കുവൈത്ത് സിറ്റി:യുഎസുമായുള്ള സൈനിക ഏറ്റുമുട്ടൽ ശക്തമാകുന്നതിനിടെ ബഹ്റൈൻ, കുവൈത്ത്, ജോർദാൻ എന്നീ രാജ്യങ്ങളിലെ യുഎസ് സൈനിക താവളങ്ങൾ ലക്ഷ്യമിട്ട് ഇറാന്റെ ശക്തമായ മിസൈൽ, ഡ്രോൺ ആക്രമണം. കുവൈത്തിനു നേരെ ഉണ്ടായ ആക്രമണത്തിൽ ഒരിടത്ത് വൻ തീപിടിത്തമുണ്ടായി.
കുവൈത്ത് കരസേനയുടെയും നാഷനൽ ഗാർഡിന്റെയും പിന്തുണയോടെ ആറ് അഗ്നിശമന സേനാ യൂണിറ്റുകൾ മണിക്കൂറുകൾ പ്രയത്നിച്ചാണ് തീ നിയന്ത്രണവിധേയമാക്കിയത്. ആക്രമണത്തിൽ ആർക്കും പരുക്കേറ്റിട്ടില്ലെന്നും ഭൗതികമായ നാശനഷ്ടങ്ങൾ മാത്രമാണ് സംഭവിച്ചതെന്നും കുവൈത്ത് ഫയർ ഫോഴ്സ് ഔദ്യോഗിക വക്താവ് ബ്രി. ജനറൽ മുഹമ്മദ് അൽ ഗരീബ് അറിയിച്ചു.
ഇറാന്റെ ഭാഗത്തുനിന്നുണ്ടായ വ്യോമാക്രമണ നീക്കങ്ങളെ പ്രതിരോധിച്ച് കുവൈത്തും ബഹ്റൈനും രംഗത്തെത്തിയപ്പോൾ, തങ്ങളുടെ വ്യോമാതിർത്തി ലംഘിച്ചെത്തിയ മൂന്ന് ഇറാനിയൻ മിസൈലുകൾ വെടിവച്ചിട്ടതായി ജോർദാൻ സായുധ സേന അറിയിച്ചു.
രാജ്യത്തിന്റെ പരമാധികാരവും ജനങ്ങളുടെ സുരക്ഷയും ഉറപ്പാക്കാൻ വ്യോമപ്രതിരോധ സംവിധാനം അതീവ ജാഗ്രതയിലാണെന്നും ഏതു തരത്തിലുള്ള ലംഘനങ്ങളെയും കർശനമായി നേരിടുമെന്നും ജോർദാൻ വ്യക്തമാക്കി.
ബഹ്റൈനിലെ യുഎസ് അഞ്ചാം കപ്പൽ വ്യൂഹത്തിന്റെ കമാൻഡ് ആൻഡ് കൺട്രോൾ സെന്റർ, ലോജിസ്റ്റിക്സ് വിഭാഗം, ഇന്ധന സംഭരണശാലകൾ, സൈനിക ഉപകരണങ്ങൾ സൂക്ഷിക്കുന്ന കേന്ദ്രങ്ങൾ എന്നിവ വിജയകരമായി തകർത്തതായാണ് ഇറാന്റെ ഇസ്ലാമിക് റെവല്യൂഷനറി ഗാർഡ് കോർപ്സ് അവകാശപ്പെടുന്നത്.
കപ്പൽ ഗതാഗത റൂട്ടുകൾ നിയന്ത്രിച്ച് മേഖലയിൽ നിന്നുള്ള എണ്ണ, വാതക കയറ്റുമതി തടയാനാണ് യുഎസ് ശ്രമിക്കുന്നതെങ്കിൽ, തങ്ങളുടെയും സഖ്യകക്ഷികളുടെയും താൽപര്യങ്ങൾ സംരക്ഷിക്കുന്ന മറ്റ് കയറ്റുമതി റൂട്ടുകൾ അടച്ചുപൂട്ടാൻ മടിക്കില്ലെന്ന് ഇറാൻ മുന്നറിയിപ്പ് നൽകി. മേഖലയിലെ ഊർജ വിഭവങ്ങളുടെ വിതരണം ഒന്നുകിൽ എല്ലാവർക്കും ലഭ്യമാകുമെന്നും അല്ലെങ്കിൽ ആർക്കും ലഭിക്കില്ലെന്നുമാണ് ഇറാന്റെ നിലപാട്.
Leave a Comment
Your comment will be visible after admin approval.