പ്രതിവാരം ഉപയോഗിക്കാവുന്ന ഇൻസുലിൻ ഇന്ത്യയിൽ പുറത്തിറക്കി ഡാനിഷ് മരുന്ന് നിർമ്മാതാക്കൾ

Global Indian Writer · July 9, 2026 · 1 min read · 0 Comments · 0 Shares

ടൈപ്പ് 1, ടൈപ്പ് 2 പ്രമേഹബാധിതരിൽ പ്രതിവാരം ഉപയോഗിക്കാവുന്ന ഇൻസുലിൻ ഇന്ത്യയിൽ പുറത്തിറക്കി ഡാനിഷ് മരുന്ന് നിർമ്മാതാക്കളായ നോവോ നോർഡിസ്. Awiqli എന്ന ഇൻസുലിൻ യാഥാർഥ്യമാവുകവഴി വർ‌ഷത്തിൽ 365 ദിവസവും ഇൻസുലിനെടുക്കുന്നവർക്ക് ഇത് ആഴ്ചയിലൊന്നെന്ന രീതിയിൽ കുറയ്ക്കാനാവുമെന്ന് കമ്പനി പറയുന്നു.

പ്രമേഹരോഗികളിൽ ഗുളികകൾ കൊണ്ട് മാത്രമുള്ള ചികിത്സ അസാധ്യമായിത്തീരുമ്പോഴാണ് ഇൻസുലിൻ ചികിത്സ ആരംഭിക്കുക. ടൈപ് 1, ടൈപ് 2 ഡയബറ്റിസ് രോഗികളിൽ രക്തത്തിലെ ഷുഗറിന്റെ അളവ് നിയന്ത്രിക്കാൻ പ്രതിദിനം ഒന്നോ, ഒന്നിലധികമോ ഇൻസുലിൻ എടുക്കാറുണ്ട്. ഈ രീതി പാടെ ഒഴിവാക്കുന്നതാണ് പുതിയ മരുന്ന്.

Awaqliയുടെ 700 യൂണിറ്റ് പാക്കിന് 2611 രൂപയാണ് വില. നിലവിൽ ലഭ്യമായ പ്രതിദിന ഇൻസുലിൻ യൂണിറ്റുകളുടെ വിലയേക്കാൾ ഏകദേശം 30-40 ശതമാനം കുറവാണെന്ന് മരുന്ന് നിർമ്മാതാക്കൾ അവകാശപ്പെടുന്നു. പ്രമേഹം നിയന്ത്രിക്കുന്നതിനായി പലരോഗികൾക്കും ദിവസവും 10 യൂണിറ്റ് വരെ ആവശ്യമായി വരാറുണ്ട്. അതായത് അത്തരം രോഗികൾക്ക് പ്രതിവാരം 70 യൂണിറ്റ് ഇൻസുലിൻ വേണ്ടിവരുന്നതിന് ഏകദേശം 261 രൂപ ഒരാഴ്ചത്തേക്ക് ചെലവാകും. പുതിയ ഇൻസുലിൻ പ്രാബല്യത്തിൽ വരുന്നതോടെ ഈ ചെലവ് കുറയ്ക്കാനാവും.

ലോകത്തിലെ ഏറ്റവും വലിയ പ്രമേഹ ബാധിച്ച രാജ്യങ്ങളിലൊന്നാണ് ഇന്ത്യ എന്നതിനാൽ ഈ മരുന്നിന് വലിയ പ്രാധാന്യവുമുണ്ട്. പുതുതായി വികസിപ്പിച്ച പ്രതിവാര ഇൻസുലിന്റെ ഗുണനിലവാരം പരിശോധിക്കാനുള്ള ക്ലിനിക്കൽ ട്രയലിനൊടുവിൽ രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് വലിയതോതിൽ കുറഞ്ഞുവെന്നാണ് മരുന്നുനിർമാതാക്കൾ പറയുന്നത്. പ്രതിദിനം നൽകുന്ന ഇൻസുലിനേക്കാൾ മികച്ചതാണെന്നും അവകാശപ്പെടുന്നുണ്ട്.

രാജ്യത്തെ പ്രമേഹ പരിചരണമേഖലയിലെ നിർണായക വഴിത്തിരിവാണ് ഇതെന്നാണ് നോവോ നോർഡിസ് ഇന്ത്യയുടെ മാനേജിംഗ് ഡയറക്ടർ വിക്രാന്ത് ഷ്രോത്രിയ പറയുന്നത്. നിലവിൽ ഇന്ത്യയിൽ ഏകദേശം 60 ലക്ഷം ആളുകൾ ഇൻസുലിൻ ഉപയോഗിക്കുന്നുണ്ടെന്നും അവർക്ക് ഇത് ഉപയോഗപ്രദമാകുമെന്നും അദ്ദേഹം പറഞ്ഞു.

Share this story

Leave a Comment

Your comment will be visible after admin approval.