ഇന്ത്യയുമായുള്ള വ്യാപാരക്കരാർ അന്തിമഘട്ടത്തിലെന്ന് യു.എസ് അംബാസഡർ സെർജിയോ ഗോർ

Global Indian Writer · July 1, 2026 · 1 min read · 0 Comments · 0 Shares

വാഷിങ്ടൺ: ഇന്ത്യയുമായുള്ള വ്യാപാരക്കരാർ അന്തിമഘട്ടത്തിലെന്ന് യു.എസ് അംബാസഡർ സെർജിയോ ഗോർ. കരാർ പൂർത്തിയാക്കാൻ ഇനി ഒന്നോ രണ്ടോ ശതമാനം നടപടികൾ മാത്രമാണ് ബാക്കിയുള്ളതെന്ന് സെർജിയോ പറഞ്ഞു. നയതന്ത്ര തലത്തിൽ ഇരുരാജ്യങ്ങളും തമ്മിൽ അസ്വാരസ്യങ്ങളുണ്ടെന്ന പ്രചാരണങ്ങളെ തള്ളിക്കൊണ്ടാണ് സെർജിയോ ഇക്കാര്യം അറിയിച്ചത്.

ഒമ്പതാമത് യു.എസ്-ഇന്ത്യ സ്ട്രാറ്റജിക് പാർട്ട്ണർഷിപ്പ് ഫോറം ലീഡർഷിപ്പ് ഉച്ചകോടിയിൽ സംസാരിക്കുകയായിരുന്നു അംബാസഡർ. ഇന്ത്യയുമായുള്ള ബന്ധം അതിശക്തമാണെന്നും, ഇരുരാജ്യങ്ങൾക്കും ഗുണകരമാകുന്ന ‘വിൻ-വിൻ’ സാഹചര്യത്തിനാണ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് മുൻഗണന നൽകുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഏകദേശം 18 മാസമായി നടന്നുവരുന്ന വ്യാപാരക്കരാർ ചർച്ചകൾ, സുപ്രീം കോടതിയുടെ സമീപകാല ഇടപെടലിനെത്തുടർന്ന് അല്പകാലം മന്ദഗതിയിലായിരുന്നു. എന്നാൽ, യു.എസ് ട്രേഡ് റെപ്രസെന്റേറ്റീവ് ജാമിയേസൺ ലീ ഗ്രീറിന്റെ ഡൽഹി സന്ദർശനത്തോടെ ചർച്ചകൾ വീണ്ടും വേഗത്തിലാക്കാൻ കഴിഞ്ഞു. കരാറിന്റെ ഭൂരിഭാഗം നടപടികളും പൂർത്തിയായിട്ടുണ്ടെന്നും നിയമപരമായ ചില ചെറിയ കാര്യങ്ങൾ മാത്രമാണ് ഇനി തീർക്കാനുള്ളതെന്നും സെർജിയോ കൂട്ടിച്ചേർത്തു.

ഈ വർഷം മാത്രം ഇന്ത്യയിൽ നിന്ന് 20.5 ബില്യൺ ഡോളറിന്റെ വൻ നിക്ഷേപമാണ് അമേരിക്കയിലേക്ക് എത്തിയത്. യൂറോപ്യൻ രാജ്യങ്ങളിലെ യു.എസ് എംബസികളുമായി താരതമ്യം ചെയ്യുമ്പോൾ ഈ നേട്ടം അഭിമാനകരമാണെന്ന് ഗോർ ചൂണ്ടിക്കാട്ടി. മറ്റ് രാജ്യങ്ങളിൽ കോടിക്കണക്കിന് ഡോളറിന്റെ നിക്ഷേപം മാത്രം ലഭിക്കുമ്പോൾ, ഇന്ത്യയിലെ എംബസി കോടിക്കണക്കിന് ഡോളറിന്റെ നിക്ഷേപം ഉറപ്പാക്കി മുന്നേറുകയാണെന്ന് സെർജിയോ പറഞ്ഞു.

ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ബന്ധം തകർച്ചയിലാണെന്ന സമൂഹമാധ്യമങ്ങളിലെ വാദങ്ങളെയും അദ്ദേഹം തള്ളിക്കളഞ്ഞു.

Share this story

Leave a Comment

Your comment will be visible after admin approval.