തായ്‌ലൻഡിൽ നിന്ന് യുകെയിലേക്ക് പെട്ടി കൊണ്ടുവരാൻ വിസമ്മതിച്ച യുവതിയെ പീഡിപ്പിച്ച ഇന്ത്യൻ പൗരന് തടവുശിക്ഷ

Global Indian Writer · June 15, 2026 · 1 min read · 0 Comments · 0 Shares

ലണ്ടൻ: തായ്‌ലൻഡിൽ നിന്ന് യുകെയിലേക്ക് പെട്ടി കൊണ്ടുവരാൻ വിസമ്മതിച്ച യുവതിയെ തട്ടിക്കൊണ്ടുപോയി, ക്രൂരമായി മർദിക്കുകയും പീഡിപ്പിക്കുകയും ചെയ്ത കേസിൽ ഇന്ത്യൻ പൗരന് തടവുശിക്ഷ. വാൻഡ്‌സ്‌വർത്തിൽ താമസിക്കുന്ന ഗഗൻദീപ് സിങ്ങിനെയാണ്(34) കോടതി 34 വർഷത്തെ തടവിന് ശിക്ഷിച്ചത്. ബലാത്സംഗം, തടങ്കലിൽ വയ്ക്കൽ, ഗുരുതരമായി പരുക്കേൽപ്പിക്കൽ, തട്ടിക്കൊണ്ടുപോകൽ എന്നീ വകുപ്പുകളാണ് ഇയാൾക്കെതിരെ ചുമത്തിയിട്ടുള്ളത്.

2024 ജൂണിലാണ് കേസിനാസ്പദമായ സംഭവം. തായ്‌ലൻഡിൽ നിന്ന് യുകെയിലേക്ക് ഒരു പെട്ടി എത്തിക്കാൻ യുവതിയോട് പ്രതി ആവശ്യപ്പെട്ടിരുന്നു. എന്നാൽ സംശയം തോന്നിയ 24–കാരിയായ യുവതി അത് നിരസിക്കുകയും, പെട്ടിക്ക് അകത്ത് എന്താണെന്ന് ചോദിക്കുകയും ചെയ്തു. തുടർന്ന് ബർമിങ്ഹാം എയർപോർട്ടിലെത്തിയ യുവതിയെ മുഖംമൂടി ധരിച്ച ആളുകൾ ബലമായി കാറിൽ കയറ്റി ലണ്ടനിലേക്ക് കൊണ്ടുപോവുകയായിരുന്നു.

പടിഞ്ഞാറൻ ലണ്ടനിലെ ഹാൻവെല്ലിലുള്ള ഒരു വീട്ടിലെത്തിച്ച യുവതിയെ ഗഗൻദീപ് സിങ് ഉൾപ്പെടെയുള്ളവർ ക്രൂരപീഡനങ്ങൾക്ക് ഇരയാക്കി. പ്രതി രണ്ട് തവണ തന്നെ പീഡിപ്പിച്ചതായി യുവതി കോടതിയിൽ മൊഴിനൽകി. പീഡനത്തിനിടയിൽ മുഖത്ത് ഇടിക്കുകയും, ചാട്ടവാറുകൊണ്ട് അടിക്കുകയും, നഗ്നയാക്കി പൊള്ളിക്കുകയും ചെയ്തു. നടന്ന സംഭവം അറിയിക്കരുതെന്ന് യുവതിയെ പ്രതിയും കൂട്ടാളികളും ഭീഷണിപ്പെടുത്തിയിരുന്നു.

എന്നാൽ യുവതി വിവരം അമ്മയോട് പറയുകയും, പൊലീസിൽ നൽകുകയുമായിരുന്നു. തട്ടിക്കൊണ്ടുപോകുന്ന സമയത്ത് ധരിച്ചിരുന്ന വസ്ത്രങ്ങൾ യുവതി വീട്ടിൽ സൂക്ഷിച്ചിരുന്നു. ഇത് ഫോറൻസിക് പരിശോധനയ്ക്ക് അയച്ചപ്പോൾ ഗഗൻദീപ് സിങ്ങിന്റെ ഡിഎൻഎയുമായി ‘വൺ-ഇൻ-എ-മില്ല്യൺ’ (one-in-a-million) പോസിറ്റീവ് മാച്ച് കണ്ടെത്തി. ശിക്ഷാ കാലാവധി പൂർത്തിയാക്കിയ ശേഷം ഗഗൻദീപ് സിങ്ങിനെ യുകെയിൽ നിന്ന് നാടുകടത്തുമെന്നും പിന്നീട് രാജ്യത്തേക്ക് പ്രവേശിക്കാൻ അനുമതിയുണ്ടാകില്ലെന്നും കോടതി അറിയിച്ചു.

Share this story

Leave a Comment

Your comment will be visible after admin approval.