ബിജു കുളങ്ങര
ലണ്ടൻ∙ ഉഷ്ണതരംഗം തുടരുന്നതിനിടെ യുകെയുടെ വിവിധ ഭാഗങ്ങളിൽ കാട്ടുതീ വ്യാപിക്കുന്നു. മഴയുടെ അഭാവവും അതിശക്തമായ ചൂടും മൂലം സ്ഥിതി ഗുരുതരമാണെന്നും അഗ്നിരക്ഷാസേന കടുത്ത സമ്മർദത്തിലാണെന്നും നാഷനൽ ഫയർ ചീഫ്സ് കൗൺസിൽ (NFCC) ചെയർമാൻ ഫിൽ ഗാരിഗൻ പറഞ്ഞു. ‘മഴയ്ക്ക് സാധ്യതയില്ലെന്നാണ് നിലവിലെ പ്രവചനം. അതിനാൽ കാട്ടുതീ നിയന്ത്രിക്കുന്നത് കൂടുതൽ ദുഷ്കരമാകുകയാണ്’ എന്നായിരുന്നു ഫിൽ ഗാരിഗന്റെ പ്രതികരണം.
നിലവിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി 19 ഓളം കാട്ടുതീകൾ ഇപ്പോഴും സജീവമാണെന്നും അദ്ദേഹം അറിയിച്ചു. ഞായറാഴ്ച നോർത്ത് വെയിൽസിലെ കോൺവിയിലും ഇംഗ്ലണ്ടിലെ ഡർബിഷെയറിലെ ഗ്ലോസോപ്പിലും ദുരന്താവസ്ഥ പ്രഖ്യാപിച്ചിരുന്നു. ചൊവ്വാഴ്ചയും നിരവധി സ്ഥലങ്ങളിൽ അഗ്നിരക്ഷാസേനയുടെ പ്രവർത്തനം തുടരുകയാണ്. നോർത്ത് വെയിൽസിലെ കോൺവി മലനിരകളിൽ ഉണ്ടായ കാട്ടുതീ നിയന്ത്രണവിധേയമായതായി അധികൃതർ അറിയിച്ചു. എന്നാൽ ബെഥെസ്ഡയ്ക്കു സമീപമുള്ള ബ്രൈഖ്മെലിൻ വനമേഖലയിലും ഹാർലെക്കിന് സമീപത്തെ റൈനോഗിദ് മലനിരകളിലും തീ പൂർണമായി അണഞ്ഞിട്ടില്ല.
‘ഇത്രയും വലിയ കാട്ടുതീ ഇതുവരെ കണ്ടിട്ടില്ല. കാഴ്ച ഭയാനകമായിരുന്നു’ എന്നായിരുന്നു കോൺവി മലനിരകളോട് ചേർന്ന് കൃഷി ചെയ്യുന്ന ഗാരത്ത് വിൻ ജോൺസിന്റെ പ്രതികരണം. കാട്ടുതീയെ തുടർന്ന് മൃഗങ്ങളും സുരക്ഷാഭീഷണിയിലാണ്. പീക്ക് ഡിസ്ട്രിക്ടിലെ ഡോവ്സ്റ്റോൺ റിസർവോയറിന് സമീപമുള്ള ടിന്റ്വിസിൽ മൂറിൽ ജൂൺ 24ന് ആരംഭിച്ച കാട്ടുതീ ഇപ്പോഴും തുടരുകയാണ്. ഏകദേശം 260 ഹെക്ടർ വന-പുൽമേടുകൾ ഇതിനകം കത്തിനശിച്ചതായി അധികൃതർ അറിയിച്ചു. 30 മുതൽ 40 വരെ അഗ്നിശമന സേനാംഗങ്ങൾ സ്ഥലത്ത് രക്ഷാപ്രവർത്തനം തുടരുകയാണ്.
Leave a Comment
Your comment will be visible after admin approval.