ഇറാന് വേണ്ടി ചാരപ്രവർത്തനം: ഇസ്രായേൽ സൈനികന് അഞ്ച് വർഷം തടവ്

Global Indian Writer · July 15, 2026 · 1 min read · 0 Comments · 0 Shares

തെൽ അവീവ്: ഇറാനുവേണ്ടി ചാരപ്രവർത്തനം നടത്തിയെന്ന കുറ്റത്തിന് ഇസ്രായേൽ സൈനികന് അഞ്ച് വർഷം തടവ് ശിക്ഷ വിധിച്ചു. വിദേശ ഏജന്റുമായി ബന്ധം സ്ഥാപിച്ചതിനും ശത്രുരാജ്യത്തിന് സഹായകമായ വിവരങ്ങൾ കൈമാറിയതിനുമാണ് സൈനികൻ കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്. ഇസ്രായേൽ സൈന്യവും, ഇസ്രായേൽ പൊലീസ്, ഷിൻ ബെറ്റ് എന്നിവർ സംയുക്തമായി നടത്തിയ അന്വേഷണത്തിനൊടുവിലാണ് കോടതി വിധി.

2025ലാണ് കേസിന് ആസ്പദമായ സംഭവങ്ങളുടെ തുടക്കം. ടെലിഗ്രാം വഴി അജ്ഞാതരിൽ നിന്ന് ലഭിച്ച തൊഴിൽ വാഗ്ദാനങ്ങളാണ് സൈനികനെ ഇറാനിയൻ ഏജന്റുമാരുമായി അടുപ്പിച്ചത്. 2025 ജൂണിൽ ഇറാനുമായി നടന്ന യുദ്ധത്തിനിടെ, മിസൈലുകൾ തകർക്കുന്നതിന്റെ ദൃശ്യങ്ങൾ പകർത്തി നൽകാൻ ഇവർ ആവശ്യപ്പെടുകയായിരുന്നു. സൈനിക താവളങ്ങളിൽ നിന്നല്ല, മറിച്ച് സാധാരണക്കാർ തിങ്ങിപ്പാർക്കുന്ന പ്രദേശങ്ങളിൽ നിന്ന് പകർത്തിയ ദൃശ്യങ്ങളാണ് ഇയാൾ ഏജന്റിന് അയച്ചുനൽകിയത്. ഇതിൽ ഒരു വിഡിയോക്ക് പ്രതിഫലമായി പണവും ലഭിച്ചു. ഓൺലൈനിൽ നിന്ന് കണ്ടെത്തിയ മിസൈൽ പതിക്കുന്നതിന്റെ ദൃശ്യങ്ങളും ഇയാൾ ഇവർക്ക് കൈമാറിയിരുന്നു.

പിന്നീട് ഏജന്റുമാരുടെ ഭാഗത്തുനിന്നുണ്ടായ സമ്മർദം താങ്ങാനാവാതെ വന്നതോടെ, സൈനികൻ തന്റെ യൂണിറ്റിലെ സഹപ്രവർത്തകനോട് വിവരം വെളിപ്പെടുത്തി. തൊട്ടടുത്ത ദിവസം തന്നെ ഷിൻ ബെറ്റ് ഇദ്ദേഹത്തെ അറസ്റ്റ് ചെയ്യുകയായിരുന്നു. സൈനികന്റെ പ്രവൃത്തിയുടെ ഗൗരവം കണക്കിലെടുത്ത് ഏഴ് വർഷത്തെ തടവ് ശിക്ഷയാണ് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടത്.

എന്നാൽ, സൈന്യത്തിന്റെ ഔദ്യോഗിക രഹസ്യങ്ങളോ തന്ത്രപ്രധാനമായ വിവരങ്ങളോ ഇയാൾ കൈമാറിയിട്ടില്ലെന്നതും, സ്വന്തം നിലക്ക് ബന്ധം അവസാനിപ്പിച്ച് മേലുദ്യോഗസ്ഥരോട് വിവരം വെളിപ്പെടുത്തിയതും കോടതി പരിഗണിച്ചു. ഇതേത്തുടർന്ന് ശിക്ഷ അഞ്ച് വർഷമായി കുറക്കുകയായിരുന്നു. കൂടാതെ, 1000 ഷെക്കൽ പിഴയും, സൈനിക റാങ്കിൽ നിന്ന് ഏറ്റവും താഴ്ന്ന റാങ്ക് ആക്കി മാറ്റാനും കോടതി ഉത്തരവിട്ടു.

Share this story

Leave a Comment

Your comment will be visible after admin approval.