തിരുവനന്തപുരം: വഖബ് ബോര്‍ഡുമായി ബന്ധപ്പെട്ട് ഉയര്‍ന്നിരിക്കുന്നത് ഗൗരവമുള്ള വിഷയമെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്. വഖഫ് ബോര്‍ഡിന്റെ പ്രവര്‍ത്തനങ്ങളെയാകെ സ്തംഭിപ്പിക്കാന്‍ ഉതകുന്ന നിലപാടാണ് സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നതെന്ന് പിണറായി വിജയന് കുറ്റപ്പെടുത്തി. ഹൈക്കോടതിയില്‍ ഇതുമായി ബന്ധപ്പെട്ട് വന്ന കേസില്‍ ഹര്‍ജിക്കാര്‍ക്കൊപ്പം ചേര്‍ന്ന് ഒത്തുകളിക്കുകയാണ് സര്‍ക്കാര്‍ ചെയ്തത്. അതില്‍ ഹൈക്കോടതിയുടെ ഇടക്കാല വിധി വന്നു. അത് വലിയ തോതില്‍ ഞെട്ടിക്കുന്നതായിരുന്നുവെന്നും പിണറായി വിജയന് പറഞ്ഞു. വാര്‍ത്താസമ്മേളനത്തിലായിരുന്നു പ്രതിപക്ഷ നേതാവിന്റെ പ്രതികരണം.
2025ലാണ് കേന്ദ്രസര്‍ക്കാര്‍ വഖഫ് നിയമം പൊളിച്ച് സമഗ്രമായ ഭേദഗതി കൊണ്ടുവന്നത്. അത് സംഘപരിവാര്‍ അജണ്ട അനുസരിച്ച് ഉള്ളതായിരുന്നു. അതിന്റെ ഭാഗമായി വഖഫ് ബോര്‍ഡില്‍ അമുസ്ലിങ്ങളെ തിരികെ കയറ്റാനുള്ള നടപടി ഉണ്ടായി. കേന്ദ്രം നിയമം പാസാക്കിയെങ്കിലും ബിജെപി ഇതര സംസ്ഥാനങ്ങള്‍ അതിനെതിരെ ശക്തമായ വിയോജിപ്പ് രേഖപ്പെടുത്തി. ബോര്‍ഡില്‍ അമുസ്ലിങ്ങളെ ഉള്‍പ്പെടുത്തിയത് ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങള്‍ മാത്രമായിരുന്നു. ആ വഴിക്കാണ് കേരള സര്‍ക്കാര്‍ ഇപ്പോള്‍ നീങ്ങുന്നത്. അത് ദൗര്‍ഭാഗ്യകരമാണ്. മതങ്ങളുടെ ബോര്‍ഡുകളില്‍ അതാത് വിഭാഗങ്ങളില്‍പ്പെട്ടവര്‍ തുടരുന്നതാണ് ഇതുവരെയുള്ള രീതി. ഒരു മതത്തിന്റെ വിഷയങ്ങളില്‍ മറ്റ് മതങ്ങള്‍ കൈകടത്തുന്നത് ശരിയായ നിലപാടല്ലെന്നും പിണറായി വിജയന് പറഞ്ഞു.
Leave a Comment
Your comment will be visible after admin approval.