അഞ്ച് പതിറ്റാണ്ടിലധികം പഴക്കമുള്ള ഭൂഖണ്ഡാന്തര സൂപ്പർസോണിക് വിമാനസർവീസുകളുടെ നിരോധനം നീക്കുന്നതിനുള്ള നടപടികളിലേക്ക് യു.എസ്. കടക്കുന്നു. ഇതിന്റെ ഭാഗമായി, ഇത്തരം വിമാനങ്ങൾ പ്രവർത്തിപ്പിക്കുന്നതിനായി ശബ്ദതീവ്രതയെ അടിസ്ഥാനമാക്കിയുള്ള മാനദണ്ഡങ്ങൾ നിഷ്കർഷിക്കുന്ന നിർദിഷ്ടനിയമം യു.എസ്. പുറത്തിറക്കി.
സൂപ്പർസോണിക് വിമാനങ്ങളുമായി ബന്ധപ്പെട്ട് സാധാരണയായി ഉണ്ടാകാറുള്ള ഉച്ചത്തിലുള്ള സോണിക് ബൂമുകളില്ലാതെ (ഇടിമുഴക്കം പോലുള്ള വലിയ ശബ്ദം), ശബ്ദത്തെക്കാൾ വേഗത്തിൽ പറക്കുന്ന എക്സ്-59 പരീക്ഷണവിമാനം നാസ വിജയകരമായി പരീക്ഷിച്ചതിന് പിന്നാലെയാണ് ചൊവ്വാഴ്ച യു.എസ്. ഗതാഗത വകുപ്പ് ഈ നടപടി സ്വീകരിച്ചത്.
സോണിക് ബൂം വലിയ ശബ്ദമലിനീകരണം ഉണ്ടാക്കുന്നുവെന്ന കാരണത്താലാണ് 1973-ൽ സൂപ്പർസോണിക് വിമാനങ്ങൾക്ക് നിരോധനം ഏർപ്പെടുത്തിയത്. ഈ വിമാനങ്ങൾ പറക്കുമ്പോൾ സോണിക് ബൂം കാരണം താഴെയുള്ള ജനവാസമേഖലകളിൽ പ്രയാസമുണ്ടാകും. ജനൽച്ചില്ലുകൾ ഇളകാനും കെട്ടിടങ്ങൾക്ക് കേടുപാടുകൾ വരുത്താനും വരെ അത് കാരണമായേക്കും. പഴയ നിരോധനനിയമം മാറ്റി, പകരം ശബ്ദപരിധി നിശ്ചയിക്കാനാണ് നിർദിഷ്ട എഫ്.എ.എ. നിയമം ലക്ഷ്യമിടുന്നത്.
വിമാനങ്ങൾ പുറപ്പെടുവിക്കുന്ന ശബ്ദം നിശ്ചിതപരിധിയിൽ താഴെയാണെങ്കിൽ, കരയ്ക്കു മുകളിലൂടെ മാക് 1-നെക്കാൾ (ശബ്ദത്തിന്റെ വേഗം, മണിക്കൂറിൽ 767 മൈൽ) വേഗത്തിൽ പറക്കാൻ പുതിയ നിയമം അനുവദിക്കും.
സൂപ്പർസോണിക് വിമാനങ്ങളുടെ ലാൻഡിങ്, ടേക്ക്ഓഫ് ശബ്ദമാനദണ്ഡങ്ങൾ നിശ്ചയിക്കുന്ന മറ്റൊരു നിയമംകൂടി ഈ വർഷാവസാനം കൊണ്ടുവരാൻ എഫ്.എ.എ. പദ്ധതിയിടുന്നുണ്ട്. ഈ രണ്ടുനിയമങ്ങൾക്കും 2027 പകുതിയോടെ അന്തിമരൂപമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. നിലവിൽ, ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷന്റെ (എഫ്.എ.എ.) പ്രത്യേക അനുമതിയോടെ ഒറ്റപ്പെട്ട പ്രദേശങ്ങൾക്കു മുകളിലൂടെ ഗവേഷണ, പരീക്ഷണ ആവശ്യങ്ങൾക്ക് മാത്രമായി മാക് 1-നെക്കാൾ വേഗത്തിൽ വിമാനം പറത്താൻ എയർലൈൻ ഓപ്പറേറ്റർമാർക്ക് സാധിക്കും.
വാണിജ്യാടിസ്ഥാനത്തിലുള്ള സൂപ്പർസോണിക് വിമാനയാത്ര സാധ്യമാക്കാൻ ലക്ഷ്യമിട്ടുള്ള ക്വസ്റ്റ് (Quiet SuperSonic Technology) ദൗത്യത്തിന്റെ ഭാഗമായാണ് യുഎസ് എക്സ്-59 വികസിപ്പിച്ചത് . ശബ്ദത്തെക്കാൾ വേഗത്തിൽ (സൂപ്പർസോണിക്) സഞ്ചരിക്കുമ്പോൾ സാധാരണ വിമാനങ്ങൾ ഉണ്ടാക്കുന്ന ഭീകരമായ ‘സോണിക് ബൂം’ ഇല്ലാതാക്കുക എന്നതാണ് ഇതിന്റെ പ്രധാനലക്ഷ്യം. ഇതിനുപകരം വളരെ നേർത്ത ഒരു ശബ്ദം (‘സോണിക് തമ്പ്’) മാത്രമാണ് ഈ വിമാനം പുറപ്പെടുവിക്കുക. 2026 ജൂൺ ആദ്യവാരത്തിൽ നടന്ന പരീക്ഷണത്തിൽ എക്സ്-59 ആദ്യമായി വിജയകരമായി ശബ്ദവേഗം മറികടന്നു. മാക് 1.077 വേഗത്തിൽ തുടങ്ങി, പിന്നീട് മാക് 1.4 വേഗം വരെ ഈ വിമാനം പരീക്ഷണപ്പറക്കലിലൂടെ കൈവരിച്ചിട്ടുണ്ട്. 2025 ഒക്ടോബർ 28-നായിരുന്നു എക്സ്-59-ന്റെ ആദ്യത്തെ പരീക്ഷണപ്പറക്കൽ. ലോഖീദ് മാർട്ടിന്റെ സഹകരണത്തോടെയാണ് നാസ ഈ വിമാനം നിർമിക്കുന്നത്.
Leave a Comment
Your comment will be visible after admin approval.