മാഡ്രിഡ്: യൂറോപ്യൻ രാജ്യങ്ങളായ ഫ്രാൻസിലും സ്പെയിനിലും കാട്ടുതീ അതിരൂക്ഷമായി പടരുന്നു. സ്ഥിതി ഗുരുതരമായതിനെ തുടർന്ന് സ്പെയിൻ ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. വിവിധ മേഖലകളിൽ നിന്നായി മൂന്ന് ലക്ഷത്തോളം ജനങ്ങളെയാണ് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിപ്പാർപ്പിച്ചത്. തുടർച്ചയായി അനുഭവപ്പെടുന്ന കടുത്ത ഉഷ്ണതരംഗവും ശക്തമായ വരണ്ട കാറ്റുമാണ് കാട്ടുതീ അതിവേഗം പടരാൻ പ്രധാന കാരണമെന്ന് അധികൃതർ അറിയിച്ചു.
സ്പെയിനിലെ സ്ഥിതിയാണ് ഏറെ ആശങ്കാജനകം. തലസ്ഥാനമായ മാഡ്രിഡിന് സമീപവും അവില പ്രവിശ്യയിലും പടർന്നുപിടിച്ച രണ്ട് വൻ കാട്ടുതീ പിന്നീട് ഒന്നായി മാറുകയായിരുന്നു. ഇത് പ്രദേശത്ത് വലിയ തോതിലുള്ള നാശനഷ്ടങ്ങൾക്ക് കാരണമായി. ആയിരക്കണക്കിന് ഏക്കർ ഭൂമിയാണ് ഇതിനോടകം ചാമ്പലായത്. അഗ്നിശമന സേനാംഗങ്ങൾ തീ അണയ്ക്കാൻ കഠിന പരിശ്രമം തുടരുന്നുണ്ടെങ്കിലും കടുത്ത ചൂടും കാറ്റും രക്ഷാപ്രവർത്തനത്തിന് വലിയ തടസ്സമാകുന്നുണ്ട്.
സമീപകാല ചരിത്രത്തിൽ എന്നത്തേക്കാളും വലിയ കാലാവസ്ഥാ വ്യതിയാന പ്രതിസന്ധിയാണ് യൂറോപ്യൻ രാജ്യങ്ങൾ ഇപ്പോൾ നേരിടുന്നത്. തുടർച്ചയായ ഉഷ്ണതരംഗങ്ങൾ കാരണം കാട്ടുതീ പടരാനുള്ള സാധ്യത മുൻകൂട്ടി കണ്ടിരുന്നെങ്കിലും, കാറ്റിന്റെ ഗതി പെട്ടെന്ന് മാറിയത് സ്ഥിതി കൂടുതൽ വഷളാക്കുകയായിരുന്നു. വീടുകളും പൊതുസ്വത്തുക്കളും നശിച്ചതോടെ ലക്ഷക്കണക്കിന് ആളുകളാണ് പെരുവഴിയിലായത്. ദുരന്തബാധിത പ്രദേശങ്ങളിൽ രക്ഷാപ്രവർത്തനവും പുനരധിവാസ പ്രവർത്തനങ്ങളും യുദ്ധകാലാടിസ്ഥാനത്തിൽ പുരോഗമിക്കുകയാണ്. വരും ദിവസങ്ങളിലും കാലാവസ്ഥ അനുകൂലമായില്ലെങ്കിൽ പ്രതിസന്ധി കൂടുതൽ രൂക്ഷമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
Leave a Comment
Your comment will be visible after admin approval.