പാരിസ്: ഫ്രാൻസിൽ താപതരംഗത്തെത്തുടർന്ന് മരിച്ചവരുടെ എണ്ണത്തിൽ ജൂൺ അവസാനവാരം 30 % വർധനയുണ്ടായെന്ന് റിപ്പോർട്ട്. ജൂൺ 22 മുതൽ 28 വരെയുള്ള ആഴ്ചയിൽ മരിച്ചവരുടെ എണ്ണം തൊട്ടുമുൻപത്തെ ആഴ്ചയേക്കാൾ കൂടുതലാണ്. 2,025 അധിക മരണങ്ങളാണുണ്ടായതെന്ന് ഫ്രഞ്ച് ആരോഗ്യ മന്ത്രി സ്റ്റെഫാനി റിസ്റ്റ് പ്രസ്താവനയിൽ അറിയിച്ചു. 45 വയസിൽ കൂടുതലുള്ളവർക്കിടയിൽ മരണസംഖ്യ കൂടിയെന്നതിന് കൃത്യമായ തെളിവുണ്ടെന്നും അവർ കൂട്ടിച്ചേർത്തു. പാരിസ് മേഖലയിൽ മാത്രം കഴിഞ്ഞയാഴ്ച മരണത്തിൽ 62 ശതമാനത്തിന്റെ വർധനയാണുണ്ടായതെന്നും റിപ്പോർട്ടിൽ പറയുന്നു.
ഫ്രാൻസിൽ താപതരംഗ മരണം നിയന്ത്രിക്കാനാകാത്തത് സർക്കാരിന്റെ പിടിപ്പുകേടാണെന്ന് പ്രതിപക്ഷം ആരോപിച്ചു. ഇക്കാര്യത്തിൽ സെബാസ്റ്റ്യൻ ലുകോനു സർക്കാരിനെതിരെ ഗ്രീൻ പാർട്ടി വ്യാഴാഴ്ച അവിശ്വാസ പ്രമേയത്തിന് നോട്ടിസ് നൽകി. അതിനിടെ, യൂറോപ്പിൽ വരുന്ന ഏതാനും ദിവസങ്ങളിൽ താപതരംഗം കൂടുതൽ ശക്തി പ്രാപിക്കുമെന്ന് കാലാവസ്ഥ നിരീക്ഷകർ മുന്നറിയിപ്പു നൽകിയിട്ടുണ്ട്.
മറ്റു യൂറോപ്യൻ രാജ്യങ്ങളിലും താപതരംഗത്തിലെ മരണനിരക്ക് കുത്തനെ ഉയർന്നിട്ടുണ്ട്. ബെൽജിയത്തിൽ കഴിഞ്ഞയാഴ്ച 1,222 അധിക മരണങ്ങൾ രേഖപ്പെടുത്തി. മുൻ ആഴ്ചയെ അപേക്ഷിച്ച് 39 ശതമാനത്തിന്റെ വർധനയാണ് മരണസംഖ്യയിലുണ്ടായത്. നെതർലൻഡ്സിൽ 480 അധിക മരണങ്ങളും ഉണ്ടായിട്ടുണ്ട്. 2003ലെ ഉഷ്ണതരംഗത്തിൽ ഫ്രാൻസിൽ 15,000 പേരാണ് മരിച്ചത്.
Leave a Comment
Your comment will be visible after admin approval.