തിരുവനന്തപുരം: സംസ്ഥാന ബജറ്റിൽ വീര്യം കുറഞ്ഞ മദ്യത്തിന് നികുതിയിളവ് പ്രഖ്യാപിച്ചതിനെച്ചൊല്ലിയുള്ള കനത്ത രാഷ്ട്രീയ വിവാദങ്ങളിൽ സർക്കാരിന്റെ അന്തിമ നിലപാട് ഇന്ന് വ്യക്തമാക്കും. ബജറ്റിന്മേലുള്ള പൊതുചർച്ചയ്ക്ക് മുഖ്യമന്ത്രി ഇന്ന് വൈകിട്ട് മറുപടി നൽകും. രാവിലെ എട്ടു മണിക്ക് ചേരുന്ന നിർണായക മന്ത്രിസഭാ യോഗത്തിലും ഈ വിഷയം പ്രധാന ചർച്ചയാകും. ഘടകകക്ഷിയായ മുസ്ലിം ലീഗിന്റെ കടുത്ത അതൃപ്തിക്കും കോൺഗ്രസിനുള്ളിലെ ആഭ്യന്തര സമ്മർദ്ദങ്ങൾക്കും ഒടുവിൽ, നികുതി നിർദേശത്തിൽ മുഖ്യമന്ത്രി തിരുത്തലിന് തയ്യാറാകുമോ എന്നാണ് രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നത്.
നികുതി കുറയ്ക്കാനുള്ള തീരുമാനം എക്സൈസ് വകുപ്പ് മന്ത്രി എം.ലിജുവുമായോ മുന്നണി നേതൃത്വവുമായോ മുൻകൂട്ടി ആലോചിക്കാതെയാണ് ധനവകുപ്പ് കൈക്കൊണ്ടത് എന്ന ആക്ഷേപം കോൺഗ്രസിനുള്ളിൽ തന്നെ വലിയ ഭിന്നതയ്ക്ക് വഴിവെച്ചിട്ടുണ്ട്. മുന്നണിയിൽ യാതൊരു വിധ കൂടിയാലോചനകളുമില്ലാതെ ഇത്തരമൊരു നയപരമായ തീരുമാനം കൈക്കൊണ്ടതിലാണ് രണ്ടാം കക്ഷിയായ മുസ്ലിം ലീഗിന് കടുത്ത അതൃപ്തിയുള്ളത്. ലീഗ് നേതൃത്വം തങ്ങളുടെ വിയോജിപ്പ് ഇതിനകം സർക്കാരിനെ അറിയിച്ചതായാണ് വിവരം. ഇതിനു പുറമെ, സ്വന്തം പാർട്ടിയായ കോൺഗ്രസിനുള്ളിൽ നിന്നുള്ള കടുത്ത സമ്മർദ്ദമാണ് മുഖ്യമന്ത്രി നേരിടുന്ന മറ്റൊരു പ്രധാന വെല്ലുവിളി.
Leave a Comment
Your comment will be visible after admin approval.