പത്തു വയസ്സുകാരിയെ ബലാത്സംഗംചെയ്ത് കൊലപ്പെടുത്തിയ കേസിലെ പത്രസമ്മേളനം: പരസ്പരം സംസാരിച്ച് ചിരിച്ച് പൊലീസ് ഉദ്യോഗസ്ഥർ, വിവാദം

Global Indian Writer · May 25, 2026 · 1 min read · 0 Comments · 0 Shares

ചെന്നൈ: പത്തു വയസ്സുകാരിയെ ബലാത്സംഗംചെയ്ത് കൊലപ്പെടുത്തിയ കേസിലെ പത്രസമ്മേളനത്തെച്ചൊല്ലി പോലീസിന് രൂക്ഷവിമർശനം. കോയമ്പത്തൂർ പോലീസിനെതിരേയാണ് സാമൂഹികമാധ്യമങ്ങളിൽ വിമർശനമുയർന്നിരിക്കുന്നത്.

പത്തു വയസ്സുകാരിയെ ബലാത്സംഗംചെയ്ത് കൊലപ്പെടുത്തിയ കേസിന്റെ വിവരങ്ങളറിയിക്കാനായി പോലീസ് വിളിച്ചുചേർത്ത പത്രസമ്മേളനത്തിലെ ദൃശ്യങ്ങളാണ് വലിയ വിവാദത്തിനിടയാക്കിയത്. വെസ്റ്റ് സോൺ ഐജി ആർ.വി. രമ്യ ഭാരതി, കോയമ്പത്തൂർ റേഞ്ച് ഡിഐജി പി. സാമിനാഥൻ, കോയമ്പത്തൂർ എസ്പി അല്ലട്ടിപ്പള്ളി പവൻകുമാർ റെഡ്ഡി തുടങ്ങിയവർ നടത്തിയ സംയുക്ത വാർത്താസമ്മേളനത്തിനിടെയാണ് സംഭവം.

മാധ്യമപ്രവർത്തകർ ചോദ്യങ്ങൾ ചോദിക്കുന്നതിന് തൊട്ടുമുൻപ് ഐജിയും ഡിഐജിയും എസ്പിയുമെല്ലാം പരസ്പരം സംസാരിച്ച് ചിരിക്കുന്നതാണ് ദൃശ്യങ്ങളിലുണ്ടായിരുന്നത്. ഇത് പിന്നീട് സാമൂഹികമാധ്യമങ്ങളിൽ പ്രചരിച്ചതോടെ പോലീസ് ഉദ്യോഗസ്ഥർക്കെതിരേ രൂക്ഷമായ വിമർശനമുയർന്നു. തമിഴ്‌നാട്ടിൽ ഏറെ കോളിളക്കം സൃഷ്ടിച്ച ഗൗരവമേറിയ കുറ്റകൃത്യവുമായി ബന്ധപ്പെട്ട് പത്രസമ്മേളനം വിളിച്ചുചേർത്ത പോലീസ് ഉദ്യോഗസ്ഥർ ഇങ്ങനെ ചിരിച്ചുകളിച്ചിരിക്കുന്നതിനെയാണ് പലരും കുറ്റപ്പെടുത്തിയത്. പോലീസിനെ അനുകൂലിച്ചും ചിലർ രംഗത്തെത്തിയിരുന്നു. സംഭവം വിവാദമായെങ്കിലും ഐജിയോ മറ്റു പോലീസ് ഉദ്യോഗസ്ഥരോ  വിശദീകരണമൊന്നും നൽകിയിട്ടില്ല.

കഴിഞ്ഞദിവസം മന്ത്രി എസ്. കീർത്തനയുടെ ദൃശ്യങ്ങളും സമാനരീതിയിൽ ചർച്ചയായിരുന്നു. കോയമ്പത്തൂർ കേസിൽ മാധ്യമപ്രവർത്തകർ ചോദ്യങ്ങൾ ഉന്നയിച്ചപ്പോൾ മന്ത്രി ചിരിച്ചുകൊണ്ട് മറുപടി നൽകിയതാണ് വിവാദമായത്. മാത്രമല്ല, കോയമ്പത്തൂർ കേസിനെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് മറുപടി നൽകാനാകില്ലെന്നും ഭരണവുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ മതിയെന്നും മന്ത്രി പറഞ്ഞിരുന്നു. ഇതും വിവാദത്തിനിടയാക്കി.

മന്ത്രിയുടെ പെരുമാറ്റത്തെ കുറ്റപ്പെടുത്തി ബിജെപി നേതാക്കളും കഴിഞ്ഞദിവസം രംഗത്തെത്തി. മന്ത്രിയുടേത് തീർത്തും ഹൃദയശൂന്യമായ പെരുമാറ്റമാണെന്നായിരുന്നു ബിജെപിയുടെ കുറ്റപ്പെടുത്തൽ. പത്തു വയസ്സുകാരിയെ പീഡിപ്പിച്ച് കൊന്ന കേസിൽ ഒരു മന്ത്രിയോട് കാര്യങ്ങൾ ചോദിക്കുമ്പോൾ ഭരണപരമായ ചോദ്യങ്ങൾക്ക് മാത്രമേ താൻ ഉത്തരം നൽകൂ എന്നുപറഞ്ഞ് ചിരിക്കുകയാണെന്നും ബിജെപി നേതാക്കൾ ആരോപിച്ചു. അതിനിടെ, മുൻ സർക്കാരിനെതിരേ ടിവികെ നടത്തിയ പ്രതിഷേധങ്ങളിൽ എസ്. കീർത്തന പ്രക്ഷുബ്ധയായി സംസാരിക്കുന്നതിന്റെ ദൃശ്യങ്ങളും സാമൂഹികമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.

സംഭവം വിവാദമായതോടെ രാഷ്ട്രീയലക്ഷ്യത്തിനായി കാര്യങ്ങൾ വളച്ചൊടിക്കുകയാണെന്ന് കീർത്തന പ്രതികരിച്ചു. മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾ അവസാനിച്ചശേഷമാണ് മുഖത്ത് ചിരിവന്നതെന്നും ആ സമയത്ത് ചിരിച്ചതിന് പ്രത്യേക ചോദ്യവുമായി ബന്ധമില്ലെന്നും മന്ത്രി പറഞ്ഞു.

മേയ് 21-നാണ് കോയമ്പത്തൂരിൽ പത്തു വയസ്സുകാരിയെ ബലാത്സംഗംചെയ്ത് കൊലപ്പെടുത്തിയത്. വീടിന് പുറത്ത് കളിക്കുകയായിരുന്ന പെൺകുട്ടിയെ കാണാതാവുകയും പിന്നീട് മരിച്ചനിലയിൽ കണ്ടെത്തുകയുമായിരുന്നു. പെൺകുട്ടി ബലാത്സംഗത്തിനിരയായ ശേഷമാണ് കൊല്ലപ്പെട്ടതെന്ന് അന്വേഷണത്തിൽ തെളിഞ്ഞു. പ്രതികളായ കാർത്തി, മോഹൻരാജ് എന്നിവരെ പോലീസ് അറസ്റ്റ്‌ചെയ്തിരുന്നു.

Share this story

Leave a Comment

Your comment will be visible after admin approval.