വേൾഡ് മലയാളി കൗൺസിൽ ഗ്ലോബലിന്റെ രണ്ടാംഘട്ട നഴ്സിംഗ് സ്‌കോളർഷിപ്പ് വിതരണം ഓഗസ്റ്റ് 22-ന് കൊച്ചിയിൽ

Global Indian Writer · June 2, 2026 · 1 min read · 0 Comments · 0 Shares

കൊച്ചി: വേൾഡ് മലയാളി കൗൺസിൽ (WMC) ഗ്ലോബലിന്റെ നേതൃത്വത്തിൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന നഴ്സിംഗ് വിദ്യാർത്ഥികൾക്കായി നടപ്പാക്കുന്ന രണ്ടാംഘട്ട നഴ്സിംഗ് സ്‌കോളർഷിപ്പ് വിതരണ ചടങ്ങ് 2026 ഓഗസ്റ്റ് 22-ന് കൊച്ചിയിലെ റാഡിസൺ ബ്ലൂ ഹോട്ടലിൽ നടക്കും. ഈ ഘട്ടത്തിൽ 25 നഴ്സിംഗ് വിദ്യാർത്ഥികൾക്ക് വീതം ഒരു ലക്ഷം രൂപ വീതം ധനസഹായം വിതരണം ചെയ്യും.

വേൾഡ് മലയാളി കൗൺസിൽ ഗ്ലോബൽ പ്രസിഡന്റ് ഡോ. ബാബു സ്റ്റീഫന്റെ നേതൃത്വത്തിലും സ്പോൺസർഷിപ്പിലുമാണ് പദ്ധതി നടപ്പാക്കുന്നത്. സാമ്പത്തിക ബുദ്ധിമുട്ടുകൾ നേരിടുന്ന നഴ്സിംഗ് വിദ്യാർത്ഥികളുടെ വിദ്യാഭ്യാസ പുരോഗതിക്ക് കരുത്തേകുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം.

ചടങ്ങിൽ വേൾഡ് മലയാളി കൗൺസിൽ ഗ്ലോബൽ ചെയർമാൻ തോമസ് മൊട്ടയ്ക്കൽ, പ്രസിഡന്റ് ഡോ. ബാബു സ്റ്റീഫൻ, ജനറൽ സെക്രട്ടറി ഷാജി മാത്യു, ട്രഷറർ സണ്ണി ജി. വലിയത്ത്, ഗ്ലോബൽ വൈസ് പ്രസിഡന്റ് (അഡ്മിനിസ്ട്രേഷൻ) ജെയിംസ് കൂടൽ, അഡ്വൈസറി ബോർഡ് ചെയർമാൻ ടി. പി. വിജയൻ എന്നിവരുൾപ്പെടെയുള്ള ആഗോള നേതാക്കൾ പങ്കെടുക്കും.

കൂടാതെ, വിവിധ മേഖലകളിലെ സാമൂഹിക, സാംസ്കാരിക പ്രവർത്തകർ, ജനപ്രതിനിധികൾ, വിദ്യാഭ്യാസ രംഗത്തെ പ്രമുഖർ, വേൾഡ് മലയാളി കൗൺസിലിന്റെ ഗ്ലോബൽ, റീജിയൻ, പ്രൊവിൻസ് തല നേതാക്കൾ എന്നിവരും ചടങ്ങിൽ സംബന്ധിച്ച് സ്‌കോളർഷിപ്പ് വിതരണത്തിന് സാക്ഷ്യം വഹിക്കും.

വിദ്യാഭ്യാസ സഹായ പ്രവർത്തനങ്ങളിലൂടെ സമൂഹത്തിലെ പിന്നാക്ക വിഭാഗങ്ങളിലെ വിദ്യാർത്ഥികൾക്ക് കൈത്താങ്ങാകുന്ന ലോക മലയാളി കൗൺസിലിന്റെ ഈ സംരംഭം സമൂഹസേവന രംഗത്തെ മാതൃകാപരമായ പദ്ധതിയായാണ് വിലയിരുത്തപ്പെടുന്നത്. നഴ്സിംഗ് മേഖലയിലെ ഭാവി തലമുറയ്ക്ക് പ്രചോദനവും പിന്തുണയും നൽകുന്ന ഈ പരിപാടി ശ്രദ്ധേയമാകുമെന്ന് സംഘാടകർ അറിയിച്ചു.

Share this story

Leave a Comment

Your comment will be visible after admin approval.