പി.പി ചെറിയാൻ
അഗസ്റ്റ (മേയ്ൻ): മേയ്ൻ സെന്റർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ മുൻ ഡയറക്ടർ നിരവ് ഷാ (49), ഡെമോക്രാറ്റിക് പാർട്ടിയിൽ നിന്നുള്ള യു.എസ് സെനറ്റ് സ്ഥാനാർത്ഥിത്വത്തിനായി ജൂലൈ 9 നു ഔദ്യോഗികമായി രംഗത്തിറങ്ങി. ലൈംഗികാരോപണങ്ങളെ തുടർന്ന് ഡെമോക്രാറ്റിക് സ്ഥാനാർത്ഥി ഗ്രഹാം പ്ലാറ്റ്നർ പിന്മാറിയ സാഹചര്യത്തിലാണ് ഇന്ത്യൻ വംശജനായ നിരവ് ഷായുടെ ഈ പ്രഖ്യാപനം.
കോവിഡ്-19 മഹാമാരിക്കാലത്ത് മേയ്ൻ സംസ്ഥാനത്തെ പ്രതിരോധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയതിലൂടെയാണ് ഫിസിഷ്യൻ കൂടിയായ നിരവ് ഷാ ജനശ്രദ്ധ നേടിയത്. അടുത്തിടെ നടന്ന ഗവർണർ സ്ഥാനത്തേക്കുള്ള ഡെമോക്രാറ്റിക് പ്രൈമറിയിൽ അദ്ദേഹം രണ്ടാം സ്ഥാനത്ത് എത്തിയിരുന്നു. യുണൈറ്റഡ് സ്റ്റേറ്റ്സിലെ പ്രോഗ്രസ്സീവ് നയങ്ങളെ പിന്തുണയ്ക്കുന്ന അദ്ദേഹം കോടീശ്വരന്മാർക്ക് ഉയർന്ന നികുതി ഏർപ്പെടുത്തുക, എല്ലാവർക്കും ആരോഗ്യ ഇൻഷുറൻസ് (Medicare for All) ഉറപ്പാക്കുക തുടങ്ങിയ കാര്യങ്ങൾക്ക് മുൻഗണന നൽകുമെന്ന് വ്യക്തമാക്കി.
ഈ മാസം അവസാനം നടക്കുന്ന ഡെമോക്രാറ്റിക് പാർട്ടി കൺവെൻഷനിലെ പ്രതിനിധികളായിരിക്കും പുതിയ സ്ഥാനാർത്ഥിയെ തിരഞ്ഞെടുക്കുക. നിലവിലെ റിപ്പബ്ലിക്കൻ സെനറ്റർ സുസൻ കോളിൻസിന് എതിരെയായിരിക്കും ഇത്തവണത്തെ മത്സരം. ഏകദേശം 500 മില്യൺ ഡോളർ ചിലവ് പ്രതീക്ഷിക്കുന്ന, രാജ്യത്തെ തന്നെ ഏറ്റവും ചെലവേറിയ സെനറ്റ് മത്സരങ്ങളിലൊന്നായി ഇത് മാറുമെന്നാണ് വിലയിരുത്തൽ.
Leave a Comment
Your comment will be visible after admin approval.