മണ്ഡലപുനർനിർണ്ണയവും വനിതാ സംവരണവും ഉൾപ്പെട്ട ഭരണഘടനാ ഭേദഗതി: കേന്ദ്ര സർക്കാരും പ്രതിപക്ഷ പാർട്ടികളും തമ്മിലുള്ള പോരാട്ടം മുറുകുന്നു

Global Indian Writer · July 16, 2026 · 1 min read · 0 Comments · 0 Shares

ന്യൂഡൽഹി: മണ്ഡലപുനർനിർണ്ണയവും വനിതാ സംവരണവും ഉൾപ്പെട്ട ഭരണഘടനാ ഭേദഗതി ബില്ലിനെച്ചൊല്ലി കേന്ദ്ര സർക്കാരും പ്രതിപക്ഷ പാർട്ടികളും തമ്മിലുള്ള രാഷ്ട്രീയ പോരാട്ടം മുറുകുന്നു. 2026 ഏപ്രിലിൽ ലോക്‌സഭയിൽ അവതരിപ്പിച്ച 131-ാം ഭരണഘടനാ ഭേദഗതി ബില്ലിന് രണ്ടിൽ മൂന്ന് ഭൂരിപക്ഷം ലഭിക്കാത്തതിനെത്തുടർന്ന് പരാജയപ്പെട്ടിരുന്നു. ലോക്‌സഭാ സീറ്റുകൾ 850 ആയി ഉയർത്താനും മണ്ഡലപുനർനിർണ്ണയത്തിന് ശേഷം വനിതാ സംവരണം നടപ്പിലാക്കാനുമായിരുന്നു ഈ ബില്ലിലൂടെ സർക്കാർ ലക്ഷ്യമിട്ടിരുന്നത്. എന്നാൽ നിലവിൽ നടക്കുന്ന രാഷ്ട്രീയ മാറ്റങ്ങൾ കാര്യങ്ങൾ കേന്ദ്രസർക്കാരിന് അനുകൂലമാകുന്നുവെന്ന സൂചനകളാണ് പുറത്തുവരുന്നത്.

പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിൽ ബിൽ വീണ്ടും അവതരിപ്പിക്കാനുള്ള നീക്കത്തിലാണ് കേന്ദ്രസർക്കാർ. ബില്ലിന്മേലുള്ള വോട്ടെടുപ്പ് വരാനിരിക്കെ പ്രതിപക്ഷ നിരയിൽ വലിയ തോതിലുള്ള രാഷ്ട്രീയ മാറ്റങ്ങളാണ് സംഭവിക്കുന്നത്. പശ്ചിമ ബംഗാളിലെ തൃണമൂൽ കോൺഗ്രസിൽ ഉണ്ടായ പിളർപ്പ് എൻ.ഡി.എയ്ക്ക് അനുകൂലമായേക്കും. തൃണമൂലിന്റെ 28 ലോക്‌സഭാ എം.പിമാരിൽ 20 പേരും എൻ.ഡി.എയെ പിന്തുണയ്ക്കാൻ തീരുമാനിച്ചതായാണ് റിപ്പോർട്ടുകൾ.

ഇതിന് പുറമെ എൻസിപി ശരദ് പവാർ വിഭാഗം ബില്ലിനെ പിന്തുണയ്ക്കാമെന്ന് പരോക്ഷമായി സമ്മതിച്ചതോടെ കാര്യങ്ങൾ കേന്ദ്രസർക്കാരിന് കൂടുതൽ എളുപ്പമായി. എല്ലാ സംസ്ഥാനങ്ങളിലും 50 ശതമാനം സീറ്റുകൾ വർദ്ധിപ്പിക്കുമെന്ന് സർക്കാർ എഴുതി നൽകിയാൽ ബില്ലിൽ ചർച്ചയ്ക്ക് തയ്യാറാണെന്നാണ് സുപ്രിയ സുലെ കഴിഞ്ഞദിവസം വെളിപ്പെടുത്തിയത്. കഴിഞ്ഞതവണ ബിൽ അവതരിപ്പിച്ച സമയത്ത് കേന്ദ്രസർക്കാർ ഇക്കാര്യം വാക്കാൽ പറഞ്ഞിരുന്നു. അവർ മുന്നോട്ടുവെക്കുന്ന ‘തുല്യമായ വിഭജനം’ എന്ന ഫോർമുല സർക്കാർ അംഗീകരിച്ചാൽ അത് എൻ.ഡി.എയ്ക്ക് അനുകൂലമായ വോട്ടുകൾ വർദ്ധിപ്പിക്കും. കശ്മീർ മുതൽ കന്യാകുമാരി വരെ എല്ലാ സംസ്ഥാനങ്ങളിലും 50 ശതമാനം സീറ്റുകൾ വർദ്ധിപ്പിക്കണമെന്നാണ് സുലെ ആവശ്യപ്പെട്ടിരിക്കുന്നത്. ഇത് അംഗീകരിക്കപ്പെട്ടാൽ ശരദ്പവാർ വിഭാഗം എംപിമാരുടെ പിന്തുണയും ബില്ലിന് ലഭിച്ചേക്കാം. അതേസമയം പ്രത്യക്ഷത്തിൽ എതിർപ്പ് പ്രകടിപ്പിച്ചിരിക്കുന്ന ഡിഎംകെയും നിലപാട് മയപ്പെടുത്തിയേക്കാമെന്നാണ് പുറത്തുവരുന്ന സൂചനകൾ.

മണ്ഡല പുനർനിർണയ ബില്ലും വനിതാ സംവരണവും നടപ്പിലാക്കണമെങ്കിൽ ഭരണഘടന ഭേദഗതി അനിവാര്യമാണ്. ബില്ലിൻമേൽ വോട്ടെടുപ്പ് നടക്കുമ്പോൾ സഭയിൽ ഹാജരുള്ള അംഗങ്ങളിൽ മൂന്നിൽ രണ്ട് ഭൂരിപക്ഷം ഉണ്ടെങ്കിൽ മാത്രമെ ബിൽ പാസാക്കാനാകു. എല്ലാ അംഗങ്ങളും ഹാജരായാൽ ലോക്സഭയിൽ കുറഞ്ഞത് 360 വോട്ടുകളും രാജ്യസഭയിൽ കുറഞ്ഞത് 164 വോട്ടുകളും വേണ്ടിവരും. ലോക്‌സഭയിൽ നിലവിൽ എൻ.ഡി.എയുടെ അടിസ്ഥാന അംഗബലം 293 ആണ്. എന്നാൽ, തൃണമൂൽ കോൺഗ്രസിൽ നിന്നുള്ള വിമതരും ഉദ്ധവ് വിഭാഗത്തിൽ നിന്ന് ഷിൻഡെ പക്ഷത്തേക്ക് മാറിയ എം.പിമാരും ശരദ് പവാർ വിഭാഗവും പിന്തുണയ്ക്കുന്നതോടെ ഈ സംഖ്യ 327 വരെ ഉയരാം. എങ്കിലും 360 എന്ന മാന്ത്രിക സംഖ്യയിലെത്താൻ എൻ.ഡി.എയ്ക്ക് പുറത്തുനിന്നുള്ള പിന്തുണ കൂടിയേ തീരൂ. ബി.ജെ.പിയുടെ കരുത്ത് വർദ്ധിച്ചതോടെ രാജ്യസഭയിൽ എൻ.ഡി.എ സഖ്യത്തിന് നിലവിൽ 155 ഓളം അംഗങ്ങളുടെ പിന്തുണയുണ്ട്. മൂന്നിൽ രണ്ട് ഭൂരിപക്ഷത്തിന് (164 വോട്ട്) വെറും 9 വോട്ടുകളുടെ മാത്രം കുറവാണ് ഇവിടെ സർക്കാരിനുള്ളത്. പ്രാദേശിക ചെറുകക്ഷികളുടെ സഹായത്തോടെ ബിൽ പാസാക്കുക രാജ്യസഭയിൽ എളുപ്പമാണ്. 

Share this story

Leave a Comment

Your comment will be visible after admin approval.