പി.പി ചെറിയാൻ
വാഷിംഗ്ടൺ: അമേരിക്കയിലെ വിവിധ സംസ്ഥാനങ്ങളിൽ പടർന്നുപിടിക്കുന്ന പാരസൈറ്റ് (പരാദ ജീവി) ബാധയെ അതീവ ഗൗരവത്തോടെ നിരീക്ഷിക്കുകയാണെന്ന് വൈറ്റ് ഹൗസ് വ്യക്തമാക്കി. ‘സൈക്ലോസ്പോറിയാസിസ്’ എന്ന ഈ രോഗബാധ ഇതിനകം നാനൂറിലധികം ആളുകളിലാണ് സ്ഥിരീകരിച്ചത്.
അണുബാധയ്ക്ക് കാരണമായ മലിനമായ ഭക്ഷ്യവസ്തു ഏതാണെന്ന് കണ്ടെത്താൻ സിഡിസി , എഫ്ഡിഎ എന്നീ ഏജൻസികൾ സംയുക്തമായി ശ്രമിച്ചുവരികയാണ്. ഇതിനായി ആവശ്യമായ എല്ലാ വിഭവങ്ങളും ഏജൻസികൾക്ക് നൽകുമെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കാരോലിൻ ലീവിറ്റ് അറിയിച്ചു.
മിഷിഗൺ, ഒഹായോ, കെന്റക്കി, വെസ്റ്റ് വിർജീനിയ എന്നീ സംസ്ഥാനങ്ങളിലാണ് നിലവിൽ രോഗബാധ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. പരിശോധന നടത്താത്തവർ നിരവധിയുള്ളതിനാൽ യഥാർത്ഥ രോഗബാധിതരുടെ എണ്ണം ഇതിലും കൂടുതലായിരിക്കാമെന്ന് സിഡിസി മുന്നറിയിപ്പ് നൽകുന്നു.
സാധാരണയായി ഇത്തരം രോഗബാധകൾ ഇലക്കറികൾ, പച്ചമരുന്നുകൾ, ബെറി പഴങ്ങൾ എന്നിവയിലൂടെയാണ് പടരാറുള്ളത്. മേയ് മാസത്തിന് ശേഷമാണ് രോഗബാധ വൻതോതിൽ വർദ്ധിച്ചത്.
കടുത്ത വയറിളക്കം, കഠിനമായ ക്ഷീണം, വിശപ്പില്ലായ്മ, വയറുവേദന എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ. ലക്ഷണങ്ങൾ കണ്ടാൽ ഉടൻ ചികിത്സ തേടണമെന്നും, പച്ചക്കറികളും പഴങ്ങളും ഉപയോഗിക്കുന്നതിന് മുൻപ് നന്നായി കഴുകി വൃത്തിയാക്കണമെന്നും ആരോഗ്യവകുപ്പ് നിർദ്ദേശിച്ചു.
Leave a Comment
Your comment will be visible after admin approval.