“സത്യപ്രതിജ്ഞാ വേദിയിലെ ആൾക്കൂട്ടം : ജനാധിപത്യ ഗൗരവത്തിന് മങ്ങലേൽക്കരുത്”, ജെയിംസ് കൂടൽ എഴുതുന്നു

Global Indian Writer · May 19, 2026 · 1 min read · 0 Comments · 0 Shares

ജെയിംസ് കൂടൽ

ഒരു സംസ്ഥാനത്തിന്റെ സത്യപ്രതിജ്ഞാ ചടങ്ങ്
സാധാരണ രാഷ്ട്രീയ യോഗമല്ല.
അത് ഭരണഘടനയുടെ ഔദ്യോഗിക ചടങ്ങും
ജനവിധിയോടുള്ള ആദരവിന്റെ പ്രതീകവുമാണ്. അതിന് അതിൻ്റെ ഗൗരവവും ആർജവവുമുണ്ട്. അവിടെ ഓരോ നിമിഷവും, ഓരോ സീറ്റും, ഓരോ പ്രവേശനവും പോലും
പ്രോട്ടോക്കോളിന്റെയും സുരക്ഷാ മാനദണ്ഡങ്ങളുടെയും അടിസ്ഥാനത്തിലാണ് ക്രമീകരിക്കപ്പെടുന്നത്.

എന്നാൽ ചിലപ്പോൾ കാണുന്നത്,
വേദിയിലേക്ക് നിയന്ത്രണമില്ലാതെ രാഷ്ട്രീയ നേതാക്കളും അനുയായികളും കയറിച്ചെല്ലുന്ന കാഴ്ചകളാണ്.
ഇത് ഒരു രാഷ്ട്രീയ പാർട്ടിയുടെ ആഭ്യന്തര പരിപാടിയല്ലെന്ന ബോധം പലരും മറക്കുന്നു. മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും സത്യപ്രതിജ്ഞ നടക്കുന്ന വേദി
സംസ്ഥാനത്തിന്റെ ഔദ്യോഗിക അധികാര കൈമാറ്റ വേദിയാണ്.
അവിടെ ആരെത്തണം, എവിടെ ഇരിക്കണം, എപ്പോൾ പ്രവേശിക്കണം എന്നതെല്ലാം
നിശ്ചിത പ്രോട്ടോക്കോൾ അനുസരിച്ചായിരിക്കണം.

രാഷ്ട്രീയ ആവേശം മനസ്സിലാക്കാം.
വർഷങ്ങളായുള്ള പ്രവർത്തനത്തിന്റെയും വിജയത്തിന്റെയും സന്തോഷം സ്വാഭാവികമാണ്.
പക്ഷേ ആ ആവേശം നിയന്ത്രണം വിട്ടാൽ,
അതിന്റെ പ്രതിഫലം പൊതുസമൂഹത്തിന് മുന്നിൽ അപക്വമായ രാഷ്ട്രീയ സംസ്കാരമായി മാറും. ജനങ്ങൾ ടിവിയിലൂടെ കാണുന്നത് ഒരു പാർട്ടിയുടെ വിജയം മാത്രമല്ല;
കേരളത്തിന്റെ രാഷ്ട്രീയ സംസ്കാരവും ഭണപരമായ സിസ്റ്റവുമാണ്.

സുരക്ഷാ ഉദ്യോഗസ്ഥരെ പോലും മറികടന്ന് വേദിയിലേക്ക് കയറുന്ന കാഴ്ചകൾ,
നേതാക്കളുടെ ചുറ്റും ഫോട്ടോയ്ക്കും ശ്രദ്ധയ്ക്കുമായി തിരക്കുണ്ടാക്കുന്നത്,
പ്രോട്ടോക്കോൾ ലംഘിച്ച് ഔദ്യോഗിക അതിഥികളുടെ സ്ഥാനങ്ങൾ പോലും മറക്കുന്ന അവസ്ഥ —
ഇവ ജനാധിപത്യ വേദിയുടെ ഗൗരവം കുറയ്ക്കുന്ന കാര്യങ്ങളാണ്. സത്യപ്രതിജ്ഞാ വേദി
“ആരാണ് കൂടുതൽ അടുത്ത് നിൽക്കുന്നത്” എന്ന മത്സരത്തിനുള്ള സ്ഥലമല്ല.
അത് ഭരണഘടനയോടുള്ള ബഹുമാനത്തിന്റെ വേദിയാണ്.

പുതിയ സർക്കാരിന്റെ ആദ്യ സന്ദേശം ജനങ്ങളിലേക്ക് പോകുന്നത്
അവരുടെ ഭരണപരമായ പക്വതയിലൂടെയും നിയന്ത്രണത്തിലൂടെയും ആയിരിക്കണം.
അവിടെ ശിസ്റ്റവും മാന്യതയും കാണാത്തപ്പോൾ,
ജനങ്ങൾക്ക് സ്വാഭാവികമായും നിരാശ തോന്നും. രാഷ്ട്രീയ നേതാക്കൾക്കും പ്രവർത്തകർക്കും
ഇത്തരം വേദികളിൽ കൂടുതൽ ആത്മനിയന്ത്രണവും ഉത്തരവാദിത്വബോധവും അനിവാര്യമാണ്.
വിജയാഘോഷം തെരുവുകളിൽ നടത്താം;
പക്ഷേ സത്യപ്രതിജ്ഞാ വേദി
സംസ്ഥാനത്തിന്റെ ഔദ്യോഗിക ഗൗരവം സംരക്ഷിക്കേണ്ട ഇടമാണ്.ജനാധിപത്യത്തിന്റെ ശക്തി ആവേശത്തിൽ അല്ല,
ക്രമശുദ്ധിയിലും പക്വതയിലുമാണ് പ്രകടമാകേണ്ടത്.

Share this story

Leave a Comment

Your comment will be visible after admin approval.