യുദ്ധഭീകരതയിലും, ലെബനനിൽ പ്രത്യാശയുടെ സുവിശേഷവുമായി യുവജന സംഗമം

Global Indian Writer · July 28, 2026 · 1 min read · 0 Comments · 0 Shares

ഫാ. ജിനു തെക്കേത്തലക്കൽ

വത്തിക്കാൻ സിറ്റി: വലിയ വെല്ലുവിളികളിലൂടെ കടന്നുപോകുമ്പോഴും, വിശ്വാസത്തിന്റെയും തുറന്ന മനസ്സിന്റെയും സംഗമഭൂമി എന്ന തന്റെ ചരിത്രപരമായ ദൗത്യം ലെബനൻ വീണ്ടും ഏറ്റെടുക്കുകയാണ്. “ക്രിസ്തുവിൽ ഏകഹൃദയം”എന്ന പ്രമേയത്തിൽ നടക്കുന്ന ലോക അർമേനിയൻ കത്തോലിക്കാ യുവജന സംഗമത്തിന് 2026-ൽ ലെബനൻ വേദിയാകും.

2026 ജൂലൈ 29 മുതൽ ഓഗസ്റ്റ് 3 വരെ ലെബനനിലെ അൻജാർ നഗരത്തിലും ബ്സോമ്മർ ഔവർ ലേഡി ആശ്രമത്തിലുമായാണ് ഈ വിപുലമായ സംഗമം നടക്കുക. ലെബനനിലെ അർമേനിയൻ കത്തോലിക്കാ യുവജന സംഘടന സംഘടിപ്പിക്കുന്ന ഈ പരിപാടിയിൽ ആറിലധികം രാജ്യങ്ങളിൽ നിന്നായി 250-ഓളം യുവജനങ്ങൾ പങ്കെടുക്കും.

പ്രാർത്ഥനകൾ, ആരാധനാക്രമ ആഘോഷങ്ങൾ, വിചിന്തനങ്ങൾ, ശില്പശാലകൾ, സേവന പ്രവർത്തനങ്ങൾ എന്നിവ കോർത്തിണക്കിയ വിപുലമായ പരിപാടികളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. അർമേനിയൻ പൈതൃകത്തിന്റെ സമ്പന്നത വിളിച്ചോതുന്ന സാംസ്കാരിക പരിപാടികളും ഇതിന്റെ ഭാഗമായിരിക്കും.

സംഗമത്തിന്റെ ഭാഗമായി ചരിത്രപ്രധാനമായ സ്ഥലങ്ങളിലേക്ക് തീർത്ഥാടനം നടത്തും. ഹരീസയിലെ ഔവർ ലേഡി ഓഫ് ലെബനൻ തീർത്ഥാടന കേന്ദ്രം, വിശുദ്ധ ഷാർബെലിന്റെ അന്നായയിലെ ആശ്രമം, ബ്സോമ്മർ ആശ്രമം എന്നിവിടങ്ങളിൽ യുവാക്കൾ സന്ദർശനം നടത്തും. വിശുദ്ധനായി പ്രഖ്യാപിക്കപ്പെട്ടതിന്റെ ഒന്നാം വാർഷിക വേളയിൽ, വിശുദ്ധ ഇഗ്നേഷ്യസ് മലോയൻ പഠിക്കുകയും ജീവിക്കുകയും ചെയ്ത മണ്ണിലൂടെയുള്ള യാത്ര അദ്ദേഹത്തിന്റെ വിശ്വാസ സാക്ഷ്യത്തെ അടുത്തറിയാൻ യുവജനങ്ങളെ സഹായിക്കും. കൂടാതെ, ലോക പൈതൃക നഗരമായ ബൈബ്ലോസും (Byblos) യുവജനങ്ങൾ സന്ദർശിക്കും.

ഓഗസ്റ്റ് 2-ന് ബ്സോമ്മർ ആശ്രമത്തിൽ നടക്കുന്ന സമാപന ദിവ്യബലിക്ക് അർമേനിയൻ കത്തോലിക്കാ സഭയുടെ കാതോലിക്കോസ് പാത്രിയർക്കീസ് റാഫേൽ ബെദ്രോസ് ഇരുപത്തിയൊന്നാമൻ മിനാസിയൻ മുഖ്യകാർമ്മികത്വം വഹിക്കും. പ്രമുഖ മത-സാമൂഹിക നേതാക്കളും ചടങ്ങിൽ സംബന്ധിക്കും.

Share this story

Leave a Comment

Your comment will be visible after admin approval.