വിസ്കോൺസിൻ: അമേരിക്കയിൽ പഠനം പൂർത്തിയാക്കിയതിന് ഏതാനും ആഴ്ചകൾക്കകം ഇന്ത്യൻ വിദ്യാർത്ഥി മുങ്ങിമരിച്ചു. ടെക്സസ്–ലൂസിയാന അതിർത്തിയിലെ ടൊളിഡോ ബെൻഡ് റിസർവോയറിലാണ് ദാരുണ സംഭവം നടന്നത്. നോർത്ത് ടെക്സസ് സർവകലാശാലയിലെ വിദ്യാർത്ഥിയായ അനുരൂപ് റെഡ്ഡി കൊഡുരു ആണ് മരിച്ചത്. വെള്ളത്തിൽ മുങ്ങിത്തുടങ്ങിയ തന്റെ മൂന്ന് സുഹൃത്തുക്കളെ രക്ഷിക്കാനായി വെള്ളത്തിലേക്ക് ചാടിയതോടെയാണ് അപകടം സംഭവിച്ചത്.
മികച്ച നീന്തൽക്കാരനായിരുന്ന അനുരൂപ് മൂന്ന് സുഹൃത്തുക്കളെയും സുരക്ഷിതമായി രക്ഷപ്പെടുത്തി. എന്നാൽ തിരിച്ചെത്തുന്നതിനിടെ അദ്ദേഹത്തിന്റെ കാലുകൾ മത്സ്യബന്ധനത്തിനായി ഉപയോഗിച്ചിരുന്ന വയറിൽ കുടുങ്ങുകയായിരുന്നു. ശക്തമായ ജലപ്രവാഹം അദ്ദേഹത്തെ ആഴത്തിലേക്ക് വലിച്ചിഴച്ചു. തുടർന്ന് ഏകദേശം 20 അടി ആഴത്തിൽ നിന്ന് അനുരൂപിന്റെ മൃതദേഹം കണ്ടെത്തുകയായിരുന്നു.
മെയ് 29-നാണ് സംഭവം നടന്നത്. സംഭവശേഷം സഹോദരൻ അശ്രിത് റെഡ്ഡി കൊഡുരു, മൃതദേഹം ഇന്ത്യയിലേക്ക് കൊണ്ടുവരുന്നതിനും അന്തിമ ചടങ്ങുകൾക്കുമായി സാമ്പത്തിക സഹായം അഭ്യർഥിച്ച് ഫണ്ട് റൈസിംഗ് ആരംഭിച്ചു. “ഞങ്ങൾ അതീവ ദുഃഖത്തിലാണ്. അദ്ദേഹത്തിന്റെ മൃതദേഹം അമേരിക്കയിൽ നിന്ന് ഇന്ത്യയിലെ കുടുംബത്തിലേക്ക് എത്തിക്കുകയാണ് ഇപ്പോഴത്തെ പ്രധാന ലക്ഷ്യം. അന്താരാഷ്ട്ര മൃതദേഹ ഗതാഗതവും നിയമപരമായ നടപടികളും വളരെ ചെലവേറിയതാണ്,” എന്ന് കുടുംബം വ്യക്തമാക്കി.
Leave a Comment
Your comment will be visible after admin approval.