ലോകമെമ്പാടുമുള്ള യുവ ഗവേഷകർ കുട്ടികൾക്കായുള്ള നാലാമത് അന്താരാഷ്ട്ര ഗവേഷണ സമ്മേളനത്തിനായി (IRCC 2026) കാലിഫോർണിയയിൽ ഒത്തുകൂടുന്നു.

Global Indian Writer · June 4, 2026 · 1 min read · 0 Comments · 0 Shares

കാലിഫോർണിയ – ജൂൺ 2026 – ലോകമെമ്പാടുമുള്ള യുവ ഗവേഷകർ കുട്ടികൾക്കായുള്ള നാലാമത് അന്താരാഷ്ട്ര ഗവേഷണ സമ്മേളനത്തിനായി (IRCC 2026) മിൽപിറ്റാസ്, കാലിഫോർണിയയിൽ ഒത്തുകൂടുന്നു.
നാലാമത് ഇന്റർനാഷണൽ റിസർച്ച് കോൺഫറൻസ് ഫോർ ചിൽഡ്രൻ (IRCC’26) 2026 ജൂൺ 6–7 തീയതികളിൽ കാലിഫോർണിയയിലെ മിൽപിറ്റാസിലെ ഇന്ത്യ കമ്മ്യൂണിറ്റി സെന്ററിൽ നടക്കും. ഗ്ലോബൽ യംഗ് റിസർച്ചേഴ്‌സ് അക്കാദമി (ജൈറ) യും STEM4Girls യും സംയുക്തമായി സംഘടിപ്പിക്കുകയും മലയാളി അസോസിയേഷൻ ഓഫ് നോർത്തേൺ കാലിഫോർണിയ (MANCA) ആതിഥേയത്വം വഹിക്കുകയും ചെയ്യുന്ന IRCC’26, സ്കൂൾ വിദ്യാർത്ഥികളായ യുവ ഗവേഷകരെയും അധ്യാപകരെയും ശാസ്ത്രജ്ഞരെയും കുടുംബങ്ങളെയും ഒരുമിച്ച് ഒരേ വേദിയിൽ കൊണ്ടുവരുന്നു. അമേരിക്കയിലും ഇന്ത്യയിലുമായുള്ള മലയാളി ഗവേഷകർ തുടങ്ങിയ, കുട്ടികളെ ഗവേഷണ രംഗത്തേക്ക് ആകർഷിക്കുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന സംഘടനയാണ് ജൈറ. ശാസ്ത്രീയ ചിന്താഗതിയുടേയും നൂതനാശയങ്ങളുടെയും ശാസ്ത്രപുരോഗതിയുടെയും ഒരത്യപൂർവ്വ സമ്മേളനമായിരിക്കും IRCC എന്ന് സംഘാടകർ അറിയിച്ചു.

GYRA യുടെ ഫ്ലാഗ്ഷിപ്പ് കോൺഫറൻസ് എന്ന നിലയിൽ, ഒന്ന് മുതൽ +2 വരെയുള്ള സ്കൂൾ വിദ്യാർത്ഥികൾക്ക് മാത്രമായി സംഘടിപ്പിക്കുന്ന ഒരു അന്താരാഷ്ട്ര പ്ലാറ്റ്‌ഫോമായി IRCC ഉയർന്നുവന്നിട്ടുണ്ട്. കഴിഞ്ഞ മൂന്ന് പതിപ്പുകളിലായി, ലോകമെമ്പാടുമുള്ള 2,000-ത്തിലധികം പേർ IRCC യിൽ പങ്കെടുത്തിട്ടുണ്ട്. കൂടാതെ വിദ്യാർത്ഥികളായ യുവ ഗവേഷകർക്ക് പ്രഗത്ഭരായ ശാസ്ത്രജ്ഞർ, ഗവേഷകർ, വ്യവസായ പ്രൊഫഷണലുകൾ എന്നിവരുമായി നേരിട്ട് ഇടപഴകാനും അവരുടെ സമപ്രായക്കാരായവരും മുതിർന്നവരുമായ ഗവേഷകരുടെ പരിചയപ്പെടാനും കഴിയുന്ന ഒരു വേദിയായി ഈ കോൺഫറൻസ് ഇതിനോടകം മാറിക്കഴിഞ്ഞിരിക്കുന്നു.

ഈ വർഷം IRCCയിൽ വിവിധ ശാസ്ത്ര താൽപ്പര്യങ്ങളെയും വിഷയങ്ങളെയും പ്രതിനിധീകരിക്കുന്ന 75-ലധികം വിദ്യാർത്ഥി ഗവേഷണ പ്രൊജെക്ടുകളും 200-ലധികം പങ്കാളികളും പങ്കെടുക്കും. കൂടാതെ, ലോകമെമ്പാടുമുള്ള മറ്റു രാജ്യങ്ങളിൽ നിന്നുള്ള 30-ലധികം പ്രോജക്ടുകളുടെ അവതരണങ്ങൾ ഒരു ഓൺലൈൻ സെഷനിലും പ്രദർശിപ്പിക്കും. 2012-ലെ രസതന്ത്രത്തിലെ നോബൽ സമ്മാന ജേതാവ് പ്രൊഫ. ബ്രയാൻ കോബിൽക്ക ഉൾപ്പെടെ 20-ലധികം വിശിഷ്ട ശാസ്ത്രജ്ഞരും വിദഗ്ധരും പരിപാടിയിൽ പങ്കെടുക്കും, ഇത് വിദ്യാർത്ഥികൾക്ക് ഗവേഷണ സമൂഹത്തിൽ നിന്നുള്ള പ്രമുഖരുമായി നേരിട്ടു സംവദിക്കാനുള്ള ഒരു അസുലഭമായ അവസരം നൽകുന്നു. ഗവേഷണ പ്രബന്ധങ്ങൾക്കും മാർഗനിർദേശങ്ങൾക്കും പുറമേ, “വൈകല്യമുള്ള വ്യക്തികളെ ജീവിതകാലം മുഴുവൻ പരിചരിക്കുന്നതിനെ” പറ്റി ഒരു പ്രത്യേക വർക്ക്ഷോപ്പും കോൺഫറൻസിൽ ഉൾപ്പെടും. ഇത് എല്ലാവരെയും ഉൾകൊള്ളുന്ന പഠനരീതിയ്ക്കും സാമൂഹിക വ്യവസ്ഥിതിയ്ക്കും പ്രാധാന്യം കൊടുത്തുകൊണ്ടുള്ള GYRA പ്രവർത്തനങ്ങളുടെ തുടർച്ചയാണെന്ന് IRCC സംഘാടകർ പറഞ്ഞു.

പരമ്പരാഗത ശാസ്ത്രമേളകളിൽ നിന്ന് വ്യത്യസ്തമായി, ഗവേഷണത്തിൽ അധിഷ്ഠിതമായ പ്രബന്ധങ്ങളാണ് IRCC യിൽ അവതരിപ്പിക്കപ്പെടുക. ഗവേഷകരിൽ നിന്ന് നേരിട്ട് പഠിക്കാനും, വിമർശനാത്മകമായി ചിന്തിക്കാനും, അർത്ഥവത്തായ ചോദ്യങ്ങൾ ചോദിക്കാനും, ഫലപ്രദമായ ചർച്ചകളിൽ ഏർപ്പെടാനും, അന്വേഷണങ്ങൾ നടത്താനും, ഒരു പ്രൊഫഷണൽ കോൺഫറൻസിൽ അവരുടെ കണ്ടെത്തലുകൾ അവതരിപ്പിക്കാനും വിദ്യാർത്ഥികളെ പ്രോത്സാഹിപ്പിക്കുന്നതിലൂടെ IRCC ഒരു സമ്പൂർണ്ണ ഗവേഷണ അനുഭവത്തിന് പ്രാധാന്യം നൽകുന്നു. യുവ പഠിതാക്കളിൽ ശാസ്ത്രീയ ചിന്ത, സർഗ്ഗാത്മകത, ആത്മവിശ്വാസം, സഹകരണം, ആഗോള പൗരത്വം എന്നിവ വളർത്തിയെടുക്കാനും, ഗവേഷണത്തിലൂടെ യഥാർത്ഥ ലോകത്തിലെ വെല്ലുവിളികളെ എങ്ങനെ നേരിടാമെന്ന് മനസ്സിലാക്കാനുമാണ് IRCC ശ്രമിക്കുന്നത്.

മെന്റർഷിപ്പ്, ഇന്റർ ഡിസിപ്ലിനറി റിസർച്ച്, ശാസ്ത്രീയ ഗവേഷണ രീതിശാസ്ത്രം, പ്രായോഗിക ഗവേഷണം എന്നിവയിലൂടെ ലോകമെമ്പാടുമുള്ള സ്കൂൾ വിദ്യാർത്ഥികൾക്ക് ഗവേഷണ വിദ്യാഭ്യാസം പ്രാപ്യമാക്കുക എന്ന GYRA യുടെ വിശാലമായ ദൗത്യവും ഈ പരിപാടി പ്രതിഫലിപ്പിക്കുന്നു. വിദ്യാർത്ഥി ഗവേഷകരെയും മുതിർന്ന ശാസ്ത്രജ്ഞരെയും ഒരേ വേദിയിൽ കൊണ്ടുവരുന്നതിലൂടെ, അടുത്ത തലമുറയിലെ ശാസ്ത്രജ്ഞന്മാരെ പ്രചോദിപ്പിക്കുക എന്നതാണ് IRCC ലക്ഷ്യമിടുന്നത്.

“സ്കൂൾ വിദ്യാർത്ഥികൾക്കായുള്ള അമേരിക്കയിലെ ഏറ്റവും സമഗ്രമായ കരിയർ & കോളേജ് റെഡിനസ് പ്രോഗ്രാം” എന്നറിയപ്പെടുന്ന ലിഫോളജി (www.lifology.us) ആണ് IRCC’26-യുടെ പ്രധാന പ്രായോജകർ.

സ്കൂൾ വിദ്യാർത്ഥികളുടെ ഗവേഷണത്തിലും നൂതനാശയങ്ങളിലും താൽപ്പര്യമുള്ള മാതാപിതാക്കൾ, അധ്യാപകർ, ഗവേഷകർ, പൊതുജനങ്ങൾ എന്നിവരെ അടുത്ത തലമുറയിലെ ഗവേഷകരെ കേൾക്കാനും അവരെ പ്രോത്സാഹിപ്പിക്കാനും ക്ഷണിക്കുന്നു.

കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷൻ വിശദാംശങ്ങൾക്കും ഇവന്റ് അപ്‌ഡേറ്റുകൾക്കും, IRCC ഔദ്യോഗിക വെബ്‌സൈറ്റ് സന്ദർശിക്കുക: https://ircc.world/

കൂടുതൽ വിവരങ്ങൾക്ക് gyraglobal@gmail.com, ignite@ircc.world എന്നീ ഇമെയിൽ ID കളിൽ ബന്ധപ്പെടുക.

വിവരങ്ങൾക്ക് കടപ്പാട് – ജാസ്മിൻ പരോൾ.

Share this story

Leave a Comment

Your comment will be visible after admin approval.