ഫ്ലോറിഡയിൽ ക്രൂരത: 13 വയസ്സുകാരിയായ മകളെ വെയിലത്ത് ചങ്ങലയിൽ പൂട്ടിയിട്ട അമ്മ അറസ്റ്റിൽ

Global Indian Writer · July 16, 2026 · 1 min read · 0 Comments · 0 Shares

പി പി ചെറിയാൻ

ഫ്ലോറിഡ :അസഹനീയമായ ചൂടിൽ 13 വയസ്സുകാരിയായ സ്വന്തം മകളെ ചങ്ങലയിൽ കെട്ടിയിട്ട് പട്ടിണിക്കിട്ട ഫ്ലോറിഡ സ്വദേശിയായ അമ്മ അറസ്റ്റിൽ. യഷിര മേരി മാൽഡൊനാഡോ (34) എന്ന സ്ത്രീയാണ് ചൈൽഡ് അബ്യൂസ് (കുട്ടികൾക്കെതിരെയുള്ള ക്രൂരത), കുട്ടിയെ അവഗണിക്കൽ എന്നീ കുറ്റങ്ങൾ ചുമത്തപ്പെട്ട് പിടിയിലായത്.

ഫ്ലോറിഡയിലെ ഹിയാലിയയിലുള്ള പെൺകുട്ടിയുടെ മുത്തശ്ശിയുടെ വീടിന് പുറത്താണ് സംഭവം നടന്നത്. കുട്ടിയുടെ അരയിൽ ഇരുമ്പ് ചങ്ങല ചുറ്റി വേലിയിൽ ബന്ധിച്ച ശേഷം യഷിര കാറോടിച്ച് പോവുകയായിരുന്നു.

93 ഡിഗ്രി ഫാരൻഹീറ്റിലധികം (ഏകദേശം 34 ഡിഗ്രി സെൽഷ്യസ്) ചൂടുണ്ടായിരുന്ന സമയത്ത്, തണലോ ഭക്ഷണമോ വെള്ളമോ നൽകാതെയാണ് കുട്ടിയെ വെയിലത്ത് നിർത്തിയിരുന്നത്.

അയൽപക്കത്തെ റിംഗ് ക്യാമറ ദൃശ്യങ്ങളിൽ നിന്നാണ് അമ്മ കുട്ടിയെ കെട്ടിയിടുന്ന ദൃശ്യങ്ങൾ പോലീസിന് ലഭിച്ചത്. കുട്ടിയെ രക്ഷിക്കാൻ മുത്തശ്ശി ശ്രമിച്ചെങ്കിലും സാധിച്ചില്ല. തുടർന്ന് കുട്ടിയുടെ പിതാവ് വിവരമറിഞ്ഞ് പോലീസിനെ അറിയിക്കുകയായിരുന്നു.

കുട്ടിയെ നോക്കുന്നതിൽ നിന്ന് തനിക്ക് ഒരു ‘ബ്രേക്ക്’ വേണമായിരുന്നു എന്നും, താൻ ചെയ്തത് തെറ്റാണെന്ന് അറിയാമെന്നും യഷിര പോലീസിനോട് സമ്മതിച്ചു. കുട്ടിയെ കെട്ടിയിട്ട ശേഷം ഇവർ വീട്ടിൽ പോയി ടിവി കണ്ട് വിശ്രമിക്കുകയായിരുന്നു.

നിലവിൽ കോടതി യഷിരയ്ക്ക് ജാമ്യം അനുവദിച്ചെങ്കിലും മകളുമായി യാതൊരു സമ്പർക്കവും പുലർത്തരുതെന്ന് കർശനമായി നിർദ്ദേശിച്ചിട്ടുണ്ട്. കുട്ടിയെ ഇപ്പോൾ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റിയിരിക്കുകയാണ്.

Share this story

Leave a Comment

Your comment will be visible after admin approval.