ധാക്ക: ബംഗ്ലാദേശിന്റെ തെക്കുകിഴക്കൻ ഭാഗത്തുള്ള കോക്സ് ബസാറിലെ റോഹിങ്ക്യൻ അഭയാർഥി ക്യാമ്പുകളിൽ തിങ്കളാഴ്ച പുലർച്ചെയുണ്ടായ ഒന്നിലധികം മണ്ണിടിച്ചിലുകളിൽ സ്ത്രീകളും കുട്ടികളും ഉൾപ്പെടെ എട്ട് പേർ മരിച്ചു. നിരവധി പേർക്ക് പരിക്കേറ്റതായി അധികൃതർ അറിയിച്ചു. കനത്ത മൺസൂൺ മഴയാണ് ദുരന്തത്തിന് കാരണമായത്.
ക്യാമ്പിലെ നാല് വ്യത്യസ്ത ഭാഗങ്ങളിലാണ് മണ്ണിടിച്ചിൽ ഉണ്ടായത്. ആളുകൾ ഉറങ്ങിക്കിടക്കുന്നതിനിടെ മണ്ണും പാറക്കല്ലുകളും കുടിലുകൾക്ക് മുകളിലേക്ക് പതിക്കുകയായിരുന്നു. പരിക്കേറ്റ നിരവധി പേരെ സമീപത്തെ ആശുപത്രികളിലേക്ക് മാറ്റിയിട്ടുണ്ട്.. പല കുടുംബങ്ങൾക്കും താമസസ്ഥലം നഷ്ടപ്പെട്ടിട്ടുണ്ട്. കോക്സ് ബസാറിലെ സമീപഗ്രാമത്തിൽ കുന്നിടിഞ്ഞ് വീട് തകർന്നതിനെ തുടർന്ന് ഒരു ബംഗ്ലാദേശ് സ്വദേശിയും മരിക്കുകയും കുടുംബത്തിലെ രണ്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി പൊലീസ് അറിയിച്ചു.
ലോകത്തിലെ ഏറ്റവും വലിയ അഭയാർഥി കേന്ദ്രമായ കോക്സ് ബസാറിൽ ഏകദേശം 12 ലക്ഷത്തോളം റോഹിങ്ക്യൻ അഭയാർഥികളാണ് കഴിയുന്നത്. 2017-ൽ മ്യാൻമറിലെ റാഖൈൻ സംസ്ഥാനത്ത് സൈനിക നടപടി ശക്തമായതിനെ തുടർന്ന് സ്വന്തം നാടുവിട്ട് ബംഗ്ലാദേശിലേക്ക് പലായനം ചെയ്തവരാണ് ഇവരിൽ ഭൂരിഭാഗവും. കുന്നിൻ ചരിവുകളിലും വനമേഖലകളിലുമായി മുളയും പ്ലാസ്റ്റിക് ഷീറ്റുകളും ഉപയോഗിച്ച് നിർമ്മിച്ച താൽക്കാലിക കുടിലുകളിലാണ് ഇവർ താമസിക്കുന്നത്.
അപകടസാധ്യത കണക്കിലെടുത്ത് ക്യാമ്പുകളിലെ താഴ്ന്ന പ്രദേശങ്ങളിലും കുന്നിൻ ചരിവുകളിലുമുള്ള ആയിരത്തിലധികം അഭയാർഥികളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിപ്പാർപ്പിച്ചതായി ക്യാമ്പ് അധികൃതർ അറിയിച്ചു. കനത്ത മഴക്ക് സാധ്യതയുള്ളതിനാൽ അപകടസാധ്യതയുള്ള മേഖലകളിൽ നിന്ന് കൂടുതൽ ആളുകളെ മാറ്റാനുള്ള നടപടികളും തുടരുകയാണ്. സന്നദ്ധപ്രവർത്തകരും ദുരന്തനിവാരണ സംഘങ്ങളും ക്യാമ്പുകളിൽ ജാഗ്രതാ നിർദേശങ്ങൾ നൽകുകയും സ്ഥിതിഗതികൾ നിരന്തരം നിരീക്ഷിക്കുകയും ചെയ്യുന്നു.
Leave a Comment
Your comment will be visible after admin approval.