കാലിഫോർണിയയിൽ വെടിവെപ്പിൽ 18കാരൻ കൊല്ലപ്പെട്ടു; മൂന്നുപേർക്ക് പരിക്ക്

Global Indian Writer · June 4, 2026 · 1 min read · 0 Comments · 0 Shares

കാലിഫോർണിയ: യു.എസിലെ കാലിഫോർണിയയിൽ ഹൈസ്കൂളിലെ ബിരുദദാന ചടങ്ങിനിടെയുണ്ടായ വെടിവെപ്പിൽ 18കാരൻ കൊല്ലപ്പെട്ടു. മൂന്നുപേർക്ക് പരിക്കേറ്റതായും അധികൃതർ അറിയിച്ചു. ഫെയർഫീൽഡ് ഹൈസ്കൂളിന്റെ പാർക്കിങ് ഗ്രൗണ്ടിൽ ബുധനാഴ്ച വൈകിട്ടോടെയായിരുന്നു ആക്രമണം.

പരിക്കേറ്റവരിൽ 11 വയസ്സുകാരനും 20, 25 വയസ്സുള്ള രണ്ട് മുതിർന്നവരും ഉൾപ്പെടും. ഇവരുടെ ആരോഗ്യനിലയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. ഇവർ ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്. കൊല്ലപ്പെട്ട 18കാരൻ സ്കൂളിലെ വിദ്യാർഥിയാണോയെന്ന് പൊലീസ് സ്ഥിരീകരിച്ചിട്ടില്ല. വെടിയേറ്റയുടൻ സംഭവസ്ഥലത്തുവെച്ചുതന്നെ 18കാരൻ മരിച്ചിരുന്നു.

ഫെയർഫീൽഡ് ഹൈസ്കൂളുമായി കാമ്പസ് പങ്കിടുന്ന സെം യെറ്റോ ഹൈസ്കൂളിലെ ബിരുദദാന ചടങ്ങിന് ശേഷമായിരുന്നു വെടിവെപ്പ്. ചടങ്ങിന് പിന്നാലെ സ്കൂൾ പാർക്കിങ് ഏരിയയിൽ ആളുകൾ ചിത്രങ്ങൾ എടുത്തുകൊണ്ടിരുന്ന സമയത്താണ് വെടിയൊച്ച കേട്ടതെന്ന് ദൃക്സാക്ഷികളിലൊരാൾ പറഞ്ഞു. വെടിവെപ്പുണ്ടായതോടെ ആളുകൾ നിലവിളിച്ചുകൊണ്ട് പാർക്കിങ് ഏരിയയിൽനിന്ന് പുറത്തേക്കോടി.

വെടിവെപ്പ് നടന്നയുടൻ പൊലീസും ആംബുലൻസും രക്ഷാപ്രവർത്തകരും സ്ഥലത്തെത്തി. അക്രമിയെക്കുറിച്ചുള്ള വിവരങ്ങളോ വെടിവെപ്പിലേക്ക് നയിച്ച കാരണങ്ങളോ പൊലീസ് പുറത്തുവിട്ടിട്ടില്ല. സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചു. നിലവിൽ പ്രദേശവാസികൾക്ക് മറ്റ് സുരക്ഷാ ഭീഷണിയൊന്നും ഇല്ലെന്നും അധികൃതർ വ്യക്തമാക്കി.

Share this story

Leave a Comment

Your comment will be visible after admin approval.