ്റിയുടെ ഭാഗമായി സാൻഡ്വിച്ച് ചലഞ്ച് പോലുള്ള പരിപാടികളിലൂടെ അമേരിക്കയിലും ചാരിറ്റി പ്രവർത്തനങ്ങൾ സജീവമാണ്. കാനഡ ഉൾപ്പെടെ അഞ്ച് റീജിയനുകളായാണ് ഭദ്രാസനത്തിന്റെ പ്രവർത്തനം ക്രമീകരിച്ചിരിക്കുന്നത്. ടെക്സാസിലെ ഡാളസ്, ഹൂസ്റ്റൺ തുടങ്ങിയ സ്ഥലങ്ങളിൽ സഭയ്ക്ക് ശക്തമായ സാന്നിധ്യമുണ്ട്.
ഭദ്രാസന സെക്രട്ടറി റവ. ഫാദർ പോൾ തോട്ടയ്ക്കാട്ട്, ജോയിൻറ് സെക്രട്ടറി റവ. ഫാദർ ബ്ലെസ്സൻ കുര്യാക്കോസ്, ഭദ്രാസന ട്രഷറർ സിമി ജോസഫ്, ജോയിൻറ് ട്രഷറർ ബോബി കുര്യാക്കോസ്, ഭദ്രാസന മുൻ സെക്രട്ടറി റവ. ഫാദർ ജെറി, കൗൺസിൽ അംഗങ്ങളായ കോർ എപ്പിസ്കോപ്പ വെരി റവ. ഫാദർ ജോസഫ് സി. ജോസഫ്, റവ. ഫാദർ കുര്യാക്കോസ് പുതുപ്പാടി, അലക്സ് ജോർജ്, ഷെവലിയാർ ജയ്മോൻ സ്കറിയ, റോയി മാത്യു, സാബു സ്കറിയ, ജോയി ഇട്ടൻ എന്നിവരും ഇന്ത്യ പ്രസ് ക്ലബ്ബ് ന്യൂയോർക്ക് ചാപ്റ്റർ പ്രസിഡൻറ് സജി എബ്രഹാം, സെക്രട്ടറി മാത്യുക്കുട്ടി ഈശോ, അംഗങ്ങളായ ഈ-മലയാളി ചീഫ് എഡിറ്റർ ജോർജ് ജോസഫ്, കൈരളി ഡയറക്ടർ ജോസ് കാടാപുറം, 24 ന്യൂസ് കോർഡിനേറ്റർ ബിനു തോമസ്, ഇന്ത്യ പ്രസ് ക്ലബ്ബ് മുൻ നാഷണൽ സെക്രട്ടറി ഷിജോ പൗലോസ് എന്നിവരും പത്ര സമ്മേളനത്തിൽ സന്നിഹിതരായിരുന്നു.
Leave a Comment
Your comment will be visible after admin approval.