പരിശുദ്ധ കാതോലിക്കാബാവായുടെ സ്നേഹ ചലഞ്ച്:മാതൃകയായി ചന്ദനപ്പള്ളി വലിയപള്ളിയിലെ ലോക പ്രവാസി കൂട്ടായ്മ

Global Indian Writer · July 3, 2026 · 1 min read · 0 Comments · 0 Shares

പത്തനംതിട്ട: പെരുന്നാളുകളിലെ ആർഭാട ആഘോഷങ്ങൾ പരമാവധി ഒഴിവാക്കി അതിനായി ചെലവഴിക്കുന്ന തുക ഭവനനിർമാണം ഉൾപ്പെടെയുള്ള ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി വിനിയോഗിക്കണമെന്ന മലങ്കര ഓർത്തഡോക്സ് സഭയുടെ പരമാധ്യക്ഷൻ പരിശുദ്ധ കാതോലിക്കാബാവയുടെ ആഹ്വാനത്തിന് ശ്രദ്ധേയമായ പ്രവർത്തനമറുപടി നൽകി മാതൃകയാവുകയാണ് ചന്ദനപ്പള്ളി വലിയപള്ളിയുടെ ലോക പ്രവാസി കൂട്ടായ്മ.

തൃശൂർ മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ പരിശുദ്ധ കാതോലിക്കാബാവ മുന്നോട്ടുവച്ച “സ്നേഹചലഞ്ച്” ഏറ്റെടുത്ത്, 2026-ലെ പെരുന്നാളിൽ വെടിക്കെട്ട് ഉൾപ്പെടെയുള്ള ആർഭാട പരിപാടികൾ പൂർണമായും ഒഴിവാക്കി കാരുണ്യപ്രവർത്തനങ്ങൾക്ക് മുൻഗണന നൽകിയ ചന്ദനപ്പള്ളി വലിയപള്ളി, അതിന്റെ തുടർച്ചയായാണ് ലോക പ്രവാസി കൂട്ടായ്മയുടെ നേതൃത്വത്തിൽ വെറും 60 ദിവസങ്ങൾക്കുള്ളിൽ ഒരു കുടുംബത്തിന് സ്നേഹഭവനം നിർമ്മിച്ച് നൽകിയത്.

രണ്ട് കിടപ്പുമുറികൾ, ഹാൾ, അടുക്കള, ശുചിമുറി എന്നിവ ഉൾപ്പെടെയുള്ള എല്ലാ അടിസ്ഥാന സൗകര്യങ്ങളോടും കൂടിയ വീടാണ് നിർമ്മിച്ചിരിക്കുന്നത്. സുരക്ഷിതവും അന്തസ്സുള്ളതുമായ ജീവിതമെന്ന ഒരു സാധാരണ കുടുംബത്തിന്റെ ദീർഘകാല സ്വപ്നമാണ് ഈ പദ്ധതിയിലൂടെ സാക്ഷാത്കരിക്കപ്പെട്ടത്.കുടുംബത്തിന്റെ ആവശ്യങ്ങൾക്കും താൽപര്യങ്ങൾക്കും അനുസൃതമായാണ് ഭവനത്തിന്റെ രൂപകൽപനയും നിർമ്മാണവും പൂർത്തിയാക്കിയത്.

ലോകത്തിന്റെ വിവിധ രാജ്യങ്ങളിൽ ജോലി ചെയ്യുന്ന ചന്ദനപ്പള്ളി വലിയപള്ളിയിലെ പ്രവാസി ഇടവകാംഗങ്ങളുടെ സ്നേഹവും ഉദാരമായ സഹകരണവുമാണ് പദ്ധതിക്ക് കരുത്തായത്. പെരുന്നാളിനോടനുബന്ധിച്ച് പതിവായി നടത്തിയിരുന്ന ലോക പ്രവാസി സംഗമത്തിന്റെ ചെലവ് ഗണ്യമായി കുറച്ച്, അതിലൂടെ ലഭിച്ച തുകയും അംഗങ്ങളുടെ സംഭാവനകളും ചേർത്താണ് ഭവനനിർമാണം പൂർത്തിയാക്കിയത്. ആഘോഷങ്ങൾക്കായി മാറ്റിവച്ചിരുന്ന തുക ഒരു കുടുംബത്തിന്റെ ജീവിതത്തിൽ പ്രതീക്ഷയുടെ വെളിച്ചമാക്കിയതിലൂടെ പരിശുദ്ധ കാതോലിക്കാബാവയുടെ ആഹ്വാനം പ്രവർത്തിയിലൂടെ യാഥാർഥ്യമാക്കാൻ കൂട്ടായ്മയ്ക്ക് സാധിച്ചു.

2020 ഫെബ്രുവരി 20-ന് ഔദ്യോഗികമായി രൂപംകൊണ്ട ചന്ദനപ്പള്ളി വലിയപള്ളി ലോക പ്രവാസി കൂട്ടായ്മ മലങ്കര സഭയിലെ ആദ്യത്തെ പ്രവാസി കൂട്ടായ്മ എന്ന പ്രത്യേകതയും സ്വന്തമാക്കിയിട്ടുണ്ട്. കോവിഡ് മഹാമാരിക്കാലത്ത് മാതൃഇടവകയ്ക്കും സമൂഹത്തിനുമായി നാൽപത് ലക്ഷത്തിലേറെ രൂപയുടെ സഹായ പദ്ധതികൾ നടപ്പാക്കിയ കൂട്ടായ്മ, തുടർന്ന് “എല്ലാവർക്കും ഒരു ഭവനം” എന്ന ലക്ഷ്യത്തോടെ സമരിറ്റൻ ഭവന പദ്ധതിക്കും തുടക്കമിട്ടു.

2023-ൽ ആരംഭിച്ച സമരിറ്റൻ ഭവന പദ്ധതിയുടെ ഭാഗമായി 2026-ഓടെ ആറു ഭവന പദ്ധതികൾ വിജയകരമായി പൂർത്തിയാക്കി. പുതിയ വീടുകളുടെ നിർമ്മാണം, ഭവന പുനർനിർമാണം, ഭവനനിർമാണത്തിനുള്ള സാമ്പത്തിക സഹായം, അടിയന്തര ചികിത്സാ സഹായം എന്നിവ ഉൾപ്പെടെ കാൽ കോടി രൂപയിലധികം ചെലവഴിച്ച ജീവകാരുണ്യ പ്രവർത്തനങ്ങളാണ് പദ്ധതിയിലൂടെ നടപ്പാക്കിയത്.

സ്നേഹഭവനത്തിന്റെ കൂദാശ ജൂലൈ 5-ന് ഉച്ചകഴിഞ്ഞ് 3.30-ന് നടക്കും. ഇടവക വികാരി ഫാ. സുനിൽ എബ്രഹാം, സഹവികാരി ഫാ. ജോബിൻ യോഹന്നാൻ, മറ്റ് ഇടവക വൈദികർ എന്നിവർ ചടങ്ങുകൾക്ക് കാർമ്മികത്വം വഹിക്കും.

ഫാ. സുനിൽ എബ്രഹാം (പ്രസിഡന്റ്), ഫാ. ജോബിൻ യോഹന്നാൻ (വൈസ് പ്രസിഡന്റ്), മാത്യൂസ് പി. ജേക്കബ് (ചെയർമാൻ), സിറിയക് വർഗീസ് (ജനറൽ സെക്രട്ടറി), ജോൺ ജോയൽ ബേബി (ട്രഷറാർ), എതിൻ സാം എബ്രഹാം (ജോയിന്റ് സെക്രട്ടറി), സണ്ണി ജോൺ, ജെഗി ജോൺ, ജിജോ ജോസഫ്, ബ്രൈറ്റ് വർഗീസ്, ലിബിൻ തങ്കച്ചൻ, മൈക്കിൾ ബേബി (ഡയറക്ടർ ബോർഡ് അംഗങ്ങൾ), ഗീവർഗീസ് ഫിലിപ്പ്, അജീഷ് സാം അലക്സ്, ബിനീഷ് ബാബു (സമരിറ്റൻ പ്രോജക്ട് കൺവീനർമാർ)എന്നിവരുടെ നേതൃത്വത്തിലുള്ള ഭരണസമിതിയാണ് 2026-27 വർഷത്തെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്.

ഓൺലൈൻ സംവിധാനങ്ങളുടെ സഹായത്തോടെ ലോകമെമ്പാടുമുള്ള ഇടവകാംഗങ്ങളെ ഏകോപിപ്പിച്ച് പ്രവർത്തിക്കുന്ന ഈ കൂട്ടായ്മ ശക്തമായ സംഘടനാ സംവിധാനത്തോടെ വാർഷിക സമ്മേളനങ്ങൾ, പ്രവാസി സംഗമം, ആത്മീയ കലാ സന്ധ്യകൾ ,ജനാധിപത്യ രീതിയിലുള്ള തെരഞ്ഞെടുപ്പ്,എന്നിവയും കൃത്യമായി സംഘടിപ്പിച്ചുവരുന്നു.

ആഘോഷങ്ങളുടെ ആർഭാടത്തേക്കാൾ കാരുണ്യത്തിനും മനുഷ്യസ്നേഹത്തിനും പ്രാധാന്യം നൽകുന്ന പരിശുദ്ധ കാതോലിക്കാബാവയുടെ സന്ദേശം പ്രവർത്തിയിലൂടെ സമൂഹത്തിന് മുന്നിൽ അവതരിപ്പിച്ച ഈ സംരംഭം, മറ്റ് ഇടവകകൾക്കും സംഘടനകൾക്കും പ്രചോദനമാകുന്ന മാതൃകാപരമായ ജീവകാരുണ്യ പ്രവർത്തനമാണെന്നും ഭവനത്തിൻ്റെ താക്കോൽ ദാന ചടങ്ങ് ഔദ്യോഗിക ചടങ്ങുകളോടെ സഭാ പിതാക്കന്മാരുടെ സാന്നിധ്യത്തിൽ പിന്നീട് നടക്കുമെന്നും ഇടവക ട്രസ്റ്റി ഷിജു തങ്കച്ചൻ, സെക്രട്ടറി ടി. എം. വർഗീസ്, ലോക പ്രവാസി കൂട്ടായ്മ കോ-ഓർഡിനേറ്റർമാരായ റോയി വർഗീസ്, മനോജ് ചന്ദനപ്പള്ളി, ഷാജി തോമസ് എന്നിവർ അറിയിച്ചു.

Share this story

Leave a Comment

Your comment will be visible after admin approval.