ന്യൂഡൽഹി: ഗസ്സയിൽ ഇസ്രായേൽ തുടരുന്ന ക്രൂരമായ വംശഹത്യക്കെതിരെ നരേന്ദ്ര മോദി സർക്കാർ പുലർത്തുന്ന തുടർച്ചയായ മൗനത്തെ രൂക്ഷമായി വിമർശിച്ച് കോൺഗ്രസ് നേതാവ് സോണിയ ഗാന്ധി. ലോകമെമ്പാടും ഗസ്സയിലെ ജനങ്ങൾക്ക് വേണ്ടി ശബ്ദമുയർത്തുകയും ലോക രാജ്യങ്ങൾ ഇസ്രായേലിൽ നിന്ന് അകലം പാലിക്കുകയും ചെയ്യുമ്പോൾ, ഇന്ത്യ ഇസ്രായേലിന്റെ താല്പര്യങ്ങൾക്ക് വഴങ്ങുകയാണെന്ന് അവർ കുറ്റപ്പെടുത്തി. മോദി സർക്കാരിന്റെ ഈ മൗനത്തെ യുക്തിസഹമായോ ധാർമികമായോ വിശദീകരിക്കാൻ കഴിയില്ലെന്നും ആഗോള പൊതുജനാഭിപ്രായത്തിൽ നിന്ന് നാം സ്വയം അകന്നുപോയെന്നും അവർ ചൂണ്ടിക്കാട്ടി.
ഗസ്സയിൽ ഇസ്രായേൽ അധികൃതർ ഫലസ്തീനികൾക്കെതിരെ വംശഹത്യ നടത്തുകയാണെന്ന് 2025 സെപ്റ്റംബറിലെ യുഎൻ സ്വതന്ത്ര അന്താരാഷ്ട്ര അന്വേഷണ കമ്മീഷൻ കണ്ടെത്തിയിരുന്നു. പ്രമുഖ ഇന്ത്യൻ നിയമജ്ഞനായ ജസ്റ്റിസ് (റിട്ട.) എസ്. മുരളീധരൻ അധ്യക്ഷനായ ഇതേ കമ്മീഷൻ 2026 ജൂണിൽ പുറത്തുവിട്ട പുതിയ റിപ്പോർട്ടിൽ, കുട്ടികളെ ലക്ഷ്യമിട്ടുകൊണ്ട് ഫലസ്തീനികളുടെ അസ്തിത്വം തന്നെ ഇല്ലാതാക്കാനാണ് ഇസ്രായേൽ ശ്രമിക്കുന്നതെന്ന് വ്യക്തമാക്കുന്നുണ്ട്. ഗസ്സയിൽ ഇതുവരെ കുറഞ്ഞത് 20,000 കുട്ടികൾ കൊല്ലപ്പെടുകയും 44,000 പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. കൊല്ലപ്പെടുകയോ പരിക്കേൽക്കുകയോ ചെയ്തവരിൽ 27 ശതമാനവും കുട്ടികളാണ്. പല കുട്ടികളുടെയും തലയിലും കഴുത്തിലും വെടിയേറ്റ നിലയിലാണ് കണ്ടെത്തിയത്. ഗസ്സയിലെ 97 ശതമാനം സ്കൂളുകളും കുട്ടികളുടെ ആശുപത്രികൾ ഉൾപ്പെടെയുള്ള ആരോഗ്യസംവിധാനങ്ങളും ഇസ്രായേൽ തകർത്തു. ഇത് ഗർഭഛിദ്രവും പ്രസവസംബന്ധമായ സങ്കീർണതകളും 300 ശതമാനം വർധിക്കാൻ കാരണമായതായും സോണിയ ഗാന്ധി ചൂണ്ടിക്കാട്ടി.
Leave a Comment
Your comment will be visible after admin approval.