ഇറാൻ സൈനിക ശേഷി അതിവേഗം പുനഃസ്ഥാപിക്കുന്നതായി റിപ്പോർട്ട്, തിരിച്ചുവരവ് അതിവേഗത്തില്‍

Global Indian Writer · May 22, 2026 · 1 min read · 0 Comments · 0 Shares

തെഹ്റാൻ: യുഎസ്-ഇസ്രായേൽ ആക്രമണങ്ങളിൽ തകർന്ന തങ്ങളുടെ സൈനിക ശേഷി ഇറാൻ അതിവേഗം പുനഃസ്ഥാപിക്കുന്നതായി റിപ്പോർട്ട്. നേരത്തെ കണക്കാക്കിയതിനേക്കാൾ വളരെ വേഗത്തിലാണ് ഇറാന്റെ ഈ തിരിച്ചുവരവ്.

ഏപ്രിൽ എട്ടിന് പാകിസ്താന്റെ മധ്യസ്ഥതയിൽ നിലവിൽ വന്ന വെടിനിർത്തലിനിടയിലാണ്, നിലവിലെ സംഘർഷങ്ങളിലെ തങ്ങളുടെ പ്രധാന ആയുധമായ ഡ്രോണുകളുടെ നിർമാണം ഇറാൻ പുനരാരംഭിച്ചത്.നിലവിൽ ഇറാന്റെ ഡ്രോൺ ശേഷിയുടെ 50 ശതമാനവും സുരക്ഷിതമാണ്.

യുദ്ധത്തിൽ തകർന്ന മിസൈൽ കേന്ദ്രങ്ങൾ, ലോഞ്ച് ഉപകരണങ്ങൾ, പ്രധാന ആയുധ സംവിധാനങ്ങളുടെ നിർമാണ ലൈനുകൾ എന്നിവ ഇറാൻ നന്നാക്കുകയും പുനഃസ്ഥാപിക്കുകയും ചെയ്യുന്നതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. യുദ്ധം വീണ്ടും ആരംഭിച്ചാൽ മേഖലയിലെ യുഎസ്-ഇസ്രായേൽ സഖ്യകക്ഷികൾക്ക് ഇറാൻ വീണ്ടും വലിയ ഭീഷണിയായേക്കാം എന്നാണ് ഇത് സൂചിപ്പിക്കുന്നത്.

ഇറാന്റെ സൈനിക ശേഷിയെ ദീർഘകാലത്തേക്ക് തളർത്താൻ യുഎസ്-ഇസ്രായേൽ ആക്രമണങ്ങൾക്ക് സാധിച്ചിട്ടുണ്ടോ എന്ന കാര്യത്തിൽ അമേരിക്കൻ ഇന്റലിജൻസ് വിലയിരുത്തലുകൾ ഇപ്പോൾ സംശയം പ്രകടിപ്പിക്കുന്നുണ്ട്. ആറ് മാസത്തിനകം ഇറാൻ തങ്ങളുടെ ഡ്രോൺ ആക്രമണ ശേഷി പൂർണമായും വീണ്ടെടുക്കുമെന്ന് ഒരു യു.എസ് ഉദ്യോഗസ്ഥൻ വ്യക്തമാക്കി.പുനഃസ്ഥാപനത്തിനായി ഇന്റലിജൻസ് കമ്മ്യൂണിറ്റി കണക്കാക്കിയ എല്ലാ സമയപരിധികളെയും ഇറാനികൾ മറികടന്നതായി അദ്ദേഹം കൂട്ടിച്ചേർത്തു.

ഇറാന്റെ മിസൈലുകളുടെയും ഡ്രോണുകളുടെയും പരിധിയിലാണ് ഇപ്പോഴും ഇസ്രായേലും ഗൾഫ് രാജ്യങ്ങളും ഉള്ളത്. ഒരു സുസ്ഥിര സമാധാന കരാറിലെത്തുന്നതിൽ അമേരിക്കയും ഇറാനും തമ്മിൽ നിലനിൽക്കുന്ന കടുത്ത പ്രതിസന്ധിക്കിടെ, ഇറാനെതിരെ പുതിയ ആക്രമണങ്ങൾ നടത്തുന്നതിന് താൻ ‘ഒരു മണിക്കൂർ’ മാത്രം അകലെയാണെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഈ ആഴ്ച പരസ്യമായി പ്രസ്താവിച്ചിരുന്നു.

ഇറാൻ ഇത്രവേഗം സൈനിക ശേഷി വീണ്ടെടുക്കുന്നതിന് പ്രധാനമായും രണ്ട് കാരണങ്ങളാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. ഒന്ന്, ചൈനയിൽ നിന്നും റഷ്യയിൽ നിന്നും ഇറാൻ സ്വീകരിക്കുന്ന സഹായം.രണ്ട്, യുഎസും ഇസ്രായേലും വിചാരിച്ചത്ര നാശനഷ്ടം ഇറാനിൽ ഉണ്ടാക്കാൻ അവർക്ക് കഴിഞ്ഞിട്ടില്ല എന്നത്.

Share this story

Leave a Comment

Your comment will be visible after admin approval.